India - 2025

ബഫര്‍ സോണ്‍ സുപ്രീം കോടതി വിധി ആശങ്കാജനകം; സര്‍ക്കാര്‍ സത്വര നടപടിയെടുക്കണമെന്ന് കെസിബിസി

പ്രവാചകശബ്ദം 09-06-2022 - Thursday

കൊച്ചി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മുതല്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ദുഃഖകരമാണെന്നും സര്‍ക്കാര്‍ സത്വരമായി ഇടപെടണമെന്നും കെസിബിസി. മലയോര കര്‍ഷകരുടെയും വനാതിര്‍ത്തികളില്‍ വസിക്കുന്നവരുടെയും ജീവിതം ദുരിത പൂര്‍ണമാക്കുന്നതാണ് ഈ വിധി. കേരളത്തിലെ 24 വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റുമായി 4 ലക്ഷം ഏക്കര്‍ ഭൂമി ഈ വിധിയിലൂടെ ബഫര്‍ സോണായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഇവിടെ വസിക്കുന്ന ഒന്നര ലക്ഷത്തോളം കുടുംബങ്ങള്‍ ഈ വിധിയിലൂടെ വഴിയാധാരമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ബഫര്‍ സോണില്‍ നടപ്പാക്കുന്ന കര്‍ശന നിയമങ്ങളിലൂടെ ഈ കര്‍ഷകര്‍ യാതൊരു പ്രതിഫലവുമില്ലാതെ കുടിയിറങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്.

ഒരു വ്യാഴവട്ടക്കാലമായി കര്‍ഷകര്‍ സര്‍ക്കാരിന്റെ മുന്നില്‍ ഉന്നയിച്ച ആവശ്യങ്ങളൊന്നും തന്നെ കോടതിയില്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല എന്നാണ് ഈ വിധിയില്‍ നിന്ന് മനസ്സിലാക്കുന്നത്. പരിസ്ഥിതി സംരക്ഷണം എക്കാലവും സഭയുടെ പ്രഖ്യാപിതനയം തന്നെയാണ്. എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാരം മുഴുവന്‍ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുടെ മേല്‍ അടിച്ചേല്പിക്കുന്നത് നീതിയല്ല. ബഫര്‍ സോണിലെ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സത്വരമായി ഇടപെടണം. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും കര്‍ഷക പക്ഷത്തുനിന്നുകൊണ്ട് ഈ പ്രതിസന്ധിക്കു പരിഹാരം കാണാന്‍ സന്നദ്ധമാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം ‍

ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം ജൂലൈ 3-ന് കേരളസഭയിലെ എല്ലാ ഇടവകകളിലും സമുചിതമായി ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നു.

ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കാജനകം ‍

ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരായി വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളില്‍ കെസിബിസി ഉത്കണ്ഠ രേഖപ്പെടുത്തുന്നു. കഴിഞ്ഞ പെന്തക്കുസ്താതിരുനാളില്‍ നൈജീരിയായിലെ ഓവോയിലെ സെന്റ് ഫ്രാന്‍സീസ് ദൈവാലയത്തില്‍ മതതീവ്രവാദികള്‍ നടത്തിയ വെടിവെയ്പില്‍ 50-ല്‍ പരം ക്രൈസ്തവര്‍ കൊല്ലപ്പെട്ട ദാരുണ സംഭവം ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ്. 2021 മുതല്‍ ഇതിനോടകം 6000ല്‍ പരം ക്രൈസ്തവര്‍ നൈജീരിയായില്‍ മാത്രം നിഷ്ഠൂരമായി കൂട്ടക്കൊല ചെയ്യപ്പെട്ടിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ ഇത്തരം സംഭവങ്ങളില്‍ പുലര്‍ത്തുന്ന മൗനവും നിസ്സംഗതയും ഏറെ ദു:ഖകരമാണ്. മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും മഹത്വവല്‍ക്കരിക്കുന്നതുമായ സംഭവങ്ങള്‍ കേരളത്തിലും വര്‍ദ്ധിച്ചുവരുന്നത് ആശങ്കജനകമാണെന്നും കെസിബിസി വിലയിരുത്തുന്നു. മതതീവ്രവാദ നിലപാടുകള്‍ക്കെതിരേ സര്‍ക്കാര്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും കെ‌സി‌ബി‌സി ആവശ്യപ്പെട്ടു.

More Archives >>

Page 1 of 462