Arts - 2025

വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച് ബംഗാളി ഭാഷയില്‍ ആദ്യമായി പുസ്തകം

പ്രവാചകശബ്ദം 06-10-2021 - Wednesday

രാജ്ഷാഹി: വിശുദ്ധ യൗസേപ്പിതാവിനായി പ്രത്യേകം സമര്‍പ്പിക്കപ്പെട്ട ഈ വര്‍ഷത്തില്‍ വിശുദ്ധനോടുള്ള ആദരണാര്‍ത്ഥം ബംഗാളി ഭാഷയിലെ ആദ്യ പുസ്തകം പുറത്തിറങ്ങി. “വിശുദ്ധ യൗസേപ്പിതാവ്: കുടുംബങ്ങളുടേയും ആഗോള സഭയുടേയും സംരക്ഷകന്‍” എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ബംഗ്ലാദേശിലെ രാജ്ഷാഹി രൂപതയിലെ യുവ വൈദികനായ ഫാ. ജോഹോണ്‍ മിന്റോയാണ് എഴുതിയിരിക്കുന്നത്. മരിയാബാദ് ഇടവകയിലെ സെന്റ്‌ ലൂയീസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ കൂടിയായ ഫാ. മിന്റോ ലോക്ക്ഡൌണ്‍ കാലത്ത് വിശുദ്ധനെക്കുറിച്ച് നടത്തിയ അഗാധമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ബംഗാളി ഭാഷയില്‍ വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച് യാതൊരു പുസ്തകവും പ്രസിദ്ധീകരിച്ചിരിന്നില്ല.

വിശുദ്ധനെക്കുറിച്ച് പാപ്പമാര്‍ എഴുതിയിരിക്കുന്നവയുടെ തര്‍ജ്ജമകളും ഉള്‍പ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. താന്‍ വിശുദ്ധ യൗസേപ്പിതാവിന്റെ കടുത്ത ഭക്തനാണെന്നും, വിശുദ്ധന്‍ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്നും ‘ഏജന്‍സിയ ഫിദെസ്’ന് നല്‍കിയ അഭിമുഖത്തില്‍ ഫാ. മിന്റോ പറഞ്ഞു. ബംഗ്ലാദേശില്‍ വിശുദ്ധനെക്കുറിച്ചുള്ള പുസ്തകമൊന്നും ലഭ്യമല്ലെന്ന് പറഞ്ഞ ഫാ. മിന്റോ മാതാപിതാക്കളുടെ മാതൃകയായ വിശുദ്ധ യൗസേപ്പിനെ കുറിച്ചു നിരവധി അറിയപ്പെടാത്ത കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ ഈ പുസ്തകം വായനക്കാരെ സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. മെത്രാന്മാരും, വൈദികരും, കന്യാസ്ത്രീകളും വിശ്വാസികളും ഫാ. മിന്റോയുടെ ഉദ്യമത്തിന് അഭിനന്ദനവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഈ ഉദ്യമം സുപ്രധാനവുമായ സംരംഭമാണെന്നു രാജ്ഷാഹി രൂപതാധ്യക്ഷന്‍ ഗെര്‍വാസ് റൊസാരിയോ ഫാ. മിന്റോയെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. വിശുദ്ധ യൗസേപ്പിതാവിനായി സമര്‍പ്പിക്കപ്പെട്ട വര്‍ഷത്തില്‍ വിശുദ്ധനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയുവാന്‍ ഈ പുസ്തകം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്റ്റ്യന്‍ കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ‘പ്രോട്ടിഭാഷി പ്രോകാഷോണി’ ആണ് ഏഴു അധ്യായങ്ങളിലായി വിശുദ്ധ യൗസേപ്പിതാവിന്റെ നന്മകളെക്കുറിച്ചും, പ്രബോധനങ്ങളെ കുറിച്ചും അത്ഭുതങ്ങളെ കുറിച്ചും വിവരിക്കുന്ന 140 പേജുള്ള പുസ്തകത്തിന്റെ പ്രസാധകര്‍. ഈശോയുടെ വളര്‍ത്തു പിതാവിനോടുള്ള ആളുകളുടെ ഭക്തി കൂടുവാന്‍ തന്റെ പുസ്തകം കാരണമാവുമെന്ന പ്രതീക്ഷയിലാണ് ഫാ. മിന്റോ. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 31