News - 2025

വിശുദ്ധ നാട്ടിലെ ക്രൈസ്തവ വിരുദ്ധത തുടര്‍ക്കഥ; ജെറുസലേമിലെ അന്ത്യത്താഴത്തിന് വേദിയായ മുറിക്ക് നേരെ കല്ലേറ്

പ്രവാചകശബ്ദം 19-06-2023 - Monday

സീയോന്‍: ജെറുസലേമിലെ സീയോൻ മലമുകളിൽ കര്‍ത്താവിന്റെ അന്ത്യ അത്താഴത്തിന് വേദിയായ അന്ത്യത്താഴ മുറിക്കു നേരെ കല്ലേറ് നടന്നു. ചിത്രങ്ങളുള്ള ഒരു ജനാല അക്രമത്തിൽ തകർന്നു. വ്യാഴാഴ്ച നടന്ന സംഭവത്തിൽ കുറ്റവാളി എന്ന് സംശയിക്കുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മജിസ്ട്രേറ്റ് കോടതി അയാളെ വിട്ടയച്ചു. ജെറുസലേമിൽ ക്രൈസ്തവരെ ലക്ഷ്യംവെച്ച് നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളുടെ ഒടുവിലത്തെ സംഭവമാണ് വ്യാഴാഴ്ച നടന്നത്. വ്യാപക പ്രതിഷേധമാണ് സംഭവത്തില്‍ ഉയരുന്നത്. ക്രൈസ്തവരുടെ ലക്ഷ്യം യഹൂദരെ മതം മാറ്റുകയാണെന്നു ആരോപിച്ച് ഒരു ഭാഗം വരുന്ന തീവ്ര യഹൂദ വിശ്വാസികൾ അടുത്തിടെ ജെറുസലേമിൽ ഒരു റാലിയും സംഘടിപ്പിച്ചിരുന്നു.

ഇതിനു പിന്നാലെ ക്രിസ്ത്യന്‍ പുരോഹിതർക്ക് നേരെ തുപ്പുന്നത് അടക്കമുള്ള നിരവധി അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇൻകമിംഗ് ടൂർ ഓപ്പറേറ്റർസ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ യോസി ഫട്ടാൽ ഇതിനെ തുടർന്ന് ജെറുസലേമിലെ മേയർ മോശേ ലയണിന് വിഷയത്തിൽ ഇടപെടൽ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. സെഫാർഡിഗ് യഹൂദ വിഭാഗത്തിന്റെ ജെറുസലേമിലെ റബ്ബി ഷ്ലോമോ അമാറും ക്രൈസ്തവരെ ലക്ഷ്യംവെച്ച് നടക്കുന്ന അക്രമങ്ങളെ രൂക്ഷമായ ഭാഷയിൽ അപലപിച്ചിരുന്നു. സമീപകാലത്തായി വിശുദ്ധ നാട്ടില്‍ ക്രൈസ്തവര്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ തീവ്ര യഹൂദ നിലപാടുള്ളവരില്‍ നിന്ന്‍ ആക്രമണം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുണ്ടായിരിന്നു.

More Archives >>

Page 1 of 854