News - 2025
ജീവിത പാതയിൽ നാം ഒറ്റയ്ക്കല്ല, ക്രിസ്തു നമ്മോടൊപ്പമുണ്ട്: ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 29-08-2023 - Tuesday
വത്തിക്കാന്‍ സിറ്റി: നമ്മുടെ ബലഹീനതകളെ സ്വീകരിക്കുന്ന, നമ്മുടെ പ്രയത്നങ്ങളിൽ പങ്കുചേരുന്ന, ദുർബ്ബലമായ തോളിൽ സുദൃഢവും മൃദുലവുമായ കരം വയ്ക്കുന്ന, ചാരെ നടക്കുന്ന യേശുവിനെ നമുക്ക് നോക്കാമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച വത്തിക്കാനില്‍ ത്രികാല ജപ പ്രാര്‍ത്ഥനയോട് അനുബന്ധിച്ച് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ക്രിസ്തു മനുഷ്യനായിത്തീർന്നുകൊണ്ട്, നമ്മുടെ യാത്രയിലെ സന്തോഷങ്ങളും പ്രയാസങ്ങളും പങ്കുപറ്റാൻ വന്നു. ക്രിസ്തീയ ജീവിതത്തിൻറെ ശൃംഗം വളരെ ഉയർന്നതും പാത വളരെ കുത്തനെയുള്ളതുമാണെന്ന് ചിലപ്പോൾ തോന്നിയാൽ നാം നിരുത്സാഹപ്പെടരുത്. നാം എപ്പോഴും യേശുവിനെ നോക്കുക; നമ്മുടെ ബലഹീനതകളെ സ്വീകരിക്കുന്ന, നമ്മുടെ പ്രയത്നങ്ങളിൽ പങ്കുചേരുന്ന അവിടുന്ന് നമ്മോടു ഒപ്പമുണ്ടെന്ന് പാപ്പ ആവര്‍ത്തിച്ചു.
യേശു ജീവിച്ചിരിക്കുന്നു: നമുക്ക് ഇത് ഓർമ്മിക്കാം, യേശു ജീവിച്ചിരിക്കുന്നു, യേശു സഭയിൽ ജീവിക്കുന്നു, അവിടന്ന് ലോകത്തിൽ ജീവിക്കുന്നു, നമുക്ക് തുണയേകുന്നു, യേശു നമ്മുടെ ചാരെയുണ്ട്, അവിടന്ന് നമുക്ക് തൻറെ വചനം നല്കുന്നു, നമ്മുടെ യാത്രയിൽ വെളിച്ചം പകരുകയും നവോർജ്ജം പകരുകയും ചെയ്യുന്ന തൻറെ കൃപ അവിടന്ന് നമുക്ക് പ്രദാനം ചെയ്യുന്നു. "നീ ക്രിസ്തുവാണ്, നീ ജീവനുള്ള ദൈവത്തിൻറെ പുത്രനാണ്" എന്ന്‍ പത്രോസ് പറയുന്നു. അവൻ ഭൂതകാലത്തിലെ ഒരു കഥാപാത്രമല്ല, മറിച്ച് ക്രിസ്തുവാണ്, അതായത്, മിശിഹാ; പരേതനായ ഒരു വീരപുരുഷനല്ല, മറിച്ച് ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണ്, മനുഷ്യനായിത്തീർന്നുകൊണ്ട്, നമ്മുടെ യാത്രയിലെ സന്തോഷങ്ങളും പ്രയാസങ്ങളും പങ്കുപറ്റാൻ വന്നു.
യേശു നിന്നോട് ചോദിക്കുന്നു - ഞാൻ ആരാണെന്നാണ് നീ പറയുന്നത്? ഇങ്ങനെ നമ്മോട് ചോദിക്കുന്ന യേശുവിൻറെ സ്വരം നാം കേൾക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ: യേശു എനിക്ക് ആരാണ്? അതോ എനിക്ക് ഒറ്റയ്ക്ക് എത്താൻ കഴിയാത്ത വിശുദ്ധിയുടെ കൊടുമുടിയിലേക്ക് എന്നെ കൊണ്ടുപോകാൻ എന്റെ ചാരെ നടക്കുന്ന പുത്രനായ ദൈവമാണോ? യേശു യഥാർത്ഥത്തിൽ എന്റെ ജീവിതത്തിൽ സജീവനാണോ, യേശു എന്നോടൊപ്പം ജീവിക്കുന്നുണ്ടോ? അവിടുന്ന് എന്റെ കർത്താവാണോ? പ്രയാസകരമായ സമയങ്ങളിൽ ഞാൻ അവിടുന്നിൽ ആശ്രയിക്കുന്നുണ്ടോ? വചനത്തിലൂടെയും കൂദാശകളിലൂടെയും ഞാൻ അവിടത്തെ സാന്നിധ്യം വളർത്തിയെടുക്കുന്നുണ്ടോ? സമൂഹത്തിലെ എന്റെ സഹോദരീ സഹോദരന്മാരോടൊപ്പം അവിടുന്നിനാൽ നയിക്കപ്പെടാൻ ഞാൻ എന്നെ അനുവദിക്കുന്നുണ്ടോ? യാത്രയുടെ അമ്മയായ മറിയം, തൻറെ മകൻ ജീവിച്ചിരിക്കുന്നുവെന്നും നമ്മുടെ അരികിൽ ഉണ്ടെന്നും അനുഭവിച്ചറിയാൻ നമ്മെ സഹായിക്കട്ടെ എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.