India - 2025
വിശുദ്ധ ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധ പദവിയുടെ എട്ടാമത് വാർഷികം നാളെ
പ്രവാചകശബ്ദം 22-11-2022 - Tuesday
മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വിശുദ്ധ പദവിയുടെ എട്ടാമത് വാർഷികം നാളെ മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ ആഘോഷിക്കും. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപാപ്പയാണ് ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറിനും ഏഴിനും 11നും വെകുന്നേരം 4.30നും വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർത്ഥനയും നടക്കും. വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിലേക്ക് സിഎംഐ തിരുവനന്തപുരം പ്രോവിൻസിന്റെ കീഴിലുള്ള വിവിധ സ്കൂളുകളിലെ നാലായിരത്തിലികം വിദ്യാർത്ഥികളും അധ്യാപകരും തീർത്ഥാടനം നടത്തും. 10.30ന് ചാവറ തീർത്ഥാടനം ആശ്രമ ദേവാലയത്തിൽ എത്തിച്ചേരും.
തുടർന്ന് സിഎംഐ സഭയുടെ സ്ഥാപക പിതാക്കന്മാരായ വിശുദ്ധ ചാവറയച്ചന്റെയും പോരൂക്കര തോമാ മൽപാന്റെയും പാലയ്ക്കൽ തോമാ മൽപാന്റെയും കണിയാന്ത യാക്കോബ് സഹോദരന്റെയും സ്മരണാർഥം മാന്നാനം ആശ്രമ ദേവാലയാങ്കണത്തിൽ നിർമ്മിച്ചിരിക്കുന്ന സ്മൃതിമണ്ഡപത്തിന്റെ വെഞ്ചരിപ്പു കർമ്മം സിഎംഐ സഭാ പ്രിയോർ ജനറൽ റവ.ഡോ. തോമസ് ചാത്തംപറമ്പിൽ നിർവഹിക്കും. 11ന് വിശുദ്ധ കുർബാനയിൽ റവ.ഡോ. തോമസ് ചാത്തംപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. സിഎംഐ സഭ ജനറൽ കൗൺസിലേഴ്സും തിരുവനന്തപുരം പ്രോവിൻസിന്റെ പ്രോവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ എന്നിവർ സഹകാർമികരായിരിക്കും. വൈകുന്നേരം 4.30നുള്ള വിശുദ്ധകുർബാനയ്ക്കു ശേഷം ജപമാല പ്രദക്ഷിണം നടത്തും.