News - 2024

ഹൃദയമിടിപ്പിന്റെ ആദ്യ നിമിഷം മുതൽ ഭ്രൂണഹത്യ നിയമവിരുദ്ധം: അമേരിക്കയിലെ ഏറ്റവും ശക്തമായ പ്രോലൈഫ് നിയമം ടെക്‌സാസിൽ

പ്രവാചകശബ്ദം 02-09-2021 - Thursday

ടെക്സാസ്: ഹൃദയമിടിപ്പ് അറിയാൻ ആരംഭിക്കുന്ന നിമിഷംമുതൽ ഭ്രൂണഹത്യ നടത്തുന്നത് നിയമവിരുദ്ധമാക്കി അമേരിക്കയിലെ ഏറ്റവും ശക്തമായ പ്രോലൈഫ് നിയമം ടെക്‌സാസ് സംസ്ഥാനത്തു പ്രാബല്യത്തിൽ. നിയമം ടെക്സാസ് സംസ്ഥാനത്ത് ഇന്നലെ സെപ്റ്റംബർ ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വന്നു. ഗർഭിണിയായ ശേഷം ഏകദേശം ആറ് ആഴ്ചകൾക്ക് ശേഷം ഇനി സംസ്ഥാനത്ത് ഭ്രൂണഹത്യ അനുവദിക്കില്ല. ഇതുവഴി ആയിരകണക്കിന് ജീവനുകളാണ് സംരക്ഷിക്കപ്പെടുക. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്ലാൻഡ് പേരന്റ്ഹുഡ് അടക്കമുള്ള ഗർഭഛിദ്ര അനുകൂല സംഘടനകൾ നിയമം നടപ്പിലാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അമേരിക്കൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, കോടതി വാദം കേൾക്കാൻ തയ്യാറായില്ല.

ഹൃദയമിടിപ്പ് നിയമം പ്രാബല്യത്തിൽ കൊണ്ടുവന്ന ടെക്സാസ് സംസ്ഥാനത്തിന്റെ നടപടിയിൽ പ്രോലൈഫ് സംഘടനകളും ക്രൈസ്തവ സഭകളും അതീവ ആഹ്ലാദം പ്രകടിപ്പിച്ചു. "പുലർച്ചെ 12 മണിക്ക് ഹൃദയമിടിപ്പ് നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്ന ആദ്യത്തെ അമേരിക്കൻ സംസ്ഥാനമായി ടെക്സാസ് മാറി. ഇത് നിങ്ങൾ നടപ്പിലാക്കി" ടെക്സാസ് റൈറ്റ് ടു ലൈഫ് എന്ന പ്രോലൈഫ് സംഘടന പത്രക്കുറിപ്പിൽ പ്രസ്താവിച്ചു. ഇതിനു മുമ്പ് വിവിധ സംസ്ഥാനങ്ങൾ പാസാക്കിയ ഹൃദയമിടിപ്പ് നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് കോടതി ഇടപെട്ട് തടഞ്ഞിരുന്നു.

ഇപ്പോൾ പ്രാബല്യത്തിൽ വന്ന നിയമം ലംഘിക്കുന്ന ഡോക്ടർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ആളുകൾക്ക് സാധിക്കുമെന്നതും ശ്രദ്ധേയമാണ്. ഹൃദയമിടിപ്പ് നിയമം അവതരിപ്പിച്ച ബ്രയാൻ ഹഗ്സ് എന്ന സെനറ്റർ അതിനെ ടെക്സാസ് ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രോലൈഫ് നിയമം എന്നാണ് വിശേഷിപ്പിച്ചത്.

അതേസമയം വിവിധതരത്തിലുള്ള ക്ലേശം അനുഭവിക്കുന്ന ഗർഭിണികളായ സ്ത്രീകളെ സഹായിക്കുന്നതിനായി പ്രോലൈഫ് സംഘടനകൾ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ടെക്സാസിൽ ജീവിക്കുന്ന പ്രോലൈഫ് ആക്ടിവിസ്റ്റായ അബി ജോൺസൺ അമ്മമാർക്ക് സാമ്പത്തിക സഹായങ്ങളും മറ്റു സഹായങ്ങളും തന്റെ സംഘടനയായ ലൗ ലൈൻ വഴി നൽകാമെന്ന് വാഗ്ദാനം ചെയ്തു. ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ വർഷം ഏകദേശം 54000 ഗർഭസ്ഥശിശുക്കളെ അമ്മയുടെ ഉദരത്തിൽ വെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിൽ 85 ശതമാനം ഭ്രൂണഹത്യകളും നടന്നത് 6 ആഴ്ചകൾക്ക് ശേഷമാണ്. പുതിയ പ്രോലൈഫ് നിയമം പതിനായിരകണക്കിന് കുഞ്ഞുങ്ങളുടെ ജീവന്‍ സംരക്ഷിക്കുവാന്‍ സഹായിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »