India - 2025
ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 97-ാം ചരമവാർഷിക അനുസ്മരണം നടന്നു
03-06-2022 - Friday
ചങ്ങനാശേരി: സാമൂഹിക തിന്മകൾക്കെതിരേ പോരാടിയ പുണ്യാത്മാവായിരുന്നു ധന്യൻ മാർ തോമസ് കുര്യാളശേരിയെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 97-ാം ചരമവാർഷിക അനുസ്മരണ ദിവ്യബലി മധ്യേ സന്ദേശം നൽകുകയായിരുന്നു ആർച്ചുബിഷപ്പ്. മദ്യത്തിനും ലഹരിക്കുമെതിരായ പോരാട്ടത്തിൽ മാർ കുര്യാളശേരി ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്നതായും മദ്യം സുലഭമായി ഒഴുക്കുന്ന ഇപ്പോഴത്തെ സർക്കാരിന്റെ നയം പ്രതിഷേധാർഹമാണെന്നും ആർച്ചുബിഷപ്പ് കുട്ടിച്ചേർത്തു.
താമരശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ, വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ തുടങ്ങിയവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ചു. നേർച്ച സദ്യയുടെ വെഞ്ചരിപ്പുകർമവും മാർ തോമസ് കുര്യാളശേരിയുടെ ജീവിതത്തെ ആധാരമാക്കി തയാറാക്കിയ ചിത്രകഥാപുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെയും യൂക്കരിസ്റ്റിക് പതിപ്പിന്റെയും പ്രകാശനവും മാർ റെമജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. എസ്‌എബിഎസ് സുപ്പീരിയർ ജനറൽ മദർ റോസിലിൻ ഒഴുകയിലും ചങ്ങനാശേരി പ്രോവിൻഷ്യാൾ മദർ ലില്ലി റോസും പുസ്തകങ്ങൾ ഏറ്റുവാങ്ങി. പോസ്റ്റുലേറ്റർ ഡോ. സി സ്റ്റർ തെരേസാ നടുപ്പടവിൽ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ ലിസി ജോസ് വടക്കേചിറയാത്ത് എന്നിവർ പ്രസംഗിച്ചു.