Arts - 2025
ന്യൂയോര്‍ക്ക് തെരുവുകള്‍ക്ക് പുതുജീവന്‍ നല്‍കി സെന്റ് പാട്രിക് പരേഡ് വീണ്ടും
പ്രവാചകശബ്ദം 18-03-2022 - Friday
ന്യൂയോര്‍ക്ക്: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ മൂലം പരിമിതപ്പെട്ടുപോയ സെന്റ് പാട്രിക് ദിന പരേഡ് രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്കിന്റെ തെരുവുകളെ വീണ്ടും പ്രകമ്പനം കൊള്ളിച്ചു. ഇന്നലെ മാര്‍ച്ച് 17 രാവിലെ 11 മണിക്ക് ഫിഫ്ത് അവന്യൂവിലെ ഈസ്റ്റ് 44 റോഡില്‍ നിന്നും ആരംഭിച്ച് ഈസ്റ്റ് 79 റോഡില്‍ അവസാനിച്ച പരേഡ് ആലസ്യത്തില്‍ ആണ്ടു കിടന്നിരുന്ന ന്യൂയോര്‍ക്കിന്റെ തെരുവിന് അക്ഷരാര്‍ത്ഥത്തില്‍ പുതുജീവന്‍ നല്‍കുകയായിരുന്നു. മഴയുടെ ഭീഷണി ഉണ്ടായിരുന്നിട്ടുപോലും ഏതാണ്ട് ഒന്നരലക്ഷത്തോളം ആളുകള്‍ പരേഡില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും പഴക്കമേറിയ സെന്റ് പാട്രിക് പരേഡ് എന്നാണ് ന്യൂയോര്‍ക്കിലെ പരേഡ് അറിയപ്പെടുന്നത്.
തിരുസഭയുടെ പ്രേഷിത ദൗത്യത്തില്‍ അയര്‍ലന്‍ഡിന്റെ മധ്യസ്ഥ വിശുദ്ധനായ വിശുദ്ധ പാട്രിക്കിന്റെ തിരുനാള്‍ ദിനത്തിനുള്ള പ്രാധാന്യത്തേ കുറിച്ച് പരേഡിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാനമധ്യേ നടത്തിയ പ്രസംഗത്തിനിടയില്‍ ബ്രൂക്ലിന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബ്രെണ്ണന്‍ വിവരിച്ചു. പരേഡുകളും, പ്രദിക്ഷണങ്ങളും നമ്മുടെ ക്രിസ്തു വിശ്വാസത്തെ തെരുവിലും സമൂഹങ്ങളിലും എത്തിക്കുമെന്ന് പറഞ്ഞ മെത്രാന്‍, ആഘോഷകരമായ രീതിയില്‍ ബാന്‍ഡ് മുഴക്കിയും, ചെണ്ടക്കൊട്ടിയും നാം ക്രിസ്തുവിന്റെ കുരിശിനേയും വിശുദ്ധ പാട്രിക്കിനേയും, ഉയര്‍ത്തിപ്പിടിക്കുന്നതും, അവന്റെ സുവിശേഷവും, സ്വാതന്ത്ര്യവും പ്രഘോഷിക്കുന്നതും, അവന്റെ സുവിശേഷങ്ങളില്‍ ജീവിക്കുന്നതും ആഘോഷത്തിന്റെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു.
അമേരിക്കയെ നടുക്കിയ സെപ്റ്റംബര്‍ 11-ലെ തീവ്രവാദി ആക്രമണം നടന്നിട്ട് ഇരുപത് വര്‍ഷങ്ങള്‍ തികയുകയാണെന്ന വസ്തുത ഇക്കൊല്ലത്തെ പരേഡിലെ അനുസ്മരണമായി മാറി. സെപ്റ്റംബര്‍ 11-ന്റെ സ്മരണാര്‍ത്ഥം ഉച്ചയോടടുത്തപ്പോള്‍ പരേഡ് കുറച്ച് നേരത്തേക്ക് നിറുത്തുകയും നഗരത്തിനു ചുറ്റുമുള്ള പള്ളിമണികള്‍ മുഴക്കുകയും പരേഡില്‍ പങ്കെടുത്ത എല്ലാവരും ഒരുനിമിഷത്തേക്ക് ‘ഗ്രൗണ്ട് സീറോ’ യുടെ ദിശയിലേക്ക് തിരിഞ്ഞ് മൗനമായി നില്‍ക്കുകയും ചെയ്തു. സെന്റ് പാട്രിക് കത്തീഡ്രലിന്റെ പടിക്കല്‍ നിന്നുകൊണ്ട് ബിഷപ്പ് എഡ്മണ്ട് വാലന്‍ പ്രത്യേക പ്രാര്‍ത്ഥന അര്‍പ്പിച്ചു.
ഏതാണ്ട് 415 AD യിലാണ് റോമന്‍ അധിനിവേശത്തിലുള്ള ബ്രിട്ടണില്‍ വിശുദ്ധ പാട്രിക്ക് ജനിച്ചത്. വിശുദ്ധന് 16 വയസ്സുള്ളപ്പോള്‍ അദ്ദേഹം ആട് മേച്ചുകൊണ്ടിരിക്കുന്ന സമയത്ത് ആക്രമകാരികളായ ചില അയര്‍ലന്‍റുകാര്‍ അദ്ദേഹത്തെ തട്ടികൊണ്ട് പോവുകയും അടിമയാക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധന്‍ അവിടെനിന്നും രക്ഷപ്പെടുകയും ബ്രിട്ടണില്‍ തിരിച്ചെത്തുകയും ചെയ്തു. അടിമത്വത്തില്‍ പട്ടിണിയും ദുഃഖവുമായി കഴിയവേയാണ് പാട്രിക് യേശു ക്രിസ്തുവില്‍ ആകൃഷ്ടനാകുന്നത്. അടിമത്വത്തേയും, ഐറിഷ് രാജാവിനേയും വരെ എതിര്‍ക്കുവാന്‍ ധൈര്യം കാണിച്ച വിശുദ്ധന്‍ ആയിരങ്ങളെയാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക