Arts - 2025
യേശുവിനെ അടക്കം ചെയ്ത തിരുക്കല്ലറപ്പള്ളിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുനഃരാരംഭം
പ്രവാചകശബ്ദം 16-03-2022 - Wednesday
ജെറുസലേം: യേശുവിനെ അടക്കം ചെയ്തിരിക്കുന്ന കല്ലറ സ്ഥിതിചെയ്യുന്ന തിരുക്കല്ലറപ്പള്ളിയില്‍ (ഹോളി സെപ്പള്‍ച്ചര്‍) വര്‍ഷങ്ങളായി നടന്നുവരുന്ന പുനരുദ്ധാരണ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ സുപ്രധാന ഘട്ടത്തില്‍. തറയുടെ പുനരുദ്ധാരണവും, കല്ലറയുടെ സുരക്ഷ ഉറപ്പാക്കുന്ന ജോലികള്‍ക്കും തുടക്കമായെന്ന്‍ വിശുദ്ധ നാടിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്ന കത്തോലിക്ക, ഗ്രീക്ക് ഓര്‍ത്തഡോക്സ്, അര്‍മേനിയന്‍ സഭാ പ്രതിനിധികള്‍ അറിയിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 14-ന് ബസിലിക്കയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ക്കു ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ തലവന്‍ തിയോഫിലോസ് മൂന്നാമന്‍, അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ് പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സെവാന്‍ ഘരീബിയാന്‍, ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍ തുടങ്ങിയവര്‍ സംയുക്തമായ ആരംഭം കുറിച്ചു.
ഗ്രീക്ക്, ലാറ്റിന്‍, അര്‍മേനിയന്‍ ഭാഷകളില്‍ ചൊല്ലിയ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍, മൂന്ന് ക്രിസ്ത്യന്‍ നേതാക്കളും ഒരുമിച്ച് തിരുക്കല്ലറയുടെ ആദ്യ കല്ല് ഉയര്‍ത്തിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റിന്റെ നേതൃത്വത്തില്‍ 2016-2017 കാലയളവിലാണ് പുനരുദ്ധാരണ പദ്ധതി ആരംഭിച്ചത്. ‘ലാ വെനാരിയറിയല്‍ ഫൌണ്ടേന്‍’, റോമിലെ ‘ലാ സാപിയന്‍സാ’ സര്‍വ്വകലാശാല, മിലാന്‍ പൊളിടെക്നിക്ക്, പാദുവായിലെ മാനെന്‍സ് കമ്പനി, ടൂറിനിലെ ഐ.ജി. ജിയോടെക്നിക്കല്‍ എഞ്ചിനീയറിംഗ് എന്നിവരുമായി സഹകരിച്ചാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. തറയുടെ രൂപകല്‍പ്പന-പുനരുദ്ധാരണം, യേശുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന എഡിക്യൂളിന്റെ അറ്റകുറ്റപ്പണികള്‍, ഇലക്ട്രിക്കല്‍, ഹൈഡ്രോളിക്, മെക്കാനിക്കല്‍, അഗ്നിശമന ഉപകരണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമാണ് ഈ ഘട്ടത്തില്‍ നടത്തുക.
എഡിക്യൂളിന്റെ പുനരുദ്ധാരണം ലോകത്തിന്റെ പ്രതീക്ഷയുടെ അടയാളമാണെന്നു പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍ പറഞ്ഞു. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു പ്രഖ്യാപിക്കപ്പെട്ട രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞിരിന്നെല്ലെന്നു ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍ പ്രസ്താവിച്ചു. യുദ്ധത്തിന്റേയും പകര്‍ച്ചവ്യാധിയുടേതുമായ ഈ കാലഘട്ടത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു അര്‍ത്ഥതലമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ഭാഗമായ വിദഗ്ദര്‍ തങ്ങളാല്‍ കഴിയും വിധം ഏറ്റവും നന്നായി തന്നെ ഈ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന പ്രത്യാശ ആര്‍ച്ച് ബിഷപ്പ് സെവാന്‍ ഘരീബിയാന്‍ പങ്കുവെച്ചു. ലോക പ്രശസ്തമായ തിരുക്കല്ലറ ദേവാലയം ലക്ഷകണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക