News - 2025
യേശുവുമായി പാത പങ്കിടാം: അര്‍ജന്റീനയില്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്ന് രണ്ടായിരത്തോളം പ്രൈമറി വിദ്യാര്‍ത്ഥികള്‍
പ്രവാചകശബ്ദം 28-08-2023 - Monday
ബ്യൂണസ് അയേഴ്സ്: 'യേശുവുമായി പാത പങ്കിടാം' എന്ന മുദ്രാവാക്യവുമായി പതിവ് തെറ്റിക്കാതെ അര്‍ജന്റീനയിലെ സാന്‍ ഇസിദ്രോ രൂപതയില്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് വിവിധ കത്തോലിക്ക സ്കൂളുകളില്‍ നിന്നുള്ള രണ്ടായിരത്തോളം കുഞ്ഞുങ്ങള്‍. സാന്‍ ഇസിദ്രോ രൂപത മെത്രാന്റെ കീഴിലുള്ള റീജിയണല്‍ ബോര്‍ഡ് ഓഫ് കാത്തലിക് എജ്യൂക്കേഷനാണ് പരിപാടി സംഘടിപ്പിച്ചത്. രൂപത സഹായ മെത്രാന്‍ ഗ്വില്ലര്‍മോ കാരിഡ് മുഖ്യ കാര്‍മ്മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയില്‍, രൂപതയിലെ മുപ്പത്തിയാറോളം സ്കൂളുകളില്‍ നിന്നുള്ള കുട്ടികളെ അനുഗമിച്ചിരുന്ന വൈദികരും പങ്കെടുത്തു.
ബ്യൂണസ് അയേഴ്സിലെ ഫ്ലോറിഡ പട്ടണത്തിലെ സെന്‍റ് തെരേസ സ്കൂളില്‍ നിന്നുള്ള കുഞ്ഞുങ്ങള്‍ കിന്റര്‍ഗാര്‍ട്ടനിലെ തങ്ങളുടെ ആദ്യ ദിനങ്ങള്‍ മുതല്‍ ഇതുവരെ എത്തിയത് പ്രമേയമാക്കിയ അവതരണം നടത്തി. തങ്ങള്‍ യേശുവിനോടൊപ്പം പങ്കുവെച്ച പാതയുടെ പ്രതീകമായി ഓരോ സ്കൂളിലേയും കുട്ടികള്‍ തങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തിയ കാല്‍പ്പാദങ്ങളുടെ രേഖാചിത്രവും അള്‍ത്താരയില്‍ സമര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ യേശു തന്റെ അനുയായികള്‍ക്കൊപ്പം എമ്മാവൂസിലേക്ക് നടത്തിയ യാത്രയേക്കുറിച്ചും, നമ്മുടെ പാതയില്‍ കര്‍ത്താവ് നമ്മളെ അനുഗമിക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും മെത്രാന്‍ വിവരിച്ചു.
സെക്കന്‍ററി എജ്യൂക്കേഷനിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുവാന്‍ പോകുന്ന പുതിയ ഘട്ടത്തിലേക്ക് കൂടി നീളുന്ന ഒരു വാഗ്ദാനമാണ് നമ്മുടെ പാതയിലെ ക്രിസ്തുവിന്റെ സാന്നിധ്യമെന്ന്‍ ചൂണ്ടിക്കാട്ടിയ മെത്രാന്‍, പ്രൈമറി കാലഘട്ടത്തില്‍ ക്രിസ്തു അനുഗമിച്ചതുപോലെ പുതിയ മാറ്റത്തിലും ക്രിസ്തു ഒപ്പമുണ്ടാകുമെന്ന ഉറപ്പും കുട്ടികള്‍ക്ക് നല്‍കി. വിശുദ്ധ കുര്‍ബാനക്ക് ശേഷം ഐക്യത്തിന്റേയും, നമ്മുടെ ഓരോ ചുവടുവെപ്പിലെ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റേയും പ്രതീകമായി പരിപാടിയുടെ മുദ്രാവാക്യം ആലേഖനം ചെയ്ത ബാന്‍ഡ് കുട്ടികള്‍ക്ക് നല്‍കി. ക്രിസ്തു വിശ്വാസത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുക, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ത്തുക എന്നിവയാണ് വര്‍ഷം തോറും ക്രമീകരിക്കുന്ന ഈ പരിപാടിക്കു പിന്നിലെ ലക്ഷ്യങ്ങള്‍.