News - 2025
യുക്രൈന് ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സഹായവുമായി വീണ്ടും പേപ്പല്‍ ചാരിറ്റി
പ്രവാചകശബ്ദം 31-08-2023 - Thursday
വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ കൊടിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യുക്രൈന് വീണ്ടും ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സഹായവുമായി ഫ്രാൻസിസ് പാപ്പ. ഫ്രാൻസിസ് പാപ്പയുടെ പേപ്പല്‍ ചാരിറ്റിയുടെ മുഖ്യ ചുമതല വഹിക്കുന്ന കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്സ്കിയാണ് പുതുതായി നല്‍കുന്ന സഹായത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്.
കൊറിയൻ കമ്പനി വത്തിക്കാനിലേക്ക് കൈമാറിയ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുന്ന ചരക്ക് യുക്രൈന് കൈമാറുമെന്ന് കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്സ്കി അറിയിച്ചു. 300,000 പോഷക സമൃദ്ധമായ ഭക്ഷ്യവസ്തുക്കള്‍ യുദ്ധം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങൾക്കിടയിൽ വിതരണം ചെയ്യും. റോമിലെ സാന്താ സോഫിയയിലെ ഗ്രീക്ക് - കത്തോലിക്ക ഇടവകയുടെ സമുച്ചയത്തിൽ എത്തിച്ച വസ്തുക്കള്‍ പിന്നീട് യുക്രൈനിലേക്ക് കൊണ്ടുപോകും. സഹായ വിതരണം നടത്താന്‍ 30 പേർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
യുക്രൈനിലേക്കുള്ള അടുത്ത യാത്രകളിൽ ഭക്ഷ്യവസ്തുക്കള്‍ മാത്രമല്ല, മറ്റ് സംഘടനകളുടെ സഹായത്തോടെ നിർമ്മിച്ച വിധവകൾക്കും കുട്ടികളുള്ള അമ്മമാർക്കുമായി ലിവിവിൽ വലിയ ഭവന സമുച്ചയം ഉദ്ഘാടനം ചെയ്യുമെന്നും കർദ്ദിനാൾ ക്രജേവ്സ്കി വ്യക്തമാക്കി. യുക്രൈന്‍ നേരിടുന്ന യുദ്ധത്തിന്റെ കൊടിയ ഞെരുക്കങ്ങളില്‍ ഫ്രാൻസിസ് മാർപാപ്പ നിരവധി തവണ ഉത്കണ്ഠ പ്രകടിപ്പിച്ചിരിന്നു. ഭക്ഷ്യവസ്തുക്കളും അവശ്യ സാധനങ്ങളും തെർമൽ ഉടുപ്പുകളും ജനറേറ്ററുകളും ഉള്‍പ്പെടെ വത്തിക്കാന്‍ നേരത്തെയും സഹായമെത്തിച്ചിരിന്നു.