News - 2025

കത്തോലിക്ക വിശ്വാസത്തെ അവഹേളിക്കുന്ന പ്രസ്ഥാനത്തെ ആദരിച്ചു; കുരിശും ജപമാലയുമായി അമേരിക്കയിലെ വിശ്വാസി സമൂഹം തെരുവില്‍

പ്രവാചകശബ്ദം 19-06-2023 - Monday

ലോസ് ആഞ്ചലസ്: കത്തോലിക്ക സഭയിലെ സന്യാസിനികൾ ധരിക്കുന്നതിന് സദൃശ്യമായ വസ്ത്രം ധരിച്ച് കത്തോലിക്ക വിശ്വാസത്തെ അവഹേളിക്കുന്ന എൽജിബിടി ആശയങ്ങളുള്ള 'സിസ്റ്റേഴ്സ് ഓഫ് പെർപ്പെച്വൽ ഇൻഡൾജൻസ്' എന്ന പ്രസ്ഥാനത്തിലെ അംഗങ്ങളെ ആദരിക്കാൻ തീരുമാനമെടുത്ത ലോസ് ആഞ്ചലസ് ഡോഡ്ജേഴ്സ് എന്ന ബേസ്ബോൾ ടീമിനെതിരെ പ്രാർത്ഥന പ്രതിഷേധവുമായി ആയിരക്കണക്കിന് വരുന്ന കത്തോലിക്ക വിശ്വാസികൾ. ജൂൺ പതിനാറാം തീയതി വെള്ളിയാഴ്ച, ലോസ് ആഞ്ചലസിലെ ഡോഡ്ജർ സ്റ്റേഡിയത്തിന് സമീപം നടന്ന പ്രതിഷേധ പരിപാടിയിലും പ്രാർത്ഥന കൂട്ടായ്മയിലും പങ്കെടുക്കാൻ എത്തിയവർ "കത്തോലിക്കാ വിരുദ്ധത അവസാനിപ്പിക്കുക" എന്നതടങ്ങിയ വാചകങ്ങൾ ഉള്‍പ്പെടെയുള്ള പ്ലക്കാർഡുകള്‍ കൈകളിൽ വഹിച്ചിരുന്നു.

ചടങ്ങ് നടന്ന സമയത്ത് വളരെ കുറച്ച് ആളുകൾ മാത്രമാണ് സ്റ്റേഡിയത്തിനുള്ളിൽ ഉണ്ടായിരുന്നത്. അതേസമയം നിരവധി വിശ്വാസികളാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കാൻ പുറത്ത് തടിച്ചുകൂടിയത്. യേശുവിനെയും, കത്തോലിക്ക വിശ്വാസികളെയും അപമാനിക്കുന്ന ഒരു വിഭാഗത്തെ ആദരിക്കുന്നത് തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ലോസ് ആഞ്ചലസ് അതിരൂപതാ ആർച്ച് ബിഷപ്പ് ഹോസേ ഗോമസ് ഇതിന് ഒരു ദിവസം മുമ്പ് നൽകിയ സന്ദേശത്തിൽ പറഞ്ഞിരുന്നു.

മതസ്വാതന്ത്ര്യവും, മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നതും അമേരിക്കയുടെ മുഖമുദ്രയാണെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ്, ദൈവത്തെ അപമാനിക്കുന്നത് വലിയ തെറ്റാണെന്നും കൂട്ടിച്ചേർത്തു. അവഹേളിക്കുന്നവരോട് ക്ഷമിക്കണമെന്നും, പീഡിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നുമാണ് യേശു കൽപ്പിച്ചിരിക്കുന്നതെന്ന് ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു. കത്തോലിക്ക സഭ ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മ്മികതയെ അവഹേളിച്ചും ക്രിസ്തീയ പ്രതീകങ്ങള്‍ പൈശാചികമായ വിധത്തില്‍ അവതരിപ്പിച്ചും തെരുവ് പ്രകടനം നടത്തുന്ന സംഘടനയാണ് ഓർഡർ ഓഫ് പെർപെച്വൽ ഇൻഡൾജൻസ്. സ്റ്റേഡിയത്തിൽ നടന്ന വിശ്വാസ നിന്ദപരമായ പ്രവർത്തിക്ക് പാപപരിഹാരമായി തിരുഹൃദയത്തിന്റെ ലുത്തിനിയ ചൊല്ലാൻ അമേരിക്കയിലെ മെത്രാൻ സമിതി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. വിശുദ്ധ കുർബാനയ്ക്കുശേഷം വിശ്വാസികളോടൊപ്പം ആർച്ച് ബിഷപ്പ് ഹോസേ ഗോമസ് തിരുഹൃദയത്തിന്റെ ലുത്തിനിയ ചൊല്ലി.

More Archives >>

Page 1 of 854