News

മഹാമാരിക്കെതിരെ സി‌സി‌ബി‌ഐ ആഹ്വാനം ചെയ്ത പ്രാർത്ഥനാ ദിനാചരണം ഇന്ന്‌: രാത്രി 8.30 മുതൽ 9.30വരെ ഭാരതത്തിലെ സുപ്രധാന തീർത്ഥാടന കേന്ദ്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

പ്രവാചകശബ്ദം 07-08-2021 - Saturday

മുംബൈ: കോവിഡ് മഹാമാരിക്കെതിരെ ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (സി‌സി‌ബി‌ഐ) ആഹ്വാനം ചെയ്ത പ്രാർത്ഥനാ ദിനാചരണം ഇന്ന്‍ (ഓഗസ്റ്റ് 07) നടക്കും. രാത്രി 8.30 മുതൽ 9.30വരെ ഭാരതത്തിലെ സുപ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലായി പ്രത്യേക തിരുകര്‍മ്മങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. വിശുദ്ധ തോമാശ്ലീഹ, വിശുദ്ധ ഫ്രാൻസിസ് സേവ്യർ, കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസ എന്നിവരുടെ കബറിടങ്ങളിലും മുംബൈയിലെ ഔവർ ലേഡി ഓഫ് മൗണ്ട് ബസിലിക്ക, മീററ്റിലെ ഔവർ ലേഡി ഓഫ് ഗ്രേസസ് ബസിലിക്ക, ഹൈദരാബാദിലെ ഔവർ ലേഡി ഓഫ് അസംപ്ഷൻ ബസിലിക്ക, ബംഗളൂരുവിലെ സെന്റ് മേരീസ് ബസിലിക്ക, വേളാങ്കണ്ണിയിലെ ആരോഗ്യമാത ബസിലിക്ക, ഡൽഹി സേക്രട്ട്ഹാർട്ട് കത്തീഡ്രൽ എന്നീ ദേവാലയങ്ങളില്‍ നടക്കുന്ന തിരുക്കർമങ്ങൾ ശാലോം, ഗുഡ്‌നെസ്, മാതാ, ദിവ്യവാണി, ആത്മദർശൻ, സി.സി.ആർ, പ്രാർത്ഥനാഭവൻ എന്നീ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യും.

മലയാളം, ഹിന്ദി, തമിഴ്, ഖാസി, കന്നഡ, സാന്താളി, തെലുങ്ക് എന്നീ ഭാഷകളിലാണ് തിരുക്കർമങ്ങൾ നടക്കുക. മുംബൈ അതിരൂപത ഓക്സിലറി ബിഷപ്പ് ഡോ. ജോൺ റോഡ്രിഗ്‌സ് മുംബൈയിലെ ബസിലിക്കയിൽനിന്നുള്ള ഗായകസംഘത്തോടൊപ്പം പ്രാർത്ഥനാ ഗാനം ആലപിക്കും. തുടർന്ന്, ചെന്നൈ സാന്തോം കത്തീഡ്രലിൽ മദ്രാസ്- മൈലാപ്പൂർ ആർച്ച്ബിഷപ്പ് ഡോ. ജോർജ് അന്തോണി സ്വാമി പ്രാർത്ഥനയ്ക്ക് ആരംഭം കുറിക്കും. മുംബൈ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസാണ് സന്ദേശം നൽകുക. ലോകം കൊറോണാ മുക്തമാകാനുള്ള മധ്യസ്ഥ പ്രാർത്ഥന ഹൈദരാബാദ് ബസിലിക്കയിൽ ആർച്ച്ബിഷപ്പ് ഡോ. ആന്റണി പൂള ചൊല്ലും.

കൊൽക്കത്ത ആർച്ച്ബിഷപ്പ് ഡോ. തോമസ് ഡിസൂസ, മിഷ്ണറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി പ്രേമ പിയറിക് വിശുദ്ധ മദർ തെരേസയുടെ കബറിടത്തിൽനിന്ന് ലുത്തീനിയ പ്രാർത്ഥന നയിക്കും. സി.സി.ബി.ഐ സെക്രട്ടറി ആർച്ച്ബിഷപ്പ് ഡോ. അനിൽ കൂട്ടോ ഡൽഹി സേക്രട്ട്ഹാർട്ട് കത്തീഡ്രലിൽ ഇന്ത്യയിലെ ജനങ്ങളെ ഈശോയുടെ തിരുഹൃദയത്തിനും മാതാവിന്റെ വിമലഹൃദയത്തിനുമായി സമർപ്പിച്ചുകൊണ്ടുള്ള പ്രാർത്ഥന നയിക്കും. സി.സി.ബി.ഐ പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഡോ. ഫിലിപ്പ് നേരി ഫെറാവോ ഗോവയിലെ ബോം ജീസസ് ബസിലിക്കയിൽവച്ച് ദിവ്യകാരുണ്യ ആശീർവാദം നൽകും. വേളാങ്കണ്ണി ബസലിക്കയിൽ തഞ്ചാവൂർ ബിഷപ്പ് ദേവദാസ് അംബ്രോസ്, ബസിലിക്ക റെക്ടർ ഫാ. എം. പ്രഭാകർ എന്നിവർ ചേർന്ന് സമാപന പ്രാർത്ഥനകൾ നടത്തും. രാജ്യത്തെ 132 രൂപതകളിലായി 180 ലക്ഷം വിശ്വാസികള്‍ പ്രാര്‍ഥനാശുശ്രൂഷയുടെ ഭാഗമാകുമെന്നു സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 680