Arts

വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം കേന്ദ്രമാക്കിയുള്ള ഡോക്യുമെന്ററിയ്ക്കു പാപ്പയുടെ അഭിനന്ദനം

പ്രവാചകശബ്ദം 03-09-2022 - Saturday

കാലിഫോര്‍ണിയ: അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്ററി നിര്‍മ്മിച്ച അമേരിക്കന്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ ക്നൈറ്റ്സ് ഓഫ് കൊളംബസിന് ഫ്രാന്‍സിസ് പാപ്പയുടെ അഭിനന്ദനം. സംഘടനയുടെ അധ്യക്ഷനായ പാട്രിക് കെല്ലിക്ക് അയച്ച കത്തിലൂടെയായിരുന്നു പാപ്പ അഭിനന്ദനമറിയിച്ചത്. ജീവിതവും, സാക്ഷ്യവും ഏറെ ഫലങ്ങള്‍ നല്‍കിയ ഈ വിശുദ്ധയുടെ ജീവിതം പകര്‍ത്തുവാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് നന്ദിയെന്നും വിശുദ്ധി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും 'Mother Teresa: No Greater Love' എന്ന ഡോക്യുമെന്ററി ഗുണം ചെയ്യുമെന്നും പാപ്പ കത്തില്‍ കുറിച്ചു. ഓഗസ്റ്റ് 29ന് റോമിലെ നോര്‍ത്ത് അമേരിക്കന്‍ സെമിനാരി കോളേജിലും, ഓഗസ്റ്റ് 31-ന് വത്തിക്കാന്‍ ഫിലിം ലൈബ്രറിയിലും ഡേവിഡ് നഗ്ളിയേരി സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരിന്നു.

വിശുദ്ധയെ നേരിട്ട് കാണുവാനോ, വിശുദ്ധയെ കുറിച്ച് കൂടുതല്‍ അറിയുവാനോ ഇന്നത്തെ യുവജനങ്ങള്‍ക്ക്‌ കഴിയുന്നില്ലെന്നും മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിലൂടെ വിശുദ്ധ കാണിച്ചു തന്ന ജീവിതവും, വിശുദ്ധയുടെ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും സംവിധായകനായ നഗ്ളിയേരി പറഞ്ഞു. കരുണയാണ് തങ്ങളുടെ പ്രഥമ തത്വമെന്നും, അതുകൊണ്ട് തന്നെയാണ് മദര്‍ തെരേസയെ തന്നെ മാതൃകയാക്കിയതെന്നുമായിരിന്നു സംഘടനയുടെ സുപ്രീം ക്നൈറ്റായ പാട്രിക് കെല്ലിയുടെ പ്രതികരണം.

ഡോക്യുമെന്ററി ഫിലിം പുതു തലമുറക്ക് മദര്‍ തെരേസയെ പരിചയപ്പെടുത്തി കൊടുക്കുമെന്നും, മദര്‍ തെരേസ മരിക്കുമ്പോള്‍ വെറും 10 വയസ്സില്‍ താഴെ മാത്രം പ്രായമുണ്ടായിരുന്ന സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കായി സിനിമയുടെ ഒരു പ്രദര്‍ശനം ഒരുക്കിയെന്നും അദ്ദേഹം സ്മരിച്ചു.

വിശുദ്ധ മദര്‍ തെരേസയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായ ഫാ. ബ്രിയാന്‍ കോളോഡിജ്ചുക്ക്, കര്‍ദ്ദിനാള്‍ കോളേജിലെ ഡീനായ കര്‍ദ്ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ, പേപ്പല്‍ ബസലിക്കയുടെ മുഖ്യപുരോഹിതനായ കര്‍ദ്ദിനാള്‍ ജെയിംസ് മൈക്കേല്‍ ഹാര്‍വെ, വത്തിക്കാനിലെ അമേരിക്കന്‍ അംബാസഡര്‍ ജോ ഡോണെല്ലി തുടങ്ങിയ പ്രമുഖര്‍ വത്തിക്കാന്‍ ലൈബ്രറിയില്‍ സംഘടിപ്പിച്ച പ്രദര്‍ശനം കാണുവാനെത്തിയിരുന്നു. ഫ്രാന്‍സിസ് പാപ്പ പ്രദര്‍ശനം കാണുവാന്‍ എത്തിയിരുന്നില്ലെങ്കിലും ഡോക്യുമെന്ററിയുടെ പകര്‍പ്പ് പാപ്പക്ക് നല്‍കിയിട്ടുണ്ടെന്നും കെല്ലി പറഞ്ഞു.

മിഷണറീസ് ഓഫ് ചാരിറ്റി പ്രചാരം ആഗ്രഹിക്കുന്നവരല്ല. അവര്‍ ചെയ്യുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെയും, സുവിശേഷത്തിലൂടെയുള്ള അവരുടെ ജീവിതത്തെയും എടുത്തു കാട്ടുവാന്‍ ലഭിച്ച അവസരമാണിതെന്നും ഈ ഡോക്യുമെന്ററി ജനങ്ങളെ സ്വാധീനിക്കുകയും അവരെ വിശ്വാസത്തോട് കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുമെന്നു ‘കാത്തലിക്ക് ന്യൂസ് ഏജന്‍സി’ക്ക് നല്‍കിയ അഭിമുഖത്തില്‍ നഗ്ളിയേരി പറഞ്ഞു. ഒക്ടോബര്‍ 3-4 തീയതികളിലായി അമേരിക്കയിലെമ്പാടുമുള്ള 960-ഓളം തിയേറ്ററുകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചേക്കും.


Related Articles »