Life In Christ - 2024
കൊല്ലപ്പെടാനിരിക്കുന്ന കുഞ്ഞുങ്ങളെ ജീവനിലേക്ക് നയിക്കാന്‍ '40 ഡേയ്സ് ഫോർ ലൈഫ്’ ക്യാംപെയിന് വീണ്ടും ആരംഭം
പ്രവാചകശബ്ദം 26-09-2021 - Sunday
ന്യൂയോർക്ക്: ഗര്‍ഭഛിദ്രത്തിലൂടെ കൊല്ലപ്പെടാനിരിക്കുന്ന ആയിരകണക്കിന് കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവരുവാന്‍ ഉപവാസവും പ്രാര്‍ത്ഥനയുമായുള്ള ’40 ഡേയ്സ് ഫോർ ലൈഫ്’ ക്യാംപെയിന് വീണ്ടും ആരംഭം. സെപ്തംബർ 22ന് ആരംഭിച്ച പുതിയ ക്യാംപെയിൻ ഒക്‌ടോബർ 31നാണ് സമാപിക്കുക. അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി ഉപവാസം അനുഷ്ഠിച്ച് 40 ദിവസം പ്രാർത്ഥനകൾ നടത്തുകയും കൗൺസിലിംഗുകൾ ക്രമീകരിക്കുകയും ചെയ്യുന്ന പ്രോലൈഫ് ക്യാംപെയിനാണ് ’40 ഡേയ്സ് ഫോർ ലൈഫ്’. സെപ്തംബർ 22ന് ആരംഭിക്കുന്ന പുതിയ ക്യാംപെയിൻ ഒക്‌ടോബർ 31നാണ് സമാപിക്കുന്നത്.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും ബെൽജിയം, ജർമ്മനി, യു.കെ, അയർലണ്ട്, സ്‌പെയിൻ, പോർച്ചുഗൽ, നൈജീരിയ, എത്യോപ്യ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലാണ് ഇത്തവണ ’40 ഡേയ്‌സ് ഫോർ ലൈഫ്’ നടക്കുന്നത്. ഗർഭഛിദ്ര ക്ലിനിക്കുകൾ മുന്നിൽ ഓരോ ദിവസവും 12 മണിക്കൂർ നേരമാണ് പ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നത്. സ്പെയിനില്‍ കോർഡോബയിൽ നടക്കുന്ന '40 ഡേയ്സ് ഫോർ ലൈഫ്' ക്യാംപെയിനിൽ പങ്കെടുക്കാൻ ചുരുങ്ങിയ സമയത്ത് തന്നെ ഇരുനൂറിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പെയിനില്‍ മാഡ്രിഡ്, ബാഴ്‌സലോണ, വല്ലഡോളിഡ്, പാംപ്ലോണ, വിറ്റോറിയ, കാഡിസ്, കാഡിസിന്റെ എൽ പ്യൂർട്ടോ ഡി സാന്താ മരിയ എന്നിവിടങ്ങളിലും ’40 ഡേയ്‌സ് ഫോർ ലൈഫ്’ നടക്കും. 2007ല്‍ ആരംഭിച്ച ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ അറുപത്തിമൂന്നോളം രാജ്യങ്ങളില്‍ സജീവമാണ്.