Life In Christ

'രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിലെ കാവൽമാലാഖ' ഫാ. ഫോർനാസിനി വാഴ്ത്തപ്പെട്ട പദവിയിൽ

പ്രവാചകശബ്ദം 29-09-2021 - Wednesday

ബോളോഗ്ന; രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിലെ 'കാവൽമാലാഖ' എന്നറിയപ്പെടുന്ന ഇറ്റാലിയൻ വൈദികന്‍ ഫാ. ജിയോവാനി ഫോർനാസിനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ലോക മഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് ദുരിതത്തിലായ ആളുകളെയും, മുറിവേറ്റവരെയും സഹായിക്കാൻ ഓടി നടന്ന വ്യക്തിയാണ് ഫാ. ജിയോവാനി ഫോർനാസിനി. അങ്ങനെയാണ് അദ്ദേഹത്തിന് 'കാവൽ മാലാഖ' എന്ന വിശേഷണം ലഭിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിയാറാം തീയതി ഇറ്റലിയിലെ ബോളോഗ്നയിൽവെച്ച് വിശുദ്ധരുടെ നാമകരണ നടപടികൾക്ക് വേണ്ടിയുള്ള തിരുസംഘം തലവൻ കർദ്ദിനാൾ മാർസെലോ സെമറാരോയാണ് ഫാ. ജിയോവാനിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്.

1915ൽ ബോളോഗ്നയിലാണ് ഫാ. ജിയോവാനി ജനിക്കുന്നത്. പഠനത്തിൽ അൽപം പിന്നോക്കം ആയിരുന്ന ജിയോവാനി സമീപത്തുള്ള ഒരു ഹോട്ടലിൽ ഒഴിവുസമയങ്ങളിൽ ജോലി ചെയ്തിരുന്നു. 1942ൽ ഇരുപത്തിയേഴാമത്തെ വയസ്സിലാണ് അദ്ദേഹത്തിന് പൗരോഹിത്യം ലഭിക്കുന്നത്. ബോളോഗ്നയ്ക്ക് പുറത്ത് ആൺകുട്ടികൾക്ക് വേണ്ടി ഫാ. ജിയോവാനി ഫോർനാസിനി ഇതിനിടയിൽ ഒരു സ്കൂൾ ആരംഭിച്ചു. ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം ഓടിനടക്കുമായിരുന്നുവെന്ന് നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയിരിന്നു.

യുദ്ധകാലത്ത് ശവശരീരങ്ങൾ മറവു ചെയ്യുകയും, അവശ്യക്കാരുടെ ദാഹവും വിശപ്പുമടക്കുകയും, അഭയാർത്ഥികളെ തന്‍റെ ഇടവക ഭവനത്തിൽ സ്വീകരിക്കുകയും ചെയ്ത അദ്ദേഹം നിസ്തുലമായ സേവനമാണ് തുടര്‍ന്നത്. ഇക്കാലയളവില്‍ എല്ലാം അടിച്ചമർത്തുന്നവരെ പോലും നന്മയിലേക്ക് ആകർഷിക്കാനും അദ്ദേഹം പരിശ്രമിച്ചിരിന്നു. പെൺകുട്ടികളുടെ മാനം കാക്കുന്നതിനും ചെറിയ കുട്ടികളെ സംരക്ഷിക്കുന്നതിനും അദ്ദേഹം ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു. 1944 സെപ്റ്റംബർ 29 നും, ഒക്ടോബർ നാലിനും മധ്യേ മോർസാബോട്ടോ ഗ്രാമത്തിൽ 770 ഇറ്റാലിയൻ പൗരന്മാരെ നാസികൾ കൂട്ടക്കൊല നടത്തിയതിനുശേഷം ഫാ. ജിയോവാനി ഫോർനാസിനി അവരെ അടക്കം ചെയ്യാൻ വേണ്ടിയുള്ള അനുവാദം വാങ്ങി യാത്രയായി.

പിന്നീട് ആരും അദ്ദേഹത്തിനെ ജീവനോടെ കണ്ടില്ല. 1945ൽ യുദ്ധം ഏകദേശം അവസാനിക്കാറായപ്പോഴാണ് ഫാ. ജിയോവാനിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. അദ്ദേഹത്തിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് വിശദമായ പഠനങ്ങളിൽ നിന്നും വ്യക്തമായി. 1950ൽ ഇറ്റാലിയൻ പ്രസിഡന്റ് ഫാ. ജിയോവാനിക്ക് ഗോൾഡ് മെഡൽ ഓഫ് മിലിട്ടറി വാലൂർ മരണാനന്തര ബഹുമതിയായി നൽകി. 1998ലാണ് അദ്ദേഹത്തിന്റെ നാമകരണ നടപടികൾ ഔദ്യോഗികമായി ആരംഭിക്കുന്നത്.

വാഴ്ത്തപ്പെട്ട ചടങ്ങ് നടന്ന വേദിയിൽ ഫാ. ജിയോവാനിയുടെ സൈക്കിളും, കണ്ണാടിയുമടക്കം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശവും വായിക്കപ്പെട്ടു. മോന്തെ സോളിലെ കൂട്ടക്കൊലയിൽ 1കൊല്ലപ്പെട്ട ഈ യുവ വൈദീകൻ തന്‍റെ ജനങ്ങളുടെ 'കാവൽ മാലാഖ'യായിരുന്നുവെന്ന് കർദ്ദിനാൾ സെമറാരോ അനുസ്മരിച്ചു. ഒക്ടോബർ പതിമൂന്നാം തീയതി അദ്ദേഹത്തിന്റെ തിരുനാൾ ആചരിക്കാനാണ് ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച, സെപ്റ്റംബർ 26ന് ത്രികാല പ്രാർത്ഥനാ മധ്യേ ഫാ. ഫോർനാസിനിയെ പാപ്പ അനുസ്മരിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 66