News - 2025
ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ തടങ്കലിലായവരുടെ ശിക്ഷയിൽ ഇളവ്
പ്രവാചകശബ്ദം 06-09-2021 - Monday
ടെഹ്‌റാന്‍: ഇറാനിലെ കാരാജ് പട്ടണത്തില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മൂന്നു ക്രൈസ്തവരുടെ ശിക്ഷ കാലാവധി കുറച്ചു. 5 വര്‍ഷത്തെ തടവ് 3 വര്‍ഷമായാണ് ചുരുക്കിയിരിക്കുന്നത്. രാഷ്ട്രത്തിനെതിരായി വ്യാജ പ്രചാരണം നടത്തി, ഇസ്ലാമിന് വിരുദ്ധമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മിലാദ് ഗൗദാര്‍സി, അമീന്‍ ഖാക്കി, അലിറേസ നൂര്‍മുഹമ്മദി എന്നീ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ഇക്കഴിഞ്ഞ ഓഗസ്റ്റ് 22ന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതെന്നു ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാനിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയായ ‘ആര്‍ട്ടിക്കിള്‍ 18’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇസ്ലാമല്ലാത്ത മതത്തില്‍ വിശ്വസിച്ചു എന്നതാണ് അവര്‍ ചെയ്ത കുറ്റമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനിലെ നിയമമനുസരിച്ച് സുവിശേഷ പ്രഘോഷണവും, പ്രേഷിത പ്രവര്‍ത്തനങ്ങളും, ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള പരിവര്‍ത്തനവും 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ക്രിസ്തീയ ഗ്രന്ഥങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയില്‍ വിതരണം ചെയ്യുന്നതും കുറ്റകരമാണ്. ഇസ്ലാം ഉപേക്ഷിക്കുന്ന വ്യക്തിയെ ഇസ്ലാമിക മതപണ്ഡിതന്‍മാരുടെ ‘ഫത്വ’ അനുസരിച്ചുള്ള ശിക്ഷകള്‍ നല്‍കാറുമുണ്ട്.
ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന മുസ്ലീങ്ങളെ വേട്ടയാടി ഇല്ലാതാക്കുകയോ, തുറുങ്കിലടക്കുകയോ ആണ് കാലങ്ങളായി ഇറാന്‍ ചെയ്തുവരുന്നത്. ക്രൈസ്തവര്‍ക്കെതിരെ ഇറാനില്‍ ആസൂത്രിതമായ മതപീഡനം നടക്കുന്നുണ്ടെന്ന കണ്ടെത്തല്‍ ഐക്യരാഷ്ട്ര സഭ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിന്നു. ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും പുതിയ പട്ടിക അനുസരിച്ച് ലോകത്ത് ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളില്‍ ഒന്‍പതാമതാണ് ഇറാന്റെ സ്ഥാനം.