News

പോർച്ചുഗലിലെ ലോക യുവജന സംഗമത്തിന് ഇനി ഒരു മാസം: ശ്രദ്ധേയമായ വിവരങ്ങള്‍ പങ്കുവെച്ച് സംഘാടകര്‍

പ്രവാചകശബ്ദം 03-07-2023 - Monday

ലിസ്ബണ്‍: പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ അടുത്തമാസം ലോക യുവജന സംഗമത്തിന് തുടക്കമാകുവാനിരിക്കെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. 6 ലക്ഷത്തോളം ആളുകളാണ് ഇതിനോടകം യുവജന സംഗമത്തിൽ പങ്കുചേരാനായി രജിസ്ട്രേഷൻ നടത്തിയത്. 30 ലക്ഷത്തോളം ഭക്ഷണപ്പൊതികൾക്ക് അധികൃതര്‍ ഓർഡർ നൽകി. 10,000 തിരുവസ്ത്രങ്ങൾ തയ്യാറാക്കുന്നതും തകൃതിയായി നടക്കുന്നുണ്ട്. ഇതുവരെ 7000 കുടുംബങ്ങളാണ് യുവജന സംഗമത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് തങ്ങളുടെ വീടുകളിൽ താമസിക്കാൻ സൗകര്യം ഒരുക്കാമെന്ന് അറിയിച്ചിരിക്കുന്നത്.

ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ആറാം തീയതി വരെ ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യത്തിൽ നടക്കുന്ന ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ വേണ്ടി 6,63,000 ആളുകൾ രജിസ്ട്രേഷന് തുടക്കമിട്ടിട്ടുണ്ടെന്നാണ് കണക്ക്. 151 രാജ്യങ്ങളിൽ നിന്നുള്ള 313,000 ആളുകൾ അവരുടെ രജിസ്ട്രേഷൻ പൂർത്തീകരിച്ചു കഴിഞ്ഞു. രജിസ്ട്രേഷൻ പൂർത്തീകരിച്ചവരുടെ പട്ടികയിൽ ഏറ്റവും മുന്നിൽ വരുന്നത് സ്പെയിൻ ആണ്. 58531 ആളുകളാണ് സ്പെയിനിൽ നിന്ന് ഇതിനോടകം രജിസ്ട്രേഷൻ പൂർത്തീകരിച്ചത്. ഇതിന് പിന്നാലെ ഇറ്റലിയില്‍ നിന്നു 53,803 ആളുകളാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. 14435 പേരാണ് അമേരിക്കയിൽ നിന്നും ഇതുവരെ രജിസ്ട്രേഷന്റെ കടമ്പ കടന്നിരിക്കുന്നത്.

രജിസ്ട്രേഷൻ പൂർത്തീകരിച്ചവരിൽ 70% ആളുകളും താമസസൗകര്യവും ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകൾ കൂടാതെ, യുവജന സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് താമസം ഒരുക്കാനായി സ്കൂളുകളും, സ്പോർട്സ് ക്ലബ്ബുകളും ഉൾപ്പെടെ 470,000 കേന്ദ്രങ്ങളും അധികൃതർ ക്രമീകരണം നടത്തിയിട്ടുണ്ട്. 32000ന് മുകളിൽ ആളുകളാണ് യുവജന സംഗമത്തിന്റെ വോളണ്ടിയർമാറാകാൻ രജിസ്ട്രേഷൻ നടത്തിയത്. ഇതിൽ 22282 പേർ രജിസ്ട്രേഷൻ പൂർത്തിയാക്കി. വോളണ്ടിയർമാരായി രജിസ്ട്രേഷൻ നടത്തുന്നവരിൽ ഡോക്ടർമാരും, നേഴ്സുമാരും ഉൾപ്പെടെയുള്ളവരുണ്ട്. ഇവരുടെ സേവനം യുവജന സംഗമ ദിവസങ്ങളിലുടനീളം ലഭ്യമാകും.

ലിസ്ബണിലെ ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ വേണ്ടി 698 മെത്രാന്മാരും, 29 കർദ്ദിനാളുമാരും രജിസ്ട്രേഷൻ പൂർത്തീകരിച്ചു കഴിഞ്ഞു. ഓഗസ്റ്റ് ഒന്നാം തീയതി മുതൽ നാലാം തീയതി വരെ യുവജന സംഗമ വേദിയിൽ റികൺസിലിയേഷൻ പാർക്ക് എന്നറിയപ്പെടുന്ന സ്ഥലത്ത് ആളുകൾക്ക് കുമ്പസാരിക്കാൻ 150 കുമ്പസാരക്കൂടുകളും അധികൃതർ തയ്യാറാക്കുന്നുണ്ട്. കുമ്പസാരം കേൾക്കാനായി 2600 വൈദികരാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. പോർച്ചുഗീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് ഇറ്റാലിയൻ എന്നീ 5 ഭാഷകളിൽ കുമ്പസാരത്തിനു അവസരമുണ്ട്. ലോക യുവജന സംഗമം ജനങ്ങളിൽ എത്തിക്കാൻ അനുമതി തേടി 2069 മാധ്യമങ്ങളാണ് അധികൃതരെ ഇതുവരെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്.

Tag: One month until World Youth Day, a look at the numbers, Catholic News, World Youth Day 2023 in Lisbon Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 858