India - 2024

യുവജനങ്ങൾ വിദേശങ്ങളിലേക്ക് അനിയന്ത്രിതമായി കുടിയേറുന്നതില്‍ ആശങ്ക: മലങ്കര കത്തോലിക്ക സഭ

പ്രവാചകശബ്ദം 04-03-2023 - Saturday

തിരുവനന്തപുരം: ജോലിക്കും പഠനത്തിനുമായി യുവജനങ്ങൾ വിദേശങ്ങളിലേക്ക് അനിയന്ത്രിതമായി കുടിയേറുന്നതു വഴിയായി കേരളത്തിലെ സാമൂഹിക വ്യവസ്ഥിതിയുടെ സന്തുലിതാവസ്ഥ തകരുന്നതായി മലങ്കര കത്തോലിക്കാ സഭാ സൂനഹദോസ് ചൂണ്ടിക്കാട്ടി. നാട്ടിൽ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടണമെന്ന് സൂനഹദോസ് ആവശ്യപ്പെട്ടു. ഫെബ്രുവരി 27 മുതൽ തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ് സെന്ററിൽ നടന്ന സൂനഹദോസ് ഇന്നലെ സമാപിച്ചു. മേജർ ആർച്ചു ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.

ബഫർ സോൺ വിഷയത്തിൽ മലയോര മേഖലയിൽ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ആശങ്കകൾ ശാശ്വതമായി പരിഹരിക്കണമെന്നു സുന്നഹദോസ് ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ സൂനഹദോസ് ഉത്കണ്ഠ രേഖപ്പെടുത്തി. മതപരിവർത്തന നിയമം സംബന്ധിച്ചു സുപ്രിം കോടതി സംസ്ഥാന ഗവൺമെന്റുകളുടെ അഭിപ്രായം ചോദിച്ച വിഷയത്തിൽ സത്വരമായി ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് മാർ ക്ലീമിസ് ബാവ മുഖ്യമന്ത്രിക്കു കത്ത് നൽകി. മതപരിവർത്തന നിയമം സംബന്ധിച്ചു സുപ്രീം കോടതി സംസ്ഥാന ഗവൺമെന്റുകളുടെ അഭിപ്രായം ചോദിച്ച വിഷയത്തിൽ സത്വരമായി ഇടപെടലുകൾ നടത്തണമെന്നാ വശ്യപ്പെട്ടുകൊണ്ട് മാർ ക്ലീമിസ് ബാവ മുഖ്യമന്ത്രിക്കു കത്ത് നൽകി.

ലഹരിയുടെ അമിതമായ ഉപയോഗം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ജനവാസ മേഖലകളിലൂടെ പ്ലാൻ ചെയ്യുന്ന ഗ്രീൻഫീൽഡ് ഹൈവേയുടെ അലൈൻമെന്റ് മാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സൂനഹദോസ് ആവശ്യപ്പെട്ടു.

സുന്നഹദോസ് സെക്രട്ടറി ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, വിൻസന്റ് മാർ പൗലോസ്, സാമുവൽ മാർ ഐറേനിയോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, തോമസ് മാർ അന്തോണിയോസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ തിയഡോഷ്യ സ്, ഗീവർഗീസ് മാർ മക്കാറിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, എബ്രഹാം മാർ ജൂലിയോസ്, ആന്റണി മാർ സിൽവാനോസ്, മാത്യൂസ് മാർ പോളിക്കാർപ്പോസ് എന്നിവർ സൂനഹദോസില്‍ സംബന്ധിച്ചു.


Related Articles »