India - 2024

സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം: കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി

പ്രവാചകശബ്ദം 23-11-2022 - Wednesday

കൊച്ചി: ജീവനും വാസസ്ഥലവും ഉപജീവനമാർഗവും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനു തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി (കെആർഎൽസിബിസി) ആവശ്യപ്പെട്ടു. കഴിഞ്ഞ നാലു മാസമായി മത്സ്യത്തൊഴിലാളികൾ ഉയർത്തിയിട്ടുള്ള ആവശ്യങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. കേരള റീജൺ ലാറ്റിൻ കാത്തലിക് കൗണ്‍സിലിന്റെ (കെആർഎൽസിസി) ആഭിമുഖ്യത്തിൽ ഡിസംബർ നാലിനു ലത്തീൻ കത്തോലിക്ക ദിനമായി ആചരിക്കുന്നതിനു മുന്നോടിയായി തയാറാക്കിയ ലേഖനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആശങ്കയിൽ കഴിയുന്ന ജനസമൂഹങ്ങളുടെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും മനസിലാക്കി പരിഹരിച്ചാണ് സർക്കാരുകൾ മുന്നോട്ടു പോകേണ്ടതെന്നും സമിതി ചൂണ്ടിക്കാട്ടി.

കെആർഎൽസിബിസി അധ്യക്ഷൻ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വിൻസന്റ് സാമുവൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ എന്നിവർ ചേർന്നാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. അടുത്ത ഞായറാഴ്ച കേരളത്തിലെ എല്ലാ ലത്തീൻ ഇടവക ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ലേഖനം വായിക്കും. ഡിസംബർ നാലിനു ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ (സിഎസ്എസ്) രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളത്ത് ലത്തീൻ കത്തോലിക്കാദിന സംഗമം നടക്കും. അന്നേദിവസം എല്ലാ ഇടവകകളിലും കെആർഎൽസിസി പതാക ഉയർത്തും. 11 ന് രൂപതകളിൽ ലത്തീൻ കത്തോലിക്കാദിന സംഗമങ്ങൾ നടത്തും.


Related Articles »