News - 2025

മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുവാന്‍ ഒരു വര്‍ഷം നീളുന്ന പദ്ധതിയുമായി കോസ്റ്ററിക്ക

പ്രവാചകശബ്ദം 06-10-2021 - Wednesday

സാന്‍ ജോസ്: ക്രിസ്തുവിനെ പതിനായിരങ്ങളിലേക്ക് എത്തിക്കുവാന്‍ ആഗോള മിഷൻ ഞായറായ ഒക്ടോബർ 24ന് ആരംഭം കുറിച്ച്‌ ഒരു വർഷത്തേക്ക് നീളുന്ന മിഷൻ പ്രവർത്തനങ്ങള്‍ സജീവമായി നടത്താന്‍ പദ്ധതിയുമായി മധ്യഅമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്കായിലെ മെത്രാൻ സമിതി. കോവിഡ് മഹാമാരി ഏല്‍പ്പിച്ച ദാരിദ്ര്യത്തിന്റെയും മറ്റ് ക്ലേശങ്ങളുടെയും പ്രതിസന്ധികള്‍ മനസിലാക്കിക്കൊണ്ടാണ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുവാന്‍ ഒരു വര്‍ഷം നീളുന്ന പദ്ധതിയ്ക്കു തുടക്കം കുറിക്കുന്നതെന്ന് മെത്രാന്‍ സമിതി പ്രസ്താവനയില്‍ കുറിച്ചു.

പല മിഷന്‍ പ്രദേശങ്ങളിലും ദാരിദ്ര്യം മൂലം വന്ന കുറവുകൾ നികർത്താൻ വിശ്വാസികളോടു ഉദാരമായി സംഭാവന ചെയ്യാനും മെത്രാൻ സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. "പ്രേഷിത ശിഷ്യൻമാർ: പ്രതീക്ഷയുടെ വാഹകർ" എന്ന ആപ്തവാക്യമാണ് ദേശീയ പ്രേഷിത പ്രവർത്തനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. 2021 -ൽ കോസ്റ്റാറിക്ക സർവകലാശാല നടത്തിയ പഠനപ്രകാരം കോസ്റ്ററിക്കയിലെ 47% പേർ കത്തോലിക്ക വിശ്വാസികളാണ്.

2021 ലെ മിഷൻ ദിനത്തിനുള്ള സന്ദേശത്തിൽ കരുണയുടെ മിഷൻ പ്രവർത്തനം വളരെ അടിയന്തരമാണെന്ന് ഫ്രാൻസിസ് പാപ്പ എഴുതിയിരുന്നു. ചരിത്രത്തിലെ തൊണ്ണൂറ്റിയഞ്ചാമത് മിഷൻ ദിനമാചരിക്കുന്ന ഈ വർഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകത്തിന്‍റെ പുറമ്പോക്കുകളിലേക്ക് കടന്നു ചെല്ലേണ്ട ഹൃദയങ്ങള്‍ ആവശ്യമെന്നും പാപ്പ എഴുതി. ക്രൈസ്തവരെന്ന നിലയിൽ കർത്താവിനെ നമുക്കായി മാത്രം പിടിച്ചുവയ്ക്കാനാവില്ല. സഭയുടെ സുവിശേഷ പ്രേഷിത ദൗത്യം ലോകത്തിന്‍റെ പരിവർത്തനത്തിന് വേണ്ടിയുള്ള അവിഭാജ്യ ഘടകമാണെന്നും അതിനാൽ അയൽക്കാരനെ ഏറ്റെടുക്കേണ്ടതും നമ്മുടെ വിളിയാണെന്ന് പാപ്പ തന്‍റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചിരിന്നു.

More Archives >>

Page 1 of 701