India - 2025

അല്‍മായ ശാക്തീകരണത്തിന് ദേശീയതല പൊതുവേദിയുണ്ടാക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ

പ്രവാചകശബ്ദം 12-11-2022 - Saturday

കൊച്ചി: ഭാരത കത്തോലിക്കാ സഭയിലെ അല്മായ പ്രവർത്തനങ്ങളുടെ ശാക്തീകരണത്തിന് ദേശീയതല പൊതുവേദിയുണ്ടാക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ. സിനഡാത്മക സഭയിൽ അല്മായ പങ്കാളിത്തം വളരെ വലുതാണ്. സഭയുടെ മുഖ്യധാരയിൽ അല്മായ സമൂഹവും സംഘടനകളും ഒരുമിച്ചു പ്രവർത്തിക്കേണ്ടതാണ്. അതിനാൽ ഭാരത കത്തോലിക്കാ സഭയിലെ അല്‍മായ പ്രവർത്തന പരിപാടികൾ കൂടുതൽ ശക്തമാക്കാനുള്ള പൊതുവേദികളും പദ്ധതികളും ആരംഭിക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.

ബംഗളൂരു സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ചേർന്ന സിബിസിഐ സമ്മേളനത്തിൽ ലൈയ്റ്റി കൗൺസിൽ പ്രവർത്തന റിപ്പോർട്ടും പദ്ധതികളും അവതരിപ്പിച്ചു. നിസ്വാർഥ സേവനം ചെയ്യുന്ന ഭാരത കത്തോലിക്കാ സഭയിലെ അല്മായരെ ഉൾപ്പെടുത്തി ദേശീയതലത്തിൽ ലെയ്റ്റി കൺസൾട്ടേഷൻ ഫോറത്തിനും രൂപം നല്കും. ഇന്ത്യയിലെ 14 സിബിസിഐ റീജണൽ കൗൺസിലുകളിലും ലെയ്റ്റി കോൺഫറൻസ് സംഘടിപ്പിക്കും.

ഭാരതത്തിലെ ആനുകാലിക രാഷ്ട്രീയ - സാമൂഹ്യ പശ്ചാത്തലത്തിൽ ക്രൈസ്തവ സമൂഹം കൂടുതൽ ഐക്യത്തോടും ഒരുമയോടും പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു സിബിസിഐ ലെയ്റ്റി കൗൺസിൽ ഓർമപ്പെടുത്തി. ലെയ്റ്റി കൗൺസിൽ ചെയർമാൻ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കൗൺസിൽ അംഗങ്ങളായ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ്പ് ഡോ. യൂജിൻ ജോസഫ്, സെക്രട്ടറി ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

More Archives >>

Page 1 of 492