News

ലോകത്തിലെ വിശ്വാസ പ്രതിസന്ധിയെ നേരിടാൻ അഞ്ച് മാർഗ്ഗങ്ങൾ പങ്കുവെച്ച് കർദ്ദിനാൾ സാറ

പ്രവാചകശബ്ദം 03-07-2023 - Monday

മെക്സിക്കോ സിറ്റി: ലോകത്തിലെ വിശ്വാസ പ്രതിസന്ധിയെ നേരിടാൻ അഞ്ച് മാർഗ്ഗങ്ങൾ പങ്കുവെച്ച് ദൈവാരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ റോബർട്ട് സാറ. ജൂൺ 26ന് മെക്സിക്കോ സിറ്റിയിലെ ലാ സാലെ സർവ്വകലാശാലയിൽ "പ്രതിസന്ധി നേരിടുന്ന ഒരു ലോകത്തിൽ സത്യത്തിന്റെ സാക്ഷികൾ" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിയപ്പോഴാണ് ആഴമേറിയ ചിന്തകള്‍ അദ്ദേഹം പങ്കുവെച്ചത്. ഇന്ന് സഭയ്ക്കു അകത്തും പുറത്തും, ക്രിസ്തുവിന്റെ വ്യക്തിത്വത്തെക്കുറിച്ചും അവൻ കൊണ്ടുവന്ന രക്ഷയെക്കുറിച്ചുമുള്ള ഉപദേശപരവും ധാർമ്മികവുമായ പ്രബോധനങ്ങളില്‍ വളരെയധികം ആശയക്കുഴപ്പവും അവ്യക്തതയും അനിശ്ചിതത്വവുമുണ്ടെന്നു കർദ്ദിനാൾ ഊന്നിപ്പറഞ്ഞു.

ദൈവവചനം, പ്രാർത്ഥന, ആന്തരിക ജീവിതം, നിശബ്ദത, ആന്തരിക പോരാട്ടം എന്നിവയാണ് പ്രതിരോധ മാര്‍ഗ്ഗങ്ങളെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. യേശുവിന്റെ മരുഭൂമിയിലെ പ്രലോഭനം വിവരിക്കുന്ന മത്തായി 4:1 മുതൽ 11 വരെയുള്ള വാക്യങ്ങൾ ഉദ്ധരിച്ച്, തിന്മയ്‌ക്കെതിരെ പോരാടുന്നതിനു ദൈവവചനം കൊണ്ട് തങ്ങളെത്തന്നെ സജ്ജരാക്കുവാൻ കർദ്ദിനാൾ ആഹ്വാനം ചെയ്തു. ആത്മീയ പോരാട്ടത്തിലെ നമ്മുടെ പ്രധാന ആയുധം വചനമാണെന്നതിനാൽ നാം അത് നന്നായി അറിയണമെന്നു കർദ്ദിനാൾ സാറ ഊന്നിപ്പറഞ്ഞു.

രണ്ടാമതായി പ്രാർത്ഥന, വിശ്വാസ പ്രതിസന്ധിയെ നേരിടാൻ ഏറ്റവും ഫലവത്തായ മാര്‍ഗ്ഗമാണെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. തന്റെ ജീവിതത്തിന്റെ അവസാനത്തെ 10 വർഷങ്ങളിൽ പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് വലിയൊരു പാഠമാണ് ബെനഡിക്ട് പാപ്പ നമുക്ക് നൽകിയതെന്നു അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രാർത്ഥിക്കുന്നതോ കുർബാനയ്ക്ക് പോകുന്നതോ കുമ്പസാരത്തിന് പോകുന്നതോ അവസാനിപ്പിക്കരുതെന്നു കർദ്ദിനാൾ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. നാം ഈ ദിവ്യദാനങ്ങൾ അടിയന്തിരമായി പുനർവിനിയോഗിക്കേണ്ടതുണ്ടെന്നും പ്രാർത്ഥന, ധ്യാനം, നിശബ്ദതയിൽ ദൈവവുമായുള്ള സംഭാഷണം എന്നിവ നടത്തുവാനും കർദ്ദിനാൾ ആഹ്വാനം ചെയ്തു.

മൂന്നാമതായി ആന്തരിക ജീവിതം കണക്കിലെടുത്താല്‍ പരിസ്ഥിതിയെ പരിപാലിക്കുമെന്നും പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും അവകാശപ്പെടുന്ന ഗർഭഛിദ്രം, ദയാവധം, സ്വവർഗരതി എന്നിവ പ്രോത്സാഹിപ്പിക്കുന്ന മനുഷ്യനെതിരെ സൃഷ്ടി യുദ്ധത്തിലാണെന്ന സത്യം നാം മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലാമതായി വിശ്വാസ പ്രതിസന്ധിയെ നേരിടാന്‍ നിശബ്ദത ആയുധമാക്കേണ്ടതുണ്ട്. നിശ്ശബ്ദതയിൽ, നാം നമ്മുടെ ഹൃദയങ്ങള്‍ ദൈവസന്നിധിയിലേക്ക് പ്രവേശിക്കുന്നു. നിശബ്ദതയിൽ, എല്ലാ ശബ്ദങ്ങളും, ആശങ്കകളും കുരിശുമായി ബന്ധപ്പെടുത്തുമ്പോള്‍, അവിടെ സുവിശേഷത്തിന്റെ വെളിച്ചം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അവിടെ, നാം എല്ലാം ദൈവത്തിന് സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“നമ്മുടെ നോട്ടം കുരിശിൽ ഉറപ്പിച്ചുകൊണ്ട് മനസ്സിനെയും ഹൃദയത്തെയും വിധേയമാക്കേണ്ടത് ഇന്ന് അത്യന്താപേക്ഷിതമാണ്, ആധുനിക മനുഷ്യൻ ദൈവത്തിനെതിരെയും മനുഷ്യനെതിരെയും ഒരു യുദ്ധം ആരംഭിച്ചു കഴിഞ്ഞു : ഒരു പൈശാചിക യുദ്ധം. അതുകൊണ്ടാണ് തിന്മയ്‌ക്കെതിരായ ആത്മീയ പോരാട്ടം ക്രിസ്തീയ ജീവിതത്തിന്റെ ഭാഗമാകുന്നത്. പ്രകൃതിയെ സംരക്ഷിക്കാൻ പോരാടുകയും അതേ സമയം തന്നെ ദാമ്പത്യത്തെയും ജീവനെയും നശിപ്പിക്കുകയും പുരുഷനോ സ്ത്രീയോ എന്ന നിലയിലുള്ള അവനവന്റെ സ്വത്വത്തെ അംഗീകരിക്കാൻ വിസമ്മതിക്കുകയുമാണ് മനുഷ്യന്‍ ചെയ്യുന്നതെന്ന് സാറ ചൂണ്ടിക്കാട്ടി.

"ദൈവം നമ്മെ സൃഷ്ടിച്ചത് പുരുഷനോ സ്ത്രീയോയായിട്ടാണ്, എന്നാല്‍ ഇന്ന് നമ്മൾ പറയുന്നത് സ്ത്രീയോ പുരുഷനോ ആകണമെന്ന് സ്വയം തീരുമാനിക്കാമെന്നാണ്. പാശ്ചാത്യർ ദൈവത്തെ മറന്നു, അവര്‍ ക്ഷണികമായ ആനന്ദം മാത്രം തേടുന്നു. ഇത് ഓരോ ദിവസവും വ്യക്തികളെ കൂടുതൽ ഒറ്റപ്പെടുത്തുകയും വലിയ അസ്തിത്വ ശൂന്യതയിലേക്കു നയിക്കുകയുമാണ്. അഞ്ചാമതായി ആന്തരിക പോരാട്ടം ഏറെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെയും എന്നത്തെയും പോരാട്ടം ഹൃദയത്തിലാണ് നടക്കുന്നത്, വിശുദ്ധ പൗലോസ് പറയുന്നത് പോലെ, ദുഷ്ടാത്മാക്കൾക്കെതിരെയാണ് പോരാട്ടം. ഏതു വിധേനയും നാശവും ദൈവത്തിൽ നിന്നുള്ള അകൽച്ചയും ഉറപ്പാക്കാനാണ് പിശാചുക്കൾ ശ്രമിക്കുന്നതെന്നും കർദ്ദിനാൾ സാറ ചൂണ്ടിക്കാട്ടി.

More Archives >>

Page 1 of 858