News - 2025

ബൊളീവിയന്‍ കത്തോലിക്ക ദേവാലയത്തിന് മത സാംസ്കാരിക ചരിത്ര പൈതൃക പദവി

പ്രവാചകശബ്ദം 22-09-2023 - Friday

സാന്റാക്രൂസ്: ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയങ്ങളില്‍ ഒന്നായ ബൊളീവിയയിലെ സാന്‍ ലോറന്‍സോ ദേവാലയത്തിന് മത, സാംസ്കാരിക, ചരിത്ര പൈതൃക പദവി. സാന്റാക്രൂസ് നഗരത്തിന്റെ അഭിമാന സ്തംഭമായി നിലകൊള്ളുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള മെട്രോപ്പോളിറ്റന്‍ ദേവാലയമായ സാന്‍ ലോറന്‍സോ (സെന്റ്‌ ലോറന്‍സ്) മൈനര്‍ ബസിലിക്കയ്ക്കു സെപ്റ്റംബര്‍ 15-ന് കൂടിയ സാന്റാ ക്രൂസ് ഡിപ്പാര്‍ട്ട്മെന്റല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയാണ് പൈതൃക പദവി നല്‍കിയത്. നഗരത്തിന്റെ വ്യക്തിമുദ്രയുടെ അടിസ്ഥാനമായ മതപരവും മാനുഷികവും, ധാര്‍മ്മികവുമായ മൂല്യങ്ങളെ സംരക്ഷിക്കുവാനുള്ള പ്രതിബദ്ധതയും അസംബ്ലി പ്രകടിപ്പിച്ചു. ദേവാലയത്തിന് പൈതൃക പദവി നല്‍കുവാന്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ 21 വോട്ടുകള്‍ക്കാണ് പാസ്സായത്. ചോഞ്ചോകോരായില്‍ വെച്ച് ഗവര്‍ണര്‍ ലൂയിസ് ഫെര്‍ണാണ്ടോ കാമാച്ചോ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി.

സാന്‍ ലോറന്‍സോ ദേവാലയത്തെ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചതില്‍ ദേവാലയത്തിന്റേയും, സാന്റാക്രൂസ് മെത്രാപ്പോലീത്ത മോണ്‍. റെനെ ലെയിഗു സെസാരിയുടേയും പ്രതിനിധിയും ബസിലിക്കയുടെ റെക്ടറുമായ ഫാ. ഹ്യൂഗോ അരാ ഡിപ്പാര്‍ട്ട്മെന്റല്‍ ലെജിസ്ലേറ്റീവ് അസംബ്ലിക്ക് നന്ദി അറിയിച്ചു. കത്തീഡ്രല്‍ നമ്മുടെ മാതൃ ഭവനമാണെന്ന് ഫാ. ഹ്യൂഗോ പറഞ്ഞു. ഭൂഖണ്ഡത്തിലെ എല്ലാ ദേവാലയങ്ങളിലുംവെച്ച് സവിശേഷമായ നിര്‍മ്മിതിയും ഏറ്റവും വലിയ അകത്തളവുമുള്ള സാന്‍ ലോറന്‍സോ ദേവാലയം ലാറ്റിന്‍ അമേരിക്കയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയങ്ങളില്‍ ഒന്നാണ്.

പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ പെറുവിലെ വൈസ്രോയി ആയിരുന്ന ഫ്രാന്‍സിസ്കോ അള്‍വാരെസ് ഡെ ടോളെഡോയുടെ കാലത്ത് മേഴ്സിഡാരിയന്‍ ഫ്രേ ആയിരുന്ന ഡിയാഗോ ഡെ പോറസാണ് ആദ്യ ദേവാലയം നിര്‍മ്മിച്ചത്. 1770-ല്‍ അന്നത്തെ സാന്റാക്രൂസ് ഡെ ലാ സിയറ മെത്രാനായിരുന്ന ഫ്രാന്‍സിസ്കോ റാമോണ്‍ ഹെര്‍ബോസോ ഈ ദേവാലയം പുനര്‍നിര്‍മ്മിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് പുതിയ ദേവാലയം നിര്‍മ്മിക്കുന്നത്. 1915 ഓഗസ്റ്റ് 18നു ഇന്ന്‍ കാണുന്ന ദേവാലയത്തിന്റെ കൂദാശ കര്‍മ്മം നടന്നു. 1988-ല്‍ തന്റെ ബൊളീവിയ സന്ദര്‍ശനത്തിനിടെ ദേവാലയം സന്ദര്‍ശിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ദേവാലയത്തിന് മൈനര്‍ ബസിലിക്ക പദവി നല്‍കി.

More Archives >>

Page 1 of 885