News - 2025
നിക്കരാഗ്വേയിൽ തടവില്‍ കഴിയുന്ന മെത്രാനെ മോചിപ്പിക്കണമെന്ന് ഇന്റർ-അമേരിക്കൻ കോടതി
പ്രവാചകശബ്ദം 02-07-2023 - Sunday
വാഷിംഗ്ടണ്‍ ഡി.സി: വ്യാജ കുറ്റാരോപണങ്ങളെ തുടര്‍ന്നു 26 വർഷം തടവുശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിക്കരാഗ്വേ മെത്രാൻ റോളാണ്ടോ അൽവാരെസിനെ ജയിൽ മോചിതനാക്കണമെന്ന് ഇന്റർ-അമേരിക്കൻ മനുഷ്യാവകാശ കോടതി. ഡാനിയേൽ ഒർട്ടേഗയുടെ ഭരണകൂടത്തെ നിശിതമായി വിമർശിക്കുന്ന ബിഷപ്പിനെ 2022 ആഗസ്റ്റ് 19-ന് ഏതാനും വൈദികർക്കും സെമിനാരിക്കാർക്കുമൊപ്പം വീട്ടുതടങ്കലിലാക്കുകയായിരിന്നു. പിന്നാലേ രാജ്യത്തിന്റെ അഖണ്ഡത തകർക്കുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് ഡിസംബർ 13നാണ് അറസ്റ്റു ചെയ്തത്.
തടവറയിലെ അവസ്ഥയും അപകട സാധ്യതകളും കണക്കിലെടുത്താണ് കോടതി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. താല്‍ക്കാലിക നടപടിയെന്നോണമാണ് കോടതിയുടെ ഈ ഇടപെടൽ. നേരത്തെ സർക്കാർ വിമതരോ സർക്കാരിനെ വിമർശിക്കുന്നവരോ ആണെന്ന ആരോപണത്തിന്മേൽ അമേരിക്കയിലേക്ക് ഉടൻ നാടുവിട്ടുപോകണമെന്ന ഉത്തരവ് ലഭിച്ച വൈദികരും വൈദികാർത്ഥികളും ഉൾപ്പെടെ 222 പേർക്കൊപ്പം വിമാനത്തിൽ കയറാൻ ബിഷപ്പ് വിസമ്മതിച്ചിരിന്നു. അതിനെ തുടർന്നാണ് അറസ്റ്റും കോടതി വിധിയും ഉണ്ടായത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിക്കരാഗ്വേയിലെ വത്തിക്കാന്‍ അംബാസഡറായിരുന്ന വാള്‍ഡമാര്‍ സോമ്മാര്‍ടാഗ് ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതയെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യത്തു നിന്നും പുറത്താക്കിയ നടപടിയെ വത്തിക്കാന്‍ അപലപിച്ചിരുന്നു. നീതീകരിക്കുവാന്‍ കഴിയാത്ത ഏകപക്ഷീയമായ തീരുമാനം എന്നാണ് വത്തിക്കാന്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്. സര്‍ക്കാരിന്റെ വിമര്‍ശകനായിരുന്ന ബിഷപ്പ് സില്‍വിയോ ബയേസ് സര്‍ക്കാരിന്റെ വധഭീഷണിയെത്തുടര്‍ന്ന്‍ അമേരിക്കയില്‍ പ്രവാസിയായി തുടരുകയാണ്.