Faith And Reason - 2024

ആക്രമണത്തില്‍ ഇരകളാക്കപ്പെടുന്നവരുടെ അടുത്തെത്തി വൈദികർക്ക് പ്രാർത്ഥിക്കാം: പുതിയ തീരുമാനവുമായി ബ്രിട്ടീഷ് പോലീസ്

പ്രവാചകശബ്ദം 06-04-2022 - Wednesday

ലണ്ടന്‍: ബ്രിട്ടനിൽ കുറ്റകൃത്യങ്ങളുടെ ഇരകളാക്കപ്പെടുന്നവരുടെ അടുത്തെത്തി വൈദികർക്ക് പ്രാർത്ഥിക്കാൻ അനുവദിക്കുന്നതു സംബന്ധിച്ച നിർദ്ദേശം ബ്രിട്ടീഷ് പോലീസ് ഔദ്യോഗികമായി പുറത്തിറക്കി. കഴിഞ്ഞവർഷം ഒരു തീവ്രവാദിയുടെ ആക്രമണമേറ്റ് ബ്രിട്ടീഷ് എംപിയായ ഡേവിഡ് അമെസ് മരണത്തെ മുഖാമുഖം കണ്ടു കിടക്കുമ്പോൾ അവിടേക്ക് എത്തിയ വൈദികന് രോഗിലേപനം നൽകാൻ ബ്രിട്ടീഷ് പോലീസ് അനുമതി നൽകാതിരുന്നത് വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പഠനത്തിന് ശേഷം പുതിയ തീരുമാനം പോലീസ് വിഭാഗം കൈക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിലും, വെയിൽസിലും കുറ്റകൃത്യങ്ങളുടെ ഇരകളാക്കപ്പെടുന്നവരുടെ മതപരമായ ആവശ്യം നിറവേറ്റാൻ ഉത്തരവ് ഉപകാരപ്രദമാകുമെന്ന് കത്തോലിക്കാ നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നു എസക്സിൽ ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന സമയത്താണ് അടിയുറച്ച കത്തോലിക്ക വിശ്വാസിയും പ്രോലൈഫ് ഇടപെടലുകളിലൂടെ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുകയും ചെയ്ത ബ്രിട്ടീഷ് എംപി ഡേവിഡ് അമെസ് സോമാലിയന്‍ വേരുകളുള്ള അലി ഹർബി അലി എന്ന ആളുടെ കത്തി അക്രമണത്തിന് ഇരയാകുന്നത്. സര്‍ ഡേവിഡ് അമെസ് കത്തിക്കുത്തേറ്റ് മരണാസന്നനായി കിടക്കുകയാണെന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ അന്ത്യകൂദാശ നല്‍കുന്നതിനായി സംഭവസ്ഥലത്ത് ഫാ. ജെഫ്രി എന്ന വൈദികന്‍ എത്തിചേര്‍ന്നെങ്കിലും പോലീസ് തടയുകയായിരിന്നു. അധികം വൈകാതെ അദ്ദേഹം മരിച്ചു. ഇതിന് പിന്നാലേ വ്യാപക വിമര്‍ശനമാണ് രാജ്യമെമ്പാടും ഉയര്‍ന്നത്.

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആക്രമണങ്ങളിൽ മരണാസന്നരായവര്‍ക്ക് രോഗിലേപനം നൽകാൻ കത്തോലിക്ക വൈദികർക്ക് അനുവാദം നൽകുന്നതിനെപ്പറ്റി പഠിക്കാൻ പുതിയ സമിതിക്ക് ബ്രിട്ടീഷ് മെത്രാൻ സമിതി അധ്യക്ഷനും വെസ്റ്റ് മിന്‍സ്റ്റർ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ വിൻസന്റ് നികോൾസും, ലണ്ടൻ പോലീസ് മേധാവി ക്രസേഡ ഡിക്കും രൂപം നൽകിയിരിന്നു. ഈ സമിതിയുടെ തീരുമാനമാണ് ഒടുവില്‍ ഫലം കണ്ടിരിക്കുന്നത്. വ്യക്തവും, വിവേകപരവുമായ നിർദ്ദേശങ്ങൾ പുറത്തിറക്കുന്നതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നതായി കാത്തലിക്ക് യൂണിയൻ ഓഫ് ഗ്രേറ്റ് ബ്രിട്ടണിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ നൈജൽ പാർക്കർ പറഞ്ഞു.

More Archives >>

Page 1 of 66