News - 2025
'ലൗദാത്തോ സീ' ചാക്രിക ലേഖനത്തിന്റെ രണ്ടാം ഭാഗം ഒക്ടോബർ നാലിനു പ്രകാശനം ചെയ്യും
പ്രവാചകശബ്ദം 31-08-2023 - Thursday
റോം: പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്ന 2015ൽ ഫ്രാൻസിസ് മാർപാപ്പ പ്രസിദ്ധീകരിച്ച “ലൗദാത്തോ സീ” എന്ന ചാക്രിക ലേഖനത്തിന്റെ രണ്ടാം ഭാഗം ഒക്ടോബർ നാലിനു പ്രകാശനം ചെയ്യും. ലൗദാത്തോ സീയുടെ രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുമെന്ന് ഓഗസ്റ്റ് 21ന് മാർപാപ്പ പ്രഖ്യാപിച്ചിരുന്നു. പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള മനുഷ്യവംശത്തിന്റെ ചുമതലയാണ് ചാക്രിക ലേഖനത്തിന്റെ ഉള്ളടക്കം. സൃഷ്ടിയുടെ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രാർത്ഥനാദിനമായ സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന 'സൃഷ്ടിയുടെ കാലഘട്ടം' ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമായ ഒക്ടോബർ നാലിനാണ് അവസാനിക്കുന്നത്. അന്നേ ദിവസമാണ് ചാക്രിക ലേഖനത്തിന്റെ രണ്ടാം ഭാഗവും പുറത്തുവരികയെന്നതും ശ്രദ്ധേയമാണ്.
സ്രഷ്ടാവിൽ നിന്നും നാം സമ്മാനമായി സ്വീകരിച്ച സൃഷ്ടിയെ സംരക്ഷിക്കുവാനുള്ള പ്രതിബദ്ധതയിൽ നമ്മുടെ ക്രിസ്ത്യൻ സഹോദരീ സഹോദരന്മാരോടൊപ്പം അണിചേരാം എന്ന ആഹ്വാനം ഇന്നലെ മുപ്പതാം തീയതി വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽവെച്ചു പാപ്പ നൽകിയിരിന്നു. പാരിസ്ഥിതിക, കാലാവസ്ഥ അനീതികളുടെ ഇരകളായവർക്കൊപ്പം നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലോകമഹായുദ്ധമെന്ന പോലെ പൊതുഭവനത്തിനെതിരായ വിവേകശൂന്യമായ യുദ്ധം അവസാനിപ്പിക്കുവാൻ നാം ചേർന്നു നിൽക്കണം. ആ പരിശ്രമങ്ങളുടെ വിജയത്തിനായി പ്രാർത്ഥിക്കുവാനും പ്രവർത്തിക്കുവാനും എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് പാപ്പ തന്റെ വാക്കുകൾ ചുരുക്കിയത്.