News - 2025

വനിതാ പൗരോഹിത്യം വീണ്ടും തള്ളി, ലൈംഗീക പീഡന വിഷയങ്ങളിൽ കര്‍ശന ശിക്ഷാനടപടി: കാനോൻ നിയമം നവീകരിച്ചു

പ്രവാചക ശബ്ദം 02-06-2021 - Wednesday

വത്തിക്കാന്‍ സിറ്റി: ലൈംഗീക പീഡനം, വനിതാ പൗരോഹിത്യം തുടങ്ങിയ വിഷയങ്ങളിൽ നടപടി കർക്കശമാക്കാനുളള ഭേദഗതികൾ ഉൾപ്പെടുത്തി നവീകരിച്ച കാനോൻ നിയമം പ്രസിദ്ധീകരിച്ചു. പ​​​​ഷീ​​​​ത്തെ ഗ്രേ​​​​ഗെം ദേ​​​​യി​ എന്ന പേരിൽ ഇറക്കിയിരിക്കുന്ന അപ്പസ്തോലിക പ്രമാണ രേഖയിലൂടെയാണ് പുതിയ മാറ്റങ്ങൾ പാപ്പ കൊണ്ടുവന്നിരിക്കുന്നത്. 1983ന് ശേഷം ഇതാദ്യമായാണ് വിവിധ ശിക്ഷാനടപടികളെ സംബന്ധിച്ചുള്ള കാനോൻ നിയമങ്ങളിൽ വത്തിക്കാൻ ഭേദഗതി വരുത്തുന്നത്. 1983ലെ കാനോൻ നിയമത്തിൽ മാമോദിസ സ്വീകരിച്ച പുരുഷനു മാത്രമേ പൗരോഹിത്യത്തിന് അവകാശമുള്ളൂവെന്ന പ്രബോധനം ഉണ്ടായിരുന്നു. പുതിയ കാനോൻ നിയമ പ്രകാരം വനിതകൾ പൗരോഹിത്യം സ്വീകരിച്ചാൽ, അത് നൽകുന്ന വ്യക്തിയും, സ്വീകരിക്കുന്ന വ്യക്തിയും സഭയിൽ നിന്ന് പുറത്താകും. പുതിയ ഭേദഗതികൾ ഡിസംബർ എട്ടാം തീയതിയാണ് പ്രാബല്യത്തിൽ വരുന്നത്.

ഭേദഗതികൾ കൊണ്ടുവരാനുള്ള ശ്രമം 2009ൽ ആരംഭിച്ചിരുന്നു. സാമ്പത്തിക തിരിമറികൾ പ്രതിരോധിക്കാൻ എടുക്കേണ്ട നടപടികളും പുതിയ ഭേദഗതിയുടെ ഭാഗമാണ്. പ്രായപൂർത്തിയാകാത്തവർക്കെതിരെ നടത്തുന്ന ലൈംഗിക അതിക്രമങ്ങൾ 'ജീവനും, മാന്യതയ്ക്കും, മനുഷ്യ സ്വാതന്ത്ര്യത്തിനും' എതിരെയുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രായപൂർത്തിയായവർക്കെതിരെ നടത്തുന്ന ലൈംഗിക അതിക്രമങ്ങൾക്കും കടുത്ത ശിക്ഷ തന്നെ ലഭിക്കും. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരോടു കരുണ കാണിക്കുന്നതോടൊപ്പം അവരെ തിരുത്തുകയും വേണമെന്നു മാര്‍പാപ്പ പ്രമാണരേഖയില്‍ പ്രസ്താവിച്ചു. കരുണയും നീതിയും തമ്മിലുള്ള ബന്ധം കൃത്യമായി വ്യാഖ്യാനിക്കുന്‌പോള്‍ ശിക്ഷകള്‍ക്കും അര്‍ഹിക്കുന്ന സ്ഥാനം നല്കണം. ഉപദേശംകൊണ്ടുമാത്രം കുറ്റകരമായ സ്വഭാവരീതികള്‍ തിരുത്തപ്പെടുകയില്ലായെന്ന് മാര്‍പാപ്പ പറഞ്ഞു.

നിയമം എന്താണ് എന്നത് സംബന്ധിച്ച് വ്യാഖ്യാനം നടത്തുന്നതിൽ ഒരു വ്യക്തതക്കുറവ് ഉണ്ടായിരുന്നുവെന്നും, കരുണയ്ക്കു പ്രാധാന്യം നൽകുന്ന ഒരു സാഹചര്യമാണ് നിലനിന്നിരുന്നതെന്നും വത്തിക്കാനിൽവെച്ച് പുതിയ ഭരണഘടന ഭേദഗതി മാധ്യമങ്ങൾക്ക് കൈമാറുന്ന ചടങ്ങിൽ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റിന്റെ അധ്യക്ഷൻ ആർച്ചുബിഷപ്പ് ഫിലിപ്പോ ലനോൻ പറഞ്ഞു. ലൈംഗീക പീഡനം നടത്തുന്ന അൽമായര്‍ക്കെതിരെയും പുതിയ ഭേദഗതിയില്‍ നിയമ നടപടിക്ക് ശുപാര്‍ശയുണ്ട്. വൈദികരുടെ കാര്യത്തിൽ പട്ടം തിരിച്ചെടുക്കാൻ പോലുമുള്ള നിർദ്ദേശങ്ങൾ ഭേദഗതിയിലുണ്ട്. വാഷിംഗ്ടൺ മുൻ കർദ്ദിനാൾ തിയോഡർ മക്കാരിക്ക് സെമിനാരി വിദ്യാർത്ഥികൾക്കെതിരെ ഉൾപ്പെടെ നടത്തിയ ലൈംഗിക പീഡനങ്ങളുടെ റിപ്പോർട്ട് കഴിഞ്ഞവർഷമാണ് പുറത്തുവന്നത്. ഇതിനെ തുടർന്നാണ് പുതിയ ഭേദഗതി ഊർജിതമായി നടപ്പിലാക്കാനുള്ള നടപടി മാർപാപ്പ സ്വീകരിച്ചതന്ന് കരുതപ്പെടുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 659