News

വിശ്വാസത്തില്‍ നിന്ന് അകന്ന ബുര്‍ക്കിനാ ക്രൈസ്തവര്‍ മതപീഡനത്തിനിടയില്‍ ദേവാലയങ്ങളിലേക്ക് തിരികെ എത്തുന്നു: വെളിപ്പെടുത്തലുമായി വൈദികന്‍

പ്രവാചകശബ്ദം 06-09-2023 - Wednesday

ഔഗാഡൗഗു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാഫാസോയില്‍ സമാധാനം നിലനില്‍ക്കുമ്പോള്‍ വിശ്വാസത്തില്‍ നിന്നും അകന്നു പോയ ക്രൈസ്തവര്‍ കടുത്ത മതപീഡനത്തിനിടയിലും സഭയിലേക്ക് തിരികെ എത്തുന്നുവെന്ന് കത്തോലിക്ക വൈദികന്‍. മിഷ്ണറി ബ്രദേഴ്സ് ഓഫ് കണ്‍ട്രി സൈഡ് (എഫ്.എം.സി) സന്യാസ സമൂഹത്തിന്റെ പ്രിയോര്‍ ജനറലായ ഫാ. പിയറെ റൗവാംബയാണ് ക്രിസ്തു വിശ്വാസം ത്യജിച്ചവര്‍ മതപീഡനത്തിനിടയിലും തിരുസഭയിലേക്ക് തിരികെ എത്തുന്നതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചത്. രാജ്യത്ത് പ്രതിസന്ധി ഉടലെടുക്കുന്നതിന് മുന്‍പ് ഒരുപരിധി വരെ വിശ്വാസ ജീവിതം ഉപേക്ഷിച്ചിരുന്ന ക്രൈസ്തവര്‍, ഇപ്പോള്‍ തീവ്രവാദികള്‍ ക്രിസ്ത്യാനികളെ ഇല്ലാതാക്കുവാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ദേവാലയങ്ങളിലേക്ക് തിരികെ എത്തുന്നത് ശ്രദ്ധേയമായ യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

2023-ലെ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട് പ്രകാരം 13 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ബുര്‍ക്കിനാഫാസോ. തീവ്രവാദികള്‍ ക്രൈസ്തവരെ ദേവാലയത്തില്‍ ഒരുമിച്ച് കൂടുന്നത് തടഞ്ഞുകൊണ്ടിരിക്കുമ്പോള്‍, വൈദികര്‍ ഇല്ലാതെ തന്നെ വിശ്വാസികള്‍ ഭവനങ്ങളില്‍ ഒത്തുകൂടി മതബോധന ക്ലാസ്സുകളും ഒരുമിച്ചുള്ള പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുകയും ചെയ്യുകയാണെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ന് നല്‍കിയ അഭിമുഖത്തില്‍ ഫാ. റൗവാംബ പറഞ്ഞു.

‘രക്തസാക്ഷികളുടെ നിണമാണ് ക്രിസ്ത്യാനികളുടെ വിത്തുകള്‍’ എന്ന് പറഞ്ഞ ഫാ. റൗവാംബ, കിഴക്കന്‍ മേഖലയിലെ കോമ്പിയങ്ങ പ്രൊവിന്‍സ് തീവ്രവാദികളാകുന്ന അഗ്നിയാല്‍ വെന്തുരുകുകയാണെങ്കിലും കൗദാശിക ജീവിതവും മതബോധനവും മുടക്കമില്ലാതെ തുടരുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അല്‍ക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ തീവ്രവാദി സംഘടനകളുടെ അനുബന്ധ ഘടകങ്ങളാണ് രാജ്യത്തിന്റെ വടക്കു - കിഴക്കന്‍ മേഖലയില്‍ തീവ്രവാദത്തിന്റെ അഗ്നി പടര്‍ത്തിയിരിക്കുന്നത്. സാധാരണക്കാരും പട്ടാളക്കാരും ഉള്‍പ്പെടെ ഏതാണ്ട് രണ്ടായിരത്തിലധികം പേര്‍ തീവ്രവാദ ആക്രമണങ്ങളെ തുടര്‍ന്നു കൊല്ലപ്പെടുകയും, ലക്ഷകണക്കിനാളുകള്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്.

ആഫ്രിക്കയില്‍ ഇസ്ലാമിക തീവ്രവാദം ഏറ്റവും അധികം ബാധിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബുര്‍ക്കിനാ ഫാസോ. ഇക്കഴിഞ്ഞ പെന്തക്കുസ്ത തിരുനാളിനോടു അനുബന്ധിച്ച് നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും, അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2019 ലെ സെൻസസ് പ്രകാരം, രാജ്യത്തെ ആകെ ജനസംഖ്യയുടെ 63.8 ശതമാനം മുസ്ലീങ്ങളും 26.2 ശതമാനം ക്രൈസ്തവ വിശ്വാസികളുമാണ്.

Tag: Christians in Burkina Faso deepening their faith malayalam, Catholic Malayalam News, Burkina Faso, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 879