News - 2024
കത്തോലിക്ക സഭയുമായി അനുരഞ്ജന ആഹ്വാനവുമായി ഫിലിപ്പിനെ ഇന്‍ഡിപ്പെന്‍ഡന്‍റ് സഭ
പ്രവാചകശബ്ദം 04-08-2021 - Wednesday
മനില: 1902-ല്‍ കത്തോലിക്ക സഭയില്‍ നിന്നും വിട്ടുമാറി സ്വന്തം വഴിയിലൂടെ സഞ്ചരിക്കുന്ന ‘അഗ്ലിപ്പായന്‍ സഭ’ എന്നറിയപ്പെടുന്ന ഫിലിപ്പിനെ ഇന്‍ഡിപ്പെന്‍ഡന്‍റ് സഭയും (ഐ.എഫ്.ഐ), കത്തോലിക്ക സഭയും തമ്മിലുള്ള ബന്ധത്തിലെ തകര്‍ച്ചകള്‍ പരിഹരിച്ച് അനുരജ്ഞനത്തിന്റെ പാതയില്‍ ഒരുമിച്ച് മുന്നേറുവാന്‍ ശ്രമിക്കുമെന്ന പ്രതിജ്ഞയുമായി ഇരുസഭകളുടേയും സംയുക്ത പ്രസ്താവന. മാനസാന്തരത്തിന്റേയും ക്ഷമയുടേയും ആത്മാവില്‍ അനുരജ്ഞനത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ തുടരുമെന്നാണ് “വിശ്വാസമെന്ന ദൈവീക ദാനത്തിന്റെ ആഘോഷം: കഴിഞ്ഞകാലത്തു നിന്നും പാഠങ്ങള്‍ ഉള്‍കൊണ്ട് ഒരുമിച്ചുള്ള യാത്ര” എന്ന പേരില്‍ പുറത്തുവിട്ടിരിക്കുന്ന ചരിത്രപരമായ രേഖയില്‍ പറയുന്നത്.
‘ഐ.എഫ്.ഐ’യുടെ നൂറ്റിപത്തൊന്‍പതാമത് വാര്‍ഷിക പ്രഖ്യാപനത്തോടനുബന്ധിച്ച് മനിലയിലെ ഐ.എഫ്.ഐ നാഷണല്‍ കത്തീഡ്രലില്‍വെച്ച് നടന്ന തിരുകര്‍മ്മങ്ങള്‍ക്കിടയിലാണ് ഇതുസംബന്ധിച്ച ധാരണ ഉടമ്പടി പുറത്തുവിട്ടത്. സുപ്രീം മെത്രാന്‍ റീ തിംബാങ്ങിന്റെ നേതൃത്വത്തിലുള്ള അഗ്ലിപ്പായന്‍ നേതാക്കളും, ഫിലിപ്പീന്‍സ് മെത്രാന്‍ സമിതിയെ പ്രതിനിധീകരിച്ച് കാലൂകാനിലെ മുന്‍ മെത്രാന്‍ ഡിയോഗ്രാഷ്യാസ് ഇനിഗൂയെസ്, ദേശീയ മെത്രാന്‍ സമിതി ജനറല്‍ സെക്രട്ടറി മോണ്‍. ബെര്‍ണാര്‍ഡോ പാന്റിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സ്പാനിഷ് ഭരണാധികാരികളുടെ മേല്‍ക്കോയ്മയെ തുടര്‍ന്നാണ് ഐ.എഫ്.ഐ കത്തോലിക്കാ സഭയുമായുള്ള ബന്ധം വിച്ചേദിച്ചത്. തങ്ങള്‍ കത്തോലിക്കാ സഭയ്ക്കെതിരല്ലെന്നും സ്പാനിഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ സ്പാനിഷ് മെത്രാന്‍മാരുടേയും, പുരോഹിതരുടേയും മേല്‍ക്കോയ്മയോട് മാത്രമായിരുന്നു തങ്ങളുടെ എതിര്‍പ്പെന്നും അഗ്ലിപ്പായ സഭാ സ്ഥാപകര്‍ ആരോപിക്കുന്നുണ്ട്.
സ്പാനിഷ് കോളനിവത്കരണത്തിനെതിരെ 1896 മുതല്‍ 1898 വരെയുള്ള ഫിലിപ്പൈന്‍ വിപ്ലവകാലത്തുണ്ടായ അഗ്ലിപ്പായ പ്രസ്ഥാനത്തിന്റെ ആരംഭത്തെക്കുറിച്ചും, അംഗീകാരത്തിന് വേണ്ടിയുള്ള ഫിലിപ്പീനോ വൈദികരുടെ ആദ്യകാല പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് അഗ്ലിപ്പായ സഭയെന്നും പ്രസ്താവനയില്‍ സഭ ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ സംഭവിച്ച മുറിവുകള്‍ക്ക് പരസ്പരം ക്ഷമചോദിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും, സഭാംഗങ്ങളുടെ ഓർമ്മകളുടെ സൗഖ്യത്തിനും, ശുദ്ധീകരണത്തിനും വേണ്ടി പരിശ്രമിക്കുവാനും ഇരു സഭാ നേതാക്കളും സംയുക്ത പ്രസ്താവനയിലൂടെ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക