India - 2025
ഒരു യഥാർഥ മിഷ്ണറിയുടെ ദൗത്യം മനഃപരിവർത്തനം: കര്‍ദ്ദിനാള്‍ മാർ ജോര്‍ജ്ജ് ആലഞ്ചേരി
പ്രവാചകശബ്ദം 19-07-2022 - Tuesday
ഉജ്ജൈൻ: ഒരു യഥാർഥ മിഷ്ണറിയുടെ ദൗത്യം മനഃപരിവർത്തനം ആണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി. മിഷ്ണറിമാർ ക്രിസ്തുവിന് സാക്ഷികളാകാൻ വിളിക്കപ്പെട്ടവരാണ്. ആരംഭ കാലഘട്ടങ്ങളിൽ ദരിദ്രരും അവഗണിക്കപ്പെട്ടവരുമായവർക്ക് കൈത്താങ്ങായി നിന്ന മിഷ്ണറിമാർ പിന്നീടു സംസ്കാരിക മൂല്യങ്ങളെ കൈവിടാതെ സഭയുടെ മിഷൻ പ്രവർത്തനം വ്യത്യസ്ത മേഖലകളിൽ തുടർന്നുവെന്നതും കർദ്ദിനാൾ ചൂണ്ടിക്കാട്ടി. റൂഹാലയ തിയോളജി മേജർ സെമിനാരി പ്രേഷിതോന്മുഖമായ ദൈവശാസ്ത്ര പരിശീലനം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച അഖിലേന്ത്യാ സിംപോസിയത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാർ ആലഞ്ചേരി. ഓൺലൈനായി നടത്തിയ അഞ്ചുദിവസത്തെ സമ്മേളനം തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് ഉദ്ഘാടനം ചെയ്തത്.
സെന്റ് തോമസ് മീഷനറി സൊസൈറ്റിയുടെ കീഴിൽ ഉജ്ജൈനിൽ ഉള്ള റൂഹാലയ സെമിനാരിയുടെ ദൈവശാസ്ത്ര വിഭാഗത്തിന്റെ രജതജൂബിലിയുടെ ഭാഗമായാണ് സിം പോസിയം സംഘടിപ്പിച്ചത്. റവ. ഡോ. ജോസ് പാലക്കീൽ ആയിരുന്നു മുഖ്യ സംഘാടകൻ. ഇന്ത്യയിലെ വിവിധ മേജർ സെമിനാരികളിൽ നിന്നുള്ള ഇരുപത് ബൈബിൾ പണ്ഡിതരും ദൈവശാസ്ത്രജ്ഞരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാരികളിലെ വൈദികപരിശീലനം കാലാനുസൃതമാക്കാനുള്ള വിവിധ ആശയങ്ങളും പദ്ധതികളും ചർച്ച ചെയ്തു. ഉജ്ജൈൻ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ, സാഗർ രൂപതാധ്യക്ഷൻ മാര്‍ ജെയിംസ് അത്തിക്കളം, ഇൻഡോർ രൂപതാധ്യക്ഷൻ മാർ ചാക്കോ തോട്ടുമാരിക്കൽ എന്നിവരും പങ്കെടുത്തു.