News - 2025

പുതിയ ഭരണഘടനയില്‍ ക്രൈസ്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് കുര്‍ദ്ദിഷ് പ്രസിഡന്റ് ബര്‍സാനി

പ്രവാചക ശബ്ദം 11-05-2021 - Tuesday

ഇര്‍ബില്‍: വടക്കന്‍ ഇറാഖിലെ സ്വയംഭരണാധികാരമുള്ള കുര്‍ദ്ദിസ്ഥാന്‍ മേഖലയുടെ പുതിയ ഭരണഘടനയില്‍ ക്രൈസ്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് കുര്‍ദ്ദിസ്ഥാന്‍ മേഖലാ പ്രസിഡന്റ് നെച്ചിര്‍വാന്‍ ബര്‍സാനിയുടെ വാഗ്ദാനം. ഇറാഖിലെ വത്തിക്കാന്‍ അംബാസിഡര്‍ ആര്‍ച്ച് ബിഷപ്പ് മിറ്റ്ജാ ലെസ്കോവറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രഖ്യാപനം. മേഖലയുടെ പുരോഗതിക്കായി ക്രൈസ്തവര്‍ നല്‍കിയ സംഭാവനകള്‍ പരാമര്‍ശിച്ചുകൊണ്ട് പുതിയ ഭരണഘടനയില്‍ ക്രൈസ്തവരുടെയും ഇതര വിഭാഗങ്ങളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ബര്‍സാനി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ക്രൈസ്തവര്‍ കുര്‍ദ്ദിസ്ഥാന്‍ മേഖലയുടെ അവിഭാജ്യ ഘടകമാണെന്നും, മേഖലയുടെ സേവന, നിര്‍മ്മാണ രംഗങ്ങളിലും, പുരോഗതിയിലും, സഹവര്‍ത്തിത്വത്തിലൂന്നിയ സംസ്കാരത്തിന്റെ രൂപീകരണത്തിലും ക്രൈസ്തവര്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്.

കുര്‍ദ്ദിസ്ഥാന്‍ മേഖലയുടെ പുതിയ ഭരണഘടനയുടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അംഗീകരിക്കപ്പെട്ട നിയമങ്ങളുടേയും വ്യവസ്ഥകളുടേയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മേഖലയുടെ ഭരണം നടത്തിവരുന്നത്. 2019-ല്‍ ആരംഭിച്ച പുതിയ ഭരണഘടനാ നിര്‍മ്മാണം പിന്നീട് തടസ്സപ്പെട്ടുവെങ്കിലും ഏപ്രില്‍ ആരംഭത്തില്‍ പുനഃരാരംഭിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ ചരിത്രപരമായ ഇറാഖ് സന്ദര്‍ശനത്തിന് ശേഷമാണ് പ്രസിഡന്റ് ബര്‍സാനി വത്തിക്കാന്‍ അംബാസിഡര്‍ ലെസ്കോവറുമായി കൂടിക്കാഴ്ച നടത്തിയതെന്നത് ശ്രദ്ധേയമാണ്. ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശകാലത്ത് ഭവനരഹിതരായ ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയതിന് വത്തിക്കാന്‍ കുര്‍ദ്ദിസ്ഥാന് നന്ദി അറിയിച്ചു.

ഇറാഖില്‍ അവശേഷിക്കുന്ന ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും വടക്കന്‍ ഇറാഖിലെ നിനവേയിലാണ് താമസിക്കുന്നത്. ഇവരുടെ അവകാശങ്ങള്‍ ഭരണഘടനയിലൂടെ സംരക്ഷിക്കപ്പെടുക എന്നത് പലായനം ചെയ്ത ക്രൈസ്തവര്‍ക്ക് മേഖലയിലേക്ക് തിരികെ വരുന്നതിനു പ്രോത്സാഹനമേകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിനിടയില്‍ കുര്‍ദ്ദിസ്ഥാന്‍ തലസ്ഥാനമായ ഇര്‍ബിലിലെ ഫ്രാന്‍സോ ഹരീരി സ്റ്റേഡിയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയിലും പൊതു സമ്മേളനത്തിലും പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. നിലവില്‍ ഒരുലക്ഷത്തി ഇരുപതിനായിരത്തോളം ക്രൈസ്തവര്‍ കുര്‍ദ്ദിസ്ഥാനില്‍ ഉണ്ടെന്നാണ് കണക്ക്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »