India - 2025
ക്രൈസ്തവ വിശ്വാസ സാക്ഷ്യങ്ങളും പരിശീലനവും ശക്തിപ്പെടണം: സംയുക്ത ദൈവശാസ്ത്ര സമിതി
പ്രവാചകശബ്ദം 14-12-2022 - Wednesday
കോട്ടയം: വിശ്വാസ പ്രതിസന്ധികൾ ശക്തിപ്പെടുന്ന കാലത്തു ക്രൈസ്തവ വിശ്വാസ സാക്ഷ്യങ്ങളും പരിശീലനവും ശക്തിപ്പെടണമെന്നു കത്തോലിക്കാസഭയുടെയും മലങ്കര യാക്കോബായ സുറിയാനിസഭയുടെയും സഭൈക്യ ചർച്ചകൾക്കായുള്ള ഔദ്യോഗിക ദൈവശാസ്ത്ര സമിതി വിലയിരുത്തി. അതിനായി സംയുക്തമായി പഠനങ്ങൾ നടത്താനും മാർഗനിർദശങ്ങൾക്കു രൂപം നല്കാനും സമിതിയുടെ കോട്ടയത്ത് സ്പിരിച്വാലിറ്റി സെന്ററിൽ നടന്ന സമ്മേളനം തീരുമാനിച്ചു. ക്രൈസ്തവ സ്ഥാപനങ്ങളിൽ കോളജുകളിലും ആശുപത്രികളിലും വിശ്വാസപരിചര ണം നല്കുന്നതിനു സഭകൾ പരസ്പരം സൗകര്യം ഒരുക്കാനും സഭകൾ തമ്മിലുള്ള ബന്ധത്തെ അധികരിച്ച് ബോധനം നല്കാനും സമ്മേളനം തീരുമാനിച്ചു.
ക്രിസ്തുവിജ്ഞാനീയത്തിലും സഭാന്തര വിവാഹത്തിലും പള്ളികളും പ്രത്യേക സാഹചര്യത്തിൽ സെമിത്തേരികളും പങ്കുവയ്ക്കുന്നതിലും ഉണ്ടാക്കിയ ധാരണകളും പത്രോസിന്റെ പ്രഥമസ്ഥാനീയതയെ സംബന്ധിച്ചും പൊതുസാക്ഷ്യത്തെ സംബന്ധിച്ചും നടത്തിയ പൊതുപ്രസ്താവനകളും വിലയിരുത്തിയ സമ്മേളനത്തിൽ വത്തിക്കാന്റെ സഭൈക്യത്തിനായുള്ള കാര്യാലയത്തിന്റെ സെക്രട്ടറി ആർച്ച്ബിഷപ് ബ്രയൻ ഫാരലും മലങ്കര യാക്കോബായ സുറിയാനി സഭയുടെ കുറിയാക്കോസ് മാർ തിയോഫിലസ് മെത്രാപ്പോലീത്തയും അധ്യക്ഷത വഹിച്ചു. റവ. ഡോ. അദ്ദായി യാക്കോബ് കോർ എപ്പിസ്കോപ്പ, റവ. ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പിൽ, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ, റവ. ഡോ. കുറിയാക്കോസ് മൂലയിൽ കോർ എപ്പിസ്കോപ്പ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, റവ. ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പിൽ, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ, റവ. ഡോ. സേവ്യർ കൂടപ്പുഴ, റവ. ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ, റവ. ഡോ. ഹിയാസിന്ദ് ഡസ്റ്റേവില്ലേ എന്നിവർ കത്തോലിക്കാസഭയെ പ്രതിനിധീകരിച്ചും, ഡോ. മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ തിമോ ത്തിയോസ് മെത്രാപ്പോലീത്ത, റവ. ഡോ. അദ്ദായി യാക്കോബ് കോർ എപ്പാപ്പ, റവ. ഡോ. കുറിയാക്കോസ് മൂലയിൽ കോർ എപ്പാപ്പ, ഫാ. ഷിബു ചെറിയാൻ, ഫാ. ദാനിയേൽ തട്ടാറയിൽ, ഡോ. പ്രിൻസ് പൗലോസ്, ഡോ. കുറിയാക്കോസ് കൊള്ളന്നു ർ, ഫാ. ബിജു മത്തായി പാറേക്കാട്ടിൽ, ഡോ. അനീഷ് കെ. റോയി എന്നിവർ മലങ്കര യാക്കോബായ സുറിയാനി സഭയെ പ്രതിനിധീകരിച്ചും സമ്മേളനത്തിൽ പങ്കെടുത്തു.