News - 2025

തടവിലും ക്രിസ്തു ഞങ്ങളുടെ ഒപ്പമുണ്ടായിരിന്നു; ഹെയ്തിയിൽ ആയുധധാരികളുടെ തടങ്കലില്‍ നിന്നും രക്ഷപ്പെട്ട അമേരിക്കൻ നേഴ്സ്

പ്രവാചകശബ്ദം 19-08-2023 - Saturday

പോര്‍ട്ട് ഓ പ്രിന്‍സ്: തടവിൽ കഴിഞ്ഞ നാളുകളിൽ ക്രിസ്തു, പ്രത്യാശ പകര്‍ന്നു തങ്ങളുടെ ഒപ്പമുണ്ടായിരിന്നുവെന്നു മോചനം ലഭിച്ച അമേരിക്കൻ സ്വദേശിനിയായ നേഴ്സ് അലിക്സ് ഡോർസേയിൻവില്ലിന്റെ വെളിപ്പെടുത്തൽ. എൽ റോയ് ഹെയ്തി ക്രിസ്ത്യന്‍ എജ്യൂക്കേഷൻ മിനിസ്ട്രി ക്യാമ്പസിൽ നിന്നും ജൂലൈ ഇരുപത്തിയേഴാം തീയതിയാണ് ആയുധധാരികൾ അലക്സിനെയും, മകളെയും തട്ടിക്കൊണ്ടു പോകുന്നത്. ഈ സമയത്ത് അലിക്സ് അവിടെ ഇഷ്ടികകൊണ്ട് ഉണ്ടാക്കിയ ചെറിയ ക്ലിനിക്കിൽ രോഗികളെ ശുശ്രൂഷിക്കുകയായിരുന്നു. രണ്ടാഴ്ചയാണ് അവർ തടവിൽ കഴിഞ്ഞത്.

തടങ്കലില്‍ യേശു തങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നും, തങ്ങളുടെ സംഭവകഥ വിവരിക്കുമ്പോൾ യേശുവിന്റെ നാമം മഹത്വപ്പെടണമെന്നാണ് ഇപ്പോൾ തന്റെ പ്രാർത്ഥനയെന്നും അവർ പറഞ്ഞു. 'സീ എ വിക്ടറി' എന്ന പേരിലുള്ള ക്രൈസ്തവ സ്തുതി ഗീതം തടവിൽ കഴിഞ്ഞിരുന്ന സമയത്ത് ആശ്വാസം പകര്‍ന്നിരിന്നുവെന്നും അലിക്സ് വെളിപ്പെടുത്തി. അമ്മയും, മകളും സുരക്ഷിതരാണെന്നും, ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും മിനിസ്ട്രി അറിയിച്ചിട്ടുണ്ട്.

തടവിലായിരുന്ന സമയത്തും അതിനുശേഷവും ലഭിക്കുന്ന പ്രാർത്ഥനക്കും, പിന്തുണയ്ക്കും അലിക്സ് ഡോർസേയിൻവില്ല് എൽ റോയ് ഹെയ്തിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ നന്ദി അറിയിച്ചു. അലിക്സും, ഭർത്താവ് സാദ്രോ ഡോർസേയിൻവില്ലും കൂടി ആരംഭിച്ചതാണ് എൽ റോയ് ഹെയ്തി. ഹെയ്തി സർക്കാരിന്റെ കൂടെ സഹായത്തോടെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റാണ് ഇവരുടെ മോചനം സാധ്യമാക്കിയത്. 2021ൽ പ്രസിഡന്റ് ആയിരുന്ന ജോവെനൽ മോയിസ് കൊല്ലപ്പെട്ടതിനു ശേഷം തട്ടിക്കൊണ്ടു പോകലുകളും, അക്രമങ്ങളും ഹെയ്തിയിൽ നിത്യസംഭവമായി മാറിയിരിക്കുകയാണ്.

More Archives >>

Page 1 of 873