India - 2025

ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടിയുള്ള ദേശീയ പുരസ്‌കാരം ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്

16-12-2021 - Thursday

കോട്ടയം: ഭിന്നശേഷിയുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിനു കോട്ടയം അതിരൂപത വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ, നെതര്‍ലന്‍ഡ്‌സ് കേന്ദ്രമായി അറുപതിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റിച്ചിംഗ് ലില്ലിയാനേ ഫോണ്ട്‌സ് എന്ന സംഘടനയുമായി ചേര്‍ന്നാണ് പുരസ്‌കാരം നല്‍കുന്നത്.

സാമൂഹ്യസേവനരംഗത്ത് പൊതുവായും ഭിന്നശേഷിയുള്ളവരുടെ വളര്‍ച്ചയ്ക്കു പ്രത്യേകമായും കഴിഞ്ഞ 24 വര്‍ഷത്തെ വിവിധ പ്രവര്‍ത്തനങ്ങളാണ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനെ അവാര്‍ഡിനര്‍ഹനാക്കിയത്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗങ്ങളായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലും കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലുമായി 18 വര്‍ഷം നല്‍കിയ നേതൃത്വം, സീറോ മലബാര്‍ സഭയുടെ സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളുടെ ചീഫ് കോ ഓര്‍ഡിനേറ്റര്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ ജോയിന്റ് സെക്രട്ടറിയായി ചെയ്ത സേവനങ്ങള്‍, സംസ്ഥാന സര്‍ക്കാരുമായും ത്രിതലപഞ്ചായത്തുകളുമായും ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി നടത്തിയ വിവിധ അവകാശ സംരക്ഷണ ഇടപെടലുകള്‍ എന്നിവ പരിഗണിച്ചാണ് ഫാ. മൈക്കിളിനെ പ്രത്യേക പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കിയ സമൂഹാധിഷ്ഠിത പുനരധിവാസ സിബിആര്‍ പദ്ധതിയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍, അഗാപ്പെ സെന്ററുകളിലൂടെയുള്ള പങ്കാളിത്താധിഷ്ഠിത പുനരധിവാസ മാതൃകകള്‍, അന്ധബധിര വ്യക്തികളുടെ ശാസ്ത്രീയ പരിശീലനത്തിനായി കേരളത്തില്‍ ആദ്യമായി തുടക്കം കുറിച്ച പരിശീലനകേന്ദ്രം, ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സ്വാശ്രയസംഘങ്ങള്‍, ഫെഡറേഷനുകള്‍, തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയവ അവാര്‍ഡ് ജൂറി പ്രത്യേകം പരിഗണിച്ചു.കോട്ടയം അതിരൂപതാ സോഷ്യല്‍ ആക്ഷന്‍ കമ്മീഷന്‍ ചെയര്‍മാനായും കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും ഗ്രീന്‍വാലി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും പ്രസിഡന്റായും ഫാ. മൈക്കിള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.


Related Articles »