News - 2025

അഫ്ഗാനില്‍ നിന്നും 'ബര്‍ണബാസ് ഫണ്ട്' രക്ഷപ്പെടുത്തിയത് 400 ക്രൈസ്തവരെ: 1200 പേരെ രക്ഷപ്പെടുത്തുവാന്‍ ശ്രമം

പ്രവാചകശബ്ദം 04-09-2021 - Saturday

ലണ്ടന്‍:: താലിബാന്റെ ക്രൂരതകള്‍ക്കിടെ അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടുവാന്‍ പരക്കം പായുന്ന ആയിരകണക്കിന് ക്രിസ്ത്യാനികളില്‍ 400 പേരെ രക്ഷപ്പെടുത്തിയതായി അന്താരാഷ്ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ബര്‍ണബാസ് ഫണ്ട്. നിലവില്‍ ഏതാണ്ട് ആയിരത്തിഇരുന്നൂറോളം ക്രിസ്ത്യാനികളേയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ സന്നദ്ധ സംഘടന ഇടപെടല്‍ നടത്തികൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘ഡെയിലി ടെലിഗ്രാഫില്‍’ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ബര്‍ണബാസ് ഫണ്ടിന്റെ രക്ഷാധികാരിയും മുന്‍ കാന്റര്‍ബറി മെത്രാപ്പോലീത്തയുമായ ലോര്‍ഡ്‌ കാരിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഒളിവില്‍ കഴിയുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടെ ഏതാണ്ട് 5,000-ത്തിനും 8,000-ത്തിനും ഇടയില്‍ ക്രിസ്ത്യാനികള്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്നാണ് ലോര്‍ഡ്‌ കാരിയുടെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. സിറിയന്‍ അഭയാര്‍ത്ഥി പുനരധിവാസ പദ്ധതികള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് ഗുണം ചെയ്തില്ല. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതികളില്‍ ക്രിസ്ത്യാനികള്‍ പൂര്‍ണ്ണമായി അവഗണിക്കപ്പെട്ടുവെന്നും സിറിയന്‍ പുനരധിവാസ സ്ഥലങ്ങളില്‍ വെറും ഒരു ശതമാനം മാത്രമാണ് മതന്യൂനപക്ഷങ്ങള്‍ക്ക് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടിയ കാരി, തങ്ങള്‍ സ്വീകരിക്കുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികളില്‍ ക്രിസ്ത്യാനികള്‍ക്കും ഇടം നല്‍കണമെന്ന് പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം 'ശരിയത്ത് നിയമങ്ങള്‍ അഫ്ഗാന്‍ ക്രിസ്ത്യാനികളെ എങ്ങനെ ബാധിക്കും' എന്നത് ചൂണ്ടിക്കാട്ടി ബര്‍ണബാസ് ഫണ്ടിന്റെ അന്താരാഷ്ട്ര ഡയറക്ടര്‍ പാട്രിക് സൂഖ്ഡിയോ യു.കെ യിലെ പ്രമുഖ പാര്‍ലമെന്റംഗങ്ങള്‍ക്ക് കത്തയച്ചു. ഉത്തരവാദിത്തവും പാശ്ചാത്യ രാജ്യങ്ങള്‍ക്കാണെന്ന് കത്തില്‍ എടുത്ത് പറയുന്നു. ഇതിനിടെ നൂറുകണക്കിന് ക്രൈസ്തവ കുടുംബങ്ങളെ അഫ്ഗാനിസ്ഥാനില്‍ ബര്‍ണബാസ് ഫണ്ട് സഹായിക്കുന്നത് തുടരുകയാണ്. താലിബാന്‍ ഭീകരരെ ഭയന്നു അഫ്ഗാനിലെ ക്രൈസ്തവര്‍ ഒളിവു ജീവിതം നയിക്കുകയാണെന്നു അന്താരാഷ്ട്ര മാധ്യമമായ സി‌ബി‌എന്‍ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 690