News - 2025
അമേരിക്കയിൽ വിശുദ്ധ യൂദാതദേവൂസിന്റെ ദേശീയ തിരുശേഷിപ്പ് പ്രയാണം സെപ്റ്റംബർ 9 മുതല്‍
പ്രവാചകശബ്ദം 02-09-2023 - Saturday
ന്യൂയോര്‍ക്ക്: വിശുദ്ധ യൂദാതദേവൂസിന്റെ തിരുശേഷിപ്പുമായുളള പ്രയാണം അമേരിക്കയിൽ ഈ മാസം ആരംഭിക്കും. 9 മാസമായിരിക്കും രാജ്യത്ത് തിരുശേഷിപ്പുമായുള്ള പ്രയാണം നടക്കുകയെന്ന് 'ട്രഷേർസ് ഓഫ് ദ ചർച്ച്' എന്ന മിനിസ്ട്രിയുടെ അധ്യക്ഷൻ ഫാ. കാർലോസ് മാർട്ടിൻസ് ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്വർക്കിനോട് വ്യക്തമാക്കി.
ചിക്കാഗോയിലെ സെന്റ് ജോൺ കന്തിയൂസ് ദേവാലയത്തിൽ നിന്നും സെപ്റ്റംബർ ഒന്‍പതാം തീയതിയാണ് തിരുശേഷിപ്പ് പ്രയാണം ആരംഭിക്കുക. 2024 മെയ് മാസം വരെ വിവിധ ദേവാലയങ്ങളിലൂടെയും, വിദ്യാലയങ്ങളിലൂടെയും, ജയിലുകളിലൂടെയും തിരുശേഷിപ്പ് പ്രയാണം നടക്കും. ഇത് ആദ്യമായിട്ടാണ് ഇറ്റലിക്ക് പുറത്തേക്ക് വിശുദ്ധ യൂദാതദേവൂസിന്റെ കൈയുടെ തിരുശേഷിപ്പ് കൊണ്ടുപോകുന്നത്. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധന്റെ മാധ്യസ്ഥ സഹായം തേടാനും പ്രാര്‍ത്ഥിക്കാനും വിശ്വാസികൾക്ക് അവസരം ലഭിക്കും.
അപ്പസ്തോലനായിരുന്ന യൂദാതദേവൂസ് ക്രിസ്തുവിന്റെ മരണത്തിനും, ഉയിർപ്പിനും ശേഷം ബെയ്റൂട്ടിൽ വച്ച് രക്തസാക്ഷിത്വം വരിച്ചുവെന്നാണ് ചരിത്രം. വിശുദ്ധന്റെ ശരീരം പിന്നീട് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് കൊണ്ടുവന്നുവെന്ന് ചരിത്ര രേഖകൾ പറയുന്നു. യൂദായുടെ കൈകൾ പിന്നീട് ഒരു പേടകത്തിലേക്ക് മാറ്റുകയായിരുന്നു. ശിമയോൻ ശ്ലീഹായും യൂദാ ശ്ലീഹായും ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചു എന്നുള്ള ചരിത്ര പാരമ്പര്യത്തെ മുന്‍നിര്‍ത്തി ഒക്ടോബര്‍ 28നാണ് ഇരുവരുടെയും തിരുനാള്‍ സഭ കൊണ്ടാടുന്നത്.