News - 2024

വിശുദ്ധവാരത്തിന് ക്രൈസ്തവ ലോകം ഒരുങ്ങി: വത്തിക്കാനിലെ ശുശ്രൂഷകള്‍ ഇത്തവണയും പൊതുജന പങ്കാളിത്തമില്ലാതെ

പ്രവാചക ശബ്ദം 27-03-2021 - Saturday

വലിയ നോമ്പിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നായ ഓശാന ഞായറിലേക്ക് ക്രൈസ്തവ ലോകം നാളെ പ്രവേശിക്കുന്നതോടെ വിശുദ്ധവാരത്തിനു ആരംഭമാകും. കോവിഡ് 19 മഹാമാരിയുടെ വർദ്ധിച്ച വ്യാപനവും ഇറ്റലിയിലെ ലോക്ക് ഡൌണും കണക്കിലെടുത്തും വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങൾ ഇത്തവണയും നടക്കുക പൊതുജന പങ്കാളിത്തമില്ലാതെയായിരിക്കും. പ്രാതിനിധ്യ സ്വഭാവമുള്ള എണ്ണപ്പെട്ട ചെറിയ കൂട്ടായ്മയുടെ സാന്നിദ്ധ്യത്തിലായിരിക്കും പാപ്പ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുക. എന്നാല്‍ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ വത്തിക്കാൻ മാധ്യമങ്ങൾ തത്സമയം വിശ്വാസികളിലേക്ക് എത്തിക്കും. നാളെ മാർച്ച് 28 പ്രാദേശികസമയം രാവിലെ 10.30-ന് ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ പാപ്പ ഓശാന ഞായർ തിരുക്കർമ്മങ്ങള്‍ക്കും ദിവ്യബലിയ്ക്കും മുഖ്യകാര്‍മ്മികത്വം വഹിക്കും.

പെസഹാവ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിൽ ഉച്ചതിരിഞ്ഞ് 1.30ന് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ തൈലാഭിഷേക ശുശ്രൂഷ നടക്കും. വൈകുന്നേരം പ്രാദേശിക സമയം ആറിന് ഇന്ത്യയിലെ സമയം രാത്രി 9.30ന് തിരുവത്താഴ ശുശ്രൂഷയ്ക്ക് കർദ്ദിനാൾ സംഘത്തലവൻ ബത്തീസ്ത റേ മുഖ്യകാർമ്മികത്വം വഹിക്കും. ദുഃഖ വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക്, ഇന്ത്യയിൽ രാത്രി 9.30ന് കുരിശാരാധന, പീഢാനുഭവ പാരായണം, ദിവ്യകാരുണ്യസ്വീകരണം എന്നിവ മാര്‍പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും. കുരിശിന്‍റെവഴി പ്രാദേശിക സമയം രാത്രി 9 മണിക്ക്, ഇന്ത്യന്‍ സമയം (ശനിയാഴ്ച പുലര്‍ച്ചെ 12.30-ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ. റോമിലെ കുട്ടികളും യുവജനങ്ങളും ചേർന്ന് ഒരുക്കിയ ചിത്രങ്ങളാണ് കുരിശിന്‍റെവഴിയുടെ ഓരോ സ്ഥലങ്ങളിലും ക്രമീകരിക്കുന്നത്.

വലിയ ശനിയാഴ്ച, പ്രാദേശിക സമയം രാത്രി 7.30-ന് ഇന്ത്യയിൽ രാത്രി 11 മണിക്ക് ഫ്രാൻസിസ് പാപ്പാ മുഖ്യകാർമ്മികത്വം വഹിക്കുന്ന പെസഹാ ജാഗരാനുഷ്ഠാനവും ദിവ്യപൂജയും നടക്കും. തിരുക്കർമ്മങ്ങൾ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ ഭദ്രാസനത്തിന്‍റെ അൾത്താരയിലായിരിക്കും. ഈസ്റ്റർ ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 1.30-ന്

പാപ്പായുടെ മുഖ്യകാർമ്മകത്വത്തിൽ ദിവ്യബലി നടക്കും. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലാണ് ഉയിര്‍പ്പു തിരുനാള്‍ കുര്‍ബാന നടക്കുക. ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യയിൽ വൈകുന്നേരം 3.30ന്) റോമ നഗരത്തിനും ലോകത്തിനുമുള്ള “ഊർബി ഏത് ഓർബി” സന്ദേശവും ആശീര്‍വ്വാദവും നല്‍കും.

More Archives >>

Page 1 of 636