News

ഭരണകൂടം വേട്ടയാടുന്ന നിക്കരാഗ്വേ ക്രൈസ്തവര്‍ക്ക് സഹായ പ്രഖ്യാപനവുമായി ഹംഗറി

പ്രവാചകശബ്ദം 01-09-2023 - Friday

ബുഡാപെസ്റ്റ്: നിക്കരാഗ്വേന്‍ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തിന്റെ കീഴില്‍ പൊറുതിമുട്ടിയിരിക്കുന്ന നിക്കരാഗ്വേയിലെ ക്രിസ്ത്യാനികള്‍ക്ക് സഹായവുമായി യൂറോപ്യന്‍ രാജ്യമായ ഹംഗറി. ഇന്നലെ വ്യാഴാഴ്ചയാണ് ഹംഗറി വിദേശകാര്യ മന്ത്രി പീറ്റര്‍ സിജാര്‍ട്ടോ ഇക്കാര്യം പ്രഖ്യാപിച്ചത്. നിക്കരാഗ്വേയിലെ ക്രിസ്ത്യാനികള്‍ സമീപകാലങ്ങളില്‍ അനുഭവിച്ച കഷ്ടതകള്‍ കണക്കിലെടുത്ത് ഹംഗറി അവരെ സഹായിക്കുമെന്നു സിജാര്‍ട്ടോ ഉറപ്പ് നല്‍കി. നിക്കരാഗ്വേന്‍ സര്‍ക്കാര്‍ രാജ്യത്തെ ജെസ്യൂട്ട് സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും, രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ സര്‍വ്വകലാശാല അടച്ചിടുകയും ചെയ്ത വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ, താന്‍ വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി റിച്ചാര്‍ഡ് ഗല്ലാഘര്‍ മെത്രാപ്പോലീത്തയുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നും സിജാര്‍ട്ടോ വെളിപ്പെടുത്തി.

അടച്ചിട്ട സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ നല്‍കുവാനും, കഷ്ടതകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ജെസ്യൂട്ട് വൈദികരെ സഹായിക്കുവാനും ഹംഗറി തയ്യാറാണെന്ന് മെത്രാപ്പോലീത്തയോട് പറഞ്ഞിട്ടുണ്ടെന്നും സിജാര്‍ട്ടോ പറഞ്ഞു. നിക്കരാഗ്വേ ഭരണകൂടം രാജ്യത്തെ കത്തോലിക്കാ സമൂഹത്തിനെതിരെ കൈകൊണ്ടിരിക്കുന്ന നടപടികള്‍ ഉടന്‍തന്നെ അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട സിജാര്‍ട്ടോ, ഐക്യരാഷ്ട്രസഭയുടെ വരാനിരിക്കുന്ന ജനറല്‍ അസംബ്ലിയോട് അനുബന്ധിച്ച് താന്‍ നിക്കരാഗ്വേന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ശക്തമായ ഇടപെടല്‍ നടത്തുന്ന നടത്തുന്ന രാജ്യമാണ് ഹംഗറിയിലെ വിക്ടര്‍ ഓര്‍ബന്‍ ഭരണകൂടം. സിറിയ, ഇറാഖ്, ലെബനോന്‍ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലെ ക്രൈസ്തവരുടെ നിലനില്‍പ്പിന് വേണ്ടി ഓര്‍ബന്‍ ഭരണകൂടം വലിയ രീതിയില്‍ സഹായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അതേസമയം നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തില്‍ കത്തോലിക്ക സഭയുടെ മേല്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ സമീപകാലത്തായി ശക്തമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഹംഗറിയുടെ ഇടപെടല്‍ ക്രൈസ്തവ സമൂഹത്തിന് വലിയ ആശ്വാസം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജനാധിപത്യത്തെ പിന്തുണക്കുന്ന സഭാനിലപാടാണ് കത്തോലിക്കാ സഭയെ ഒര്‍ട്ടേഗയുടെ ശത്രുവാക്കിയത്. മതഗല്‍പ്പ രൂപതാധ്യക്ഷനും, എസ്തേലി അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായ മോണ്‍. റോളണ്ടോ അല്‍വാരെസിനെ 26 വര്‍ഷവും, 4 മാസവും ശിക്ഷ വിധിച്ച് ജയിലിലാക്കിയതിനു പുറമേ, അപ്പസ്തോലിക പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മാര്‍ടാഗിനേയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സമൂഹം ഉള്‍പ്പെടെ വിവിധ സന്യാസ സമൂഹങ്ങളിലെ കന്യാസ്ത്രീകളെയും രാജ്യത്തു നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. നിക്കാരാഗ്വേയിലെ 66 ലക്ഷം വരുന്ന ജനസംഖ്യയുടെ 58.5 ശതമാനവും കത്തോലിക്കരാണ്.

More Archives >>

Page 1 of 878