Arts

ശ്രവണ വൈകല്യമുള്ളവര്‍ക്ക് പാപ്പയുടെ സന്ദേശം എത്തിക്കുവാന്‍ പുതിയ ദൗത്യവുമായി വത്തിക്കാന്‍

പ്രവാചക ശബ്ദം 10-04-2021 - Saturday

റോം: ശ്രവണ വൈകല്യമുള്ള ആളുകളിലേക്ക്‌ മാർപാപ്പയുടെ സന്ദേശങ്ങൾ എത്തിക്കുക എന്ന ലക്ഷ്യവുമായി വത്തിക്കാൻ മീഡിയ ആംഗ്യഭാഷ സേവനം യൂട്യൂബ് അക്കൗണ്ട് വഴി ആരംഭിച്ചു. 'ആരെയും ഒഴിവാക്കിയിട്ടില്ല' എന്ന പേര് നല്കിയിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ബധിതരായ വിശ്വാസികൾക്കുവേണ്ടി തുടങ്ങിയ ഈ സേവനം കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ മാർപാപ്പയുടെ ഉർബി ഏറ്റ് ഓർബി സന്ദേശത്തോടെയാണ് ഔദ്യോഗികമായി ആരംഭിച്ചത്. പാപ്പയുടെ സന്ദേശങ്ങള്‍, ശുശ്രൂഷകള്‍ ആംഗ്യഭാഷയോടെ അവതരിപ്പിക്കുകയാണ് വത്തിക്കാന്‍ മീഡിയ. പദ്ധതിയുടെ ഭാഗമായി രണ്ടു ആംഗ്യഭാഷ ചാനലുകളാണ് വത്തിക്കാന്റെ യൂട്യൂബ് അക്കൊണ്ടിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇറ്റാലിയൻ, ഇംഗ്ലീഷ് ഭാഷയിലേക്കുള്ള ആംഗ്യഭാഷ വിവര്‍ത്തനമാണ് അവ.

വത്തിക്കാന്റെ വിവിധ മാധ്യമങ്ങൾ പുറത്തിറക്കുന്ന വാർത്തകളും മറ്റും ലഭിക്കത്തക്ക വിധം കാഴ്ചയ്ക്കും, സംസാരവിനിമയത്തിനും ബുദ്ധിമുട്ടുള്ളവർക്ക്‌ വേണ്ടി മൊബൈൽ ആപ്പ് തുടർന്നുള്ള ആഴ്ചകളിൽ പുറത്തിറക്കാൻ കഴിയുമെന്ന് വത്തിക്കാൻ സൂചന നല്‍കിയിട്ടുണ്ട്. ഇറ്റാലിയൻ ബിഷപ്പ്സ് കോണ്‍ഫറന്‍സിന് കീഴില്‍ വൈകല്യമുള്ളവർക്കായി നടത്തുന്ന സ്ഥാപനത്തിന്റെ മേധാവി സിസ്റ്റർ വെറോണിക്ക ഡോണറ്റെല്ലോയാണ് ആംഗ്യഭാഷ വിവർത്തനത്തിനു നേതൃത്വം നൽകുന്നത്. കാലഘട്ടത്തിൽ നിരവധി കഠിന പരീക്ഷണങ്ങൾക്കു വിധേയരാകുന്ന ദുർബലരായ ജനവിഭാഗങ്ങളോടുള്ള സ്നേഹത്തിന്റെയും, പ്രതികരണത്തിന്റെയും അടയാളമായിട്ടാണ്, വൈകല്യമുള്ളവർക്കായുള്ള ഈ സേവനത്തെ കാണുന്നതെന്ന് സിസ്റ്റർ വെറോണിക്ക ഇറ്റാലിയൻ വാർത്ത ഏജൻസിയോട് പറഞ്ഞു.

സന്മനസ്സുള്ള നിരവധി ആളുകളുടെ സമയവും, കഴിവും നല്കിയതുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞതെന്ന് സിസ്റ്റർ കൂട്ടിച്ചേർത്തു. വൈകല്യമുള്ളവരുടെ അന്താരാഷ്ട്രദിനത്തിൽ ഫ്രാന്‍സിസ് പാപ്പ നൽകിയ സന്ദേശത്തിനോടുള്ള പ്രതികരണമായാണ് ഈ പദ്ധതിയെ നിരീക്ഷിക്കുന്നത്. ഈ മഹാമാരിക്കിടയിൽ വിശ്വാസം എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ആവശ്യകതയും, അതിനു വേണ്ടി നടപ്പിലാക്കേണ്ട വിവിധ സാങ്കേതികവിദ്യകളുടെ ആവശ്യവും പരിശുദ്ധപിതാവ് തന്റെ സന്ദേശത്തിൽ ഊന്നി പറഞ്ഞിരുന്നു. എങ്ങനെ വൈകല്യമുള്ള ആളുകളെ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളികളാക്കാമെന്ന വിഷയം വളരെ നാളുകളായി ചർച്ച ചെയ്യപ്പെടുന്ന ഒന്നായിരുന്നു.

സഭയുടെ വിവിധകൂദാശകൾ ദൈവത്തിന്റെ ദാനമാണെന്നും അത് വൈകല്യമുള്ളവർക്കു നിഷേധിക്കാൻ അനുവാദമില്ലെന്നു സഭയുടെ പുതുക്കിയ മാർഗനിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടിയിരിന്നു. പുതിയ പദ്ധതി വഴി സഭയുടെ എല്ലാ സേവനങ്ങളും അവർക്കു ലഭ്യമാക്കണമെന്നും അത് വഴി അവരുടെ വിശ്വാസം കൂടുതൽ ആഴത്തിലുള്ളതാക്കാൻ സഹായകരമാകുമെന്നും അവരെ സ്വാഗതം ചെയ്യുന്ന തരത്തിലുള്ള വേദപാഠ പഠന പദ്ധതികള്‍ നടപ്പിലാക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തിരിന്നു. സമീപകാലത്തു സംസാര ശ്രാവണ വൈകല്യമുള്ളവര്‍ക്കായി വിവിധ പദ്ധതികള്‍ സഭ രൂപീകരിച്ചുവരുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 27