India - 2025
സീറോമലബാർ സഭാസിനഡ് നാളെ ആരംഭിക്കും
പ്രവാചകശബ്ദം 06-01-2022 - Thursday
കാക്കനാട്: സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ മുപ്പതാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം നാളെ ജനുവരി 7ന് വൈകുന്നേരം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിൽ ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്നു വിരമിച്ചവരുമായ 57 വൈദികമേലധ്യക്ഷൻമാർ സിനഡിൽ പങ്കെടുക്കും. വിരമിച്ച 5 മെത്രാൻമാർ അനാരോഗ്യംമൂലം സിനഡിൽ പങ്കെടുക്കുന്നില്ല.
ജനുവരി 7 വെള്ളിയാഴ്ച മുതൽ 15 ശനിയാഴ്ച വരെയുള്ള ദിവസങ്ങളിലാണ് സിനഡ് സമ്മേളനം നടക്കുന്നത്. സഭയും സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ സിനഡിൽ ചർച്ച ചെയ്യുന്നതാണ്. കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ 2020 ആഗസ്റ്റ് മാസത്തിലും 2021 ജനുവരി മാസത്തിലും 2021 ആഗസ്റ്റ് മാസത്തിലുമായി മൂന്ന് സിനഡ് സമ്മേളനങ്ങൾ നടത്തിയത് ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലാണ്. പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം നല്കിയ പ്രത്യേക മാർഗരേഖയനുസരിച്ചാണ് ഇത്തരത്തിൽ ഓൺലൈനായി സിനഡ് സമ്മേളനങ്ങൾ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുവരുത്തിയ സാഹചര്യത്തിലാണ് പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം ആദ്യമായി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച് മെത്രാൻ സിനഡ് നടത്തുന്നത്.