India - 2025
അനുഗ്രഹമായി ദൈവകരുണയുടെ മഹാ സമ്മേളനം
പ്രവാചകശബ്ദം 17-08-2021 - Tuesday
ഡിവിന മിസരികോര്‍ഡിയ ഇന്‍റര്‍നാഷണല്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ദൈവകരുണയുടെ മഹാസമ്മേളനം സൂം പ്ലാറ്റ്‌ഫോമിലൂടെയും യൂട്യൂബിലും ഫേസ്ബുക്കിലും ലൈവായും ഓണ്‍ലൈനായി നടന്നു. പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാളും ഭാരത മണ്ണിന്റെ സ്വാതന്ത്ര്യദിനവും ആചരിക്കപ്പെട്ട ആഗസ്റ്റ് 15 ന് മൂന്ന് റീത്തുകളുടെയും സഭാദ്ധ്യക്ഷന്മാരുടെയും മറ്റ് പിതാക്കന്മാരുടെയും സാന്നിദ്ധ്യത്തില്‍ വിളിച്ചു ചേര്‍ക്കപ്പെട്ട സമ്മേളനത്തില്‍ പല രാജ്യങ്ങളിലുള്ള വിശ്വാസികളും ദൈവ കരുണയുടെ ചരിത്രസമ്മേളനത്തിന് സാക്ഷികളായി. ദൈവകരുണയുടെ പ്രവാചകശബ്ദവും അപ്പസ്‌തോലികയുമായ വിശുദ്ധ മരിയ ഫൗസ്റ്റീനയിലൂടെ നല്കപ്പെട്ട ദൈവകരുണയുടെ സന്ദേശങ്ങള്‍ കൊണ്ട് അനുഗ്രഹീതമാക്കപ്പെട്ട സമ്മേളനത്തില്‍ മിനിസ്ട്രിയുടെ പേട്രന്‍ മാര്‍ വര്‍ഗ്ഗീസ് ചക്കാലക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തില്‍ സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മിനിസ്ട്രിയുടെ നിയമാവലി പ്രകാശനം ചെയ്തു. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ഗീവര്‍ഗീസ് മാര്‍ മക്കാരിയോസ് എന്നിവര്‍ മിനിസ്ട്രിയുടെ ആത്മീയ നേതൃനിരയിലേക്ക് കടന്നുവന്നത് മിനിസ്ട്രിക്ക് ഏറെ അഭിമാനകരമായി. മാര്‍ ആന്റണി ചിറയത്ത്, മാര്‍ ജോര്ജ്ജ് മഠത്തിക്കണ്ടത്തില്‍, സാമുവല്‍ മാര്‍ ഐറേനിയോസ്, മാര്‍ പോള്‍ മുല്ലശ്ശേരി, ഫാ.ജോസ് സെബാസ്റ്റ്യന്‍, ഫാ.റോയ് കണ്ണന്‍ ചിറ, ബഹു. ജസ്റ്റീസ് കുര്യന്‍ ജോസഫ്, എന്നിവര്‍ അനുഗ്രഹ പ്രഭ
പ്രഭാഷണം നടത്തി.
അസിസ്റ്റന്റ് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോസ് സെബാസ്റ്റ്യന്‍ മിനിസ്ടിയുടെ ആത്മീയ പ്രവര്‍ത്തന അവലോകനം നടത്തി. സഭയ്ക്കുള്ളില്‍ മിനിസ്ട്രി എങ്ങനെ കരുണയുടെ മുഖമായി മാറണം എന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിവരിച്ചു. ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളെ എങ്ങനെ ദൈവകരുണയില്‍ ആശ്രയിച്ച് നേരിടണം എന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉത്‌ബോധിപ്പിച്ചു. പുതിയ ഭാരവാഹികളെ അവരോധിച്ചതിനു ശേഷം മിനിസ്ട്രിയുടെ ഭാവി പരിപാടികളെപ്പറ്റി പേട്രണ്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ വിവരിച്ചു. സ്പിരിച്വല്‍ ഡയറക്ടറായ മാര്‍ ആന്റണി ചിറയത്ത് ആത്മാക്കളുടെ രക്ഷയും ജീവിത വിശുദ്ധീകരണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
നമ്മുടെ പിതാവായ തോമാശ്ലീഹ വെളിപ്പെടുത്തിയ ദൈവകരുണയെപ്പറ്റി മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വരച്ചു കാട്ടി. ദൈവകരുണയുടെ മാതാവിലൂടെ ദൈവകരുണയിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ബിഷപ്പ് പോള്‍ മുല്ലശ്ശേരി സംസാരിക്കുകയും സമര്‍പ്പണം നടത്തുകയും ചെയ്തു. ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനീയസ് ഒരു ശുശ്രൂഷ എങ്ങനെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടണം എന്ന് ഉത്‌ബോധിപ്പിച്ചു. ഈ കാലഘട്ടത്തില്‍ നാം എങ്ങനെ കരുണ പങ്കു വയ്ക്കുന്നവരായി തീരണം എന്ന് ഫാ. റോയി കണ്ണഞ്ചിറ സി.എം.ഐ. ചൂണ്ടി കാണിച്ചു. ഇന്‍ഡ്യന്‍ ആനിമേറ്റര്‍ റവ. സി. ലിസ്സി മാളിയേക്കല്‍ നന്ദി അര്‍പ്പിക്കുകയും ചെയ്തു.
63 അംഗങ്ങള്‍ ചേര്‍ന്നു തുടങ്ങിയ ദൈവകരുണയുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മ ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യാര്‍ത്തികള്‍ കടന്ന് 54 രാജ്യങ്ങളിലേക്ക് വ്യാപിച്ചതും അനേകം ബിഷപ്പുമാരും വൈദീകരും സന്യസ്തരും അല്മായരും ചേര്‍ന്നു 36000-ല്‍ പരം അംഗങ്ങളുള്ള ഒരു വലിയ കൂട്ടായ്മയായി മാറി. മിനിസ്ട്രിയുടെ ഉത്ഭവത്തെയും വളര്‍ച്ചയെയും കുറിച്ച് മിനിസ്ട്രിയുടെ സ്ഥാപകന്‍ സജു ക്ലീറ്റസ് ബ്രദറും, 24 മണിക്കൂറും ലൈവായി ശുശ്രൂഷ നടക്കുന്ന മിനിസ്ട്രിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കോ-ഓര്ഡിനേറ്റര്‍ പ്രിന്സ്‍ സെബാസ്റ്റ്യനും മിനിസ്ട്രിയുടെ ദര്‍ശനത്തെയും ദൗത്യത്തെയും കുറിച്ച് അസി. കോഡിനേറ്റര്‍ ഡോ. ജോഷി ജോസഫും വിശദീകരിച്ചു. ആയിരങ്ങളെ സാക്ഷിയാക്കി അനുഗ്രഹീതമായ ചരിത്ര നിമിഷങ്ങള്‍ സമ്മാനിച്ച ദൈവകരുണയുടെ മഹാ സമ്മേളനം രാത്രി 9.00 പാപ്പാ ഗാനത്തോടെ സമാപിച്ചു.