News - 2025
4 ദിവസം മാത്രം: ഫ്രാന്‍സിസ് പാപ്പയെ വരവേല്‍ക്കാന്‍ ഹംഗറിയും സ്ലോവാക്യയും ഒരുങ്ങി
പ്രവാചകശബ്ദം 08-09-2021 - Wednesday
റോം: അന്തർദ്ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്ന ഹംഗറിയിലേക്കും അയല്‍രാജ്യമായ സ്ലോവാക്യയിലേക്കുള്ള ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന് നാലു ദിവസങ്ങള്‍ ശേഷിക്കേ പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍. ഫ്രാന്‍സിസ് പാപ്പയുടെ 34ാമത്തെ അപ്പോസ്തലിക യാത്ര സെപ്റ്റംബർ 12 മുതൽ 15 വരെയാണ് നടക്കുക. സെപ്റ്റംബർ 12 ഞായറാഴ്ച രാവിലെ റോമിലെ ഫ്യുമിചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബുഡാപെസ്റ്റിലേക്ക് പാപ്പ പുറപ്പെടും. 07:45നു ബുഡാപെസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി ചേരും.
ഔദ്യോഗിക സ്വീകരണത്തിന് ശേഷം ബുഡാപെസ്റ്റിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്സിൽ വച്ച് രാഷ്ട്രപതിയും, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച.നടത്തും. തുടര്‍ന്നു മെത്രാന്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബുഡാപെസ്റ്റിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്സിൽ എക്യൂമെനിക്കൽ സഭകളുടെയും ഹംഗറിയില്‍ നിന്നുള്ള ചില യഹൂദ സമൂഹങ്ങളുടെയും പ്രതിനിധികളുമായും പാപ്പ ചര്‍ച്ച നടത്തും. ബുഡാപെസ്റ്റിലെ ഹീറോസ് ചത്വരത്തിൽ നടക്കുന്ന ദിവ്യബലിയർപ്പണത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കും.
ഉച്ചക്കഴിഞ്ഞു ബ്രാറ്റിസ്ലാവയിലേക്ക് പാപ്പ യാത്ര തിരിക്കും. ബ്രാറ്റിസ്ലാവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണത്തിന് ശേഷം അപ്പസ്തോലിക നുൺഷ്യേച്ചറിൽ എക്യുമെനിക്കൽ സമ്മേളനത്തില്‍ പാപ്പ പങ്കെടുക്കും. സൊസൈറ്റി ഓഫ് ജീസസ് സമൂഹാംഗങ്ങളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തും. പിറ്റേന്ന് ബ്രാറ്റിസ്ലാവയിലെ രാഷ്ട്രപതിഭവനിൽ പാപ്പായ്ക്ക് സ്വീകരണം നല്‍കും. പ്രസിഡന്‍റ് , മറ്റ് അധികാരികൾ, പൗരസമിതി, നയതന്ത്രഞ്ജർ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വിശുദ്ധ മാർട്ടിൻ ഭദ്രാസന ദേവാലയത്തിൽ മെത്രാന്മാർ, വൈദീകർ, സമർപ്പിതർ, വൈദീക വിദ്യാർത്ഥികൾ, സെമിനാരിവിദ്യാർഥികൾ, മതബോധന അദ്ധ്യാപകർ എന്നിവരുമായും ആശയ വിനിമയം നടത്തും.
ബ്രാറ്റിസ്ലാവയിലെ "ബേത്ത്ലെഹെം സെന്റർ" ലേക്കുള്ള സ്വകാര്യ സന്ദർശനം, റൈബ്നി നമെസ്റ്റീ ചത്വരത്തിൽ യഹൂദ സമൂഹവുമായി കൂടിക്കാഴ്ച, അപ്പോസ്തോലിക നുൺഷ്യേറ്റരിൽവച്ച് പാർലമെന്റ് പ്രസിഡന്‍റിന്റെ സന്ദര്‍ശനം തുടങ്ങീയിയവയും ഇതേ ദിവസം നടക്കും. പിറ്റേന്ന് കൊസിചേയിലെ വിവിധ പരിപാടികളില്‍ പാപ്പ പങ്കെടുക്കും. സെപ്റ്റംബർ 15 ബുധനാഴ്ച ഉച്ചക്കഴിഞ്ഞു ഫ്രാന്‍സിസ് പാപ്പ റോമിലേക്ക് മടങ്ങും. 03:30നു റോമിലെ ചംബീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാപ്പ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം നടത്തിയിരിക്കുന്നതെന്നും വത്തിക്കാന്‍ അറിയിച്ചു.