Life In Christ
ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന് വേണ്ടി ജീവത്യാഗം ചെയ്ത അമ്മയുൾപ്പെടെ മൂന്നുപേരുടെ നാമകരണ നടപടികള്‍ മുന്നോട്ട്
പ്രവാചകശബ്ദം 01-09-2021 - Wednesday
വത്തിക്കാന്‍ സിറ്റി: ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കുവാന്‍ വേണ്ടി ജീവത്യാഗം ചെയ്ത ഇറ്റലിയില്‍ നിന്നുള്ള ക്രിസ്റ്റീന സെല്ല മോസെലിൻ ഉള്‍പ്പെടെ മൂന്നുപേരുടെ നാമകരണ നടപടിയ്ക്കു പാപ്പയുടെ അംഗീകാരം. ക്രിസ്റ്റീനയെ കൂടാതെ 2001 ൽ ദൈവദാസരായി ഉയർത്തിയ ദമ്പതിമാരുടെ പുത്രി എൻറിക്കാ ബെൽത്രാമെ, പ്ലാചിദോ ഗെസ്റ്റപ്പോയിൽ പീഡന വിധേയനായി മരണപ്പെട്ട ഒരു ഫ്രാൻസിസ്ക്കൻ സന്യാസി പ്ലാചിദോ കൊർതേസെ എന്നിവരുടെ വീരോചിത പുണ്യങ്ങളെ കൂടിയാണ് ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് ഉദരത്തിലുള്ള കുഞ്ഞിന് വേണ്ടി സ്വജീവന്‍ അര്‍പ്പിച്ച ക്രിസ്റ്റീന സെല്ല മോസെലിന്റെ ജീവിതമാണ്.
1969 ആഗസ്റ്റ് 18 ന് ഇറ്റലിയിൽ മിലാനിലെ ചിനി സെല്ലോ ബാൽസമോയിലാണ് ക്രിസ്റ്റീന ജനിച്ചത്. തന്റെ സ്ക്കൂൾ നാളുകളിൽ തന്നെ ആത്മീയ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ നല്‍കുവാന്‍ അവള്‍ക്കു കഴിഞ്ഞു. പിന്നീട് ക്രിസ്താനികളുടെ സഹായമായ മറിയത്തിന്റെ പുത്രിമാർ എന്ന ഡോൺ ബോസ്ക്കോ സന്യാസ സമൂഹത്തിൽ ദൈവവിളിയെ തിരിച്ചറിയാനുള്ള പരിശീലനത്തിൽ മുന്നോട്ടു പോയെങ്കിലും ദൈവവിളി മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞു. കാർളോ എന്ന യുവാവിനെ കണ്ടുമുട്ടിയത് അവളുടെ തീരുമാനത്തെ മാറ്റിമറിച്ചു. ഇതിനിടെ ഇടതുകാലിൽ അപൂര്‍വ്വമായ ഒരു തരം ട്യൂമർ ബാധിച്ചതിനെ തുടര്‍ന്നു രണ്ടു വർഷം ചികിൽസയും തെറാപ്പികളും തുടര്‍ന്നു.
1991-ല്‍ തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ അവള്‍ കാർളോയെ വിവാഹം ചെയ്തു. അധികം വൈകാതെ രണ്ടു കുഞ്ഞുങ്ങളെ അവര്‍ക്ക് ലഭിച്ചു. സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും നാളുകള്‍. ഇതിനിടെ മൂന്നാമതും മരിയ ഗര്‍ഭിണിയായി. പക്ഷേ മുന്‍പത്തെ സാഹചര്യം പോലെ ആയിരിന്നില്ല ഇത്. കാന്‍സര്‍ അവളെ വരിഞ്ഞു മുറുക്കിയിരിന്നു. ചികിത്സകള്‍ക്കു സാഹചര്യമുണ്ടായിരിന്നെങ്കിലും കീമോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ ജീവന് അപകടമാണെന്ന് മനസിലാക്കിയ അവള്‍ വേദനയുടെ പാരമ്യത്തിലും ചികിത്സ വേണ്ടെന്ന് വെയ്ക്കുകയായിരിന്നു. കാന്‍സറിന്റെ സകല വേദനകളും ഏറ്റെടുത്ത് ഒടുവില്‍ അവള്‍ കുഞ്ഞിനെ പ്രസവിച്ചു. റിക്കാർഡോ എന്ന പേര് കുഞ്ഞിന് നല്‍കി.
നിത്യസമ്മാനത്തിന് വിളിക്കപ്പെടുന്നതിന് മുന്‍പ് അവള്‍ തന്റെ കുഞ്ഞിനായി കുറിച്ച കത്തില്‍ ഇങ്ങനെ എഴുതി, "റിക്കാർഡോ, നീ ഞങ്ങൾക്ക് ഒരു സമ്മാനമാണ്. ആ സായാഹ്നമാണ്, ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ കാറിൽ, നീ ആദ്യമായി നീങ്ങിയത്. ‘എന്നെ സ്നേഹിച്ചതിന് നന്ദി അമ്മേ!’ എന്ന് നീ പറയുന്നതുപോലെ തോന്നി, ഞങ്ങൾ നിന്നെ എങ്ങനെ സ്നേഹിക്കാതിരിക്കും? നീ ഞങ്ങള്‍ക്ക് വിലപ്പെട്ടവനാണ്". 1995-ല്‍ തന്റെ ഇരുപത്തിയാറാമത്തെ വയസില്‍ അവള്‍ നിത്യതയിലേക്ക് യാത്രയായി.
ഉദരത്തിലുള്ള കുഞ്ഞിന് വേണ്ടി ജീവത്യാഗം ചെയ്തു വിശുദ്ധ പദവിയിലെത്തിയ വിശുദ്ധ ജിയന്ന ബരോറ്റ മോളയുടെ ജീവിതവുമായി ഏറെ സാദൃശ്യമുള്ള ക്രിസ്റ്റീനയുടെ സാക്ഷ്യം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറുകയാണ്. നാമകരണ നടപടികൾക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കർദ്ദിനാൾ മർചെല്ലോ സെമറാറോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഫ്രാൻസിസ് പാപ്പ ക്രിസ്റ്റീന സെല്ല മോസെലിൻ ഉൾപ്പെടെയുള്ള മൂന്നുപേരുടെയും നാമകരണ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ അനുമതി നൽകിയത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക