India - 2025

സുവിശേഷ പ്രഘോഷണത്തിന് മീഡിയയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഫാ. ഡാനി കപ്പൂച്ചിൻ

പ്രവാചകശബ്ദം 17-06-2022 - Friday

കണ്ണൂര്‍: എംഎസ്എംഐ സന്യാസിനി സമൂഹത്തിന്റെ മീഡിയ മിനിസ്ട്രിയുടെ ഭാഗമായി ആരംഭിച്ച മീഡിയ ഹോം നെല്ലിക്കുറ്റിയില്‍ 'വരയന്‍' സിനിമയുടെ തിരക്കഥാകൃത്ത് ഫാ. ഡാനി കപ്പൂച്ചിന്‍ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനനസരിച്ചുള്ള സുവിശേഷ പ്രാഘോഷണത്തിന് മീഡിയയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫാ. ഡാനി കപ്പൂച്ചിന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ലോകത്തിന്റെ അതിരുകളെ മായിച്ചുകളയുന്നതാണ് മീഡിയയെന്നും ക്രിസ്തുവിന്റെ സ്‌നേഹം എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് നാം ഈ മീഡിയ മിനിസട്രിയിലൂടെ ലക്ഷ്യമിടേണ്ടതെന്നും ഫാ ഡാനി പറഞ്ഞു. ജന മനസ്സുകളിൽ നന്മയുടെയും കാരുണ്യത്തിന്റെയും സന്ദേശം പകർന്നു നൽകാൻ സാൻജോ മീഡിയ ഹോമിനു കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

എംഎസ്എംഐ സന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറല്‍ സി. ഫിന്‍സി അധ്യക്ഷത വഹിച്ചു. മീഡിയയുടെ അനന്തസാധ്യതകള്‍ സുവിശേഷ പ്രഘോഷണത്തിനായ് ഉപയോഗപ്പെടുത്തുവാനും മീഡിയയിലൂടെ ലോകത്തിനു പുത്തൻ പ്രതീക്ഷ പകരാനും കഴിയട്ടെയെന്നു സിസ്റ്റർ ഫിൻസി പറഞ്ഞു. എംഎസ്എംഐ സന്യാസിനി സഭയുടെ തലശേരി സാൻജോസ് പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. ആന്‍സി മാത്യു മുഖ്യപ്രഭാക്ഷണം നടത്തി. പ്രോവിന്‍ഷ്യല്‍ കൗണസിലർ ആയ സി. ടെസ്സാ മാനുവേല്‍, നെല്ലിക്കുറ്റി വിമലഗിരി കോണ്‍വെന്റിന്റെ സുപ്പീരിയര്‍ സി ലിസി ജോര്‍ജ്, നെല്ലിക്കുറ്റി ഇടവക വികാരി ഫാ റോബിന്‍സണ്‍ ഓലിക്കല്‍, വികാർ പ്രോവിൻഷ്യൽ സിസ്റ്റർ തെരെസ് കുറ്റിക്കാട്ടുകുന്നേൽ,ലൈസൻ മാവുങ്കല്‍എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സി. ജിന്‍സി പോളും, സി. ജ്യോതി ജയിംസും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

എം സ് എം ഐ സാൻജോ ഹോം ഒരുക്കിയ ഒരുതുള്ളി എന്ന ഷോർട് ഫിലിം പരമ്പര ഏറെ ജന ശ്രദ്ധ നേടിയിരുന്നു. വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ഫോട്ടോഗ്രാഫി, വീഡിയോ ഗ്രാഫി, ഫിലിം & വീഡിയോ എഡിറ്റിങ്ങ്, ഡബിങ്ങ്, മിക്സിങ്ങ്, മാസ്റ്ററിങ്ങും കൂടാതെ ലൈവ് സംപ്രേഷണം സാന്‍ജോ മീഡിയ ഹോമിന്റെ നേതൃത്വത്തില്‍ പ്രൊഫഷ്ണലായി ചെയ്തു കൊടുക്കും.

സാന്‍ജോ മീഡിയ ഹോമുമായി ബന്ധപ്പെടേണ്ട നമ്പര്‍: 7592806577, 7034617543

More Archives >>

Page 1 of 464