News
മാർസേയിലെ പേപ്പല്‍ ബലിയില്‍ പങ്കെടുത്തത് 60,000 വിശ്വാസികള്‍; ദ്വിദിന സന്ദർശനത്തിന് സമാപനം
പ്രവാചകശബ്ദം 24-09-2023 - Sunday
മാർസേ: തെക്കൻ ഫ്രഞ്ച് നഗരമായ മാർസേയിലെ തന്റെ ദ്വിദിന സന്ദർശനം അവസാനിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലേക്ക് മടങ്ങി. എയർപോർട്ടിൽ പാപ്പയെ യാത്രയാക്കുവാന്‍ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഭാര്യ ബ്രിജിറ്റും എത്തിയിരിന്നു. പ്രാദേശിക സമയം 7:28 ന് പുറപ്പെട്ട വിമാനം, ഒന്‍പതു മണിയോടെ റോമിലെ ഫ്യൂമിച്ചീനോ എയർപോർട്ടിൽ എത്തിച്ചേര്‍ന്നു. മാർസേ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ പാവപെട്ടവരുമായുള്ള സ്വകാര്യകൂടിക്കാഴ്ച്ചയോടെയാണ് പാപ്പയുടെ സന്ദര്‍ശന പരിപാടികള്‍ ആരംഭിച്ചത്.
ആര്‍ച്ച് ബിഷപ്പിന്റെ വസതിയിൽ നിന്നും ഏകദേശം 6.3 കിലോമീറ്ററുകൾ അകലെ സാന്ത് മൗറോന്തിലുള്ള മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ വസതിയിൽ രാവിലെ ഒന്‍പത് മണിയോടെ എത്തിച്ചേര്‍ന്ന പാപ്പ, വിവിധ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരുമായി സ്വകാര്യസംഭാഷണം നടത്തി. അരമണിക്കൂർ നീണ്ടു നിന്ന സൗഹൃദ കൂടിക്കാഴ്ചയ്ക്കു ശേഷം കടലിൽ ജീവൻ നഷ്ടപ്പെട്ടവരും, പോരാളികളുമായവർക്കുവേണ്ടി സ്മാരകശില നിർമ്മിച്ചിരിക്കുന്ന ഫരോ കൊട്ടാരത്തിലേക്ക് യാത്രയായി.
നെപ്പോളിയൻ ചക്രവർത്തിയുടെ ഭരണകാലത്ത് പണികഴിക്കപ്പെട്ട ഈ കൊട്ടാരത്തിലെ വിശാലമായ ഹാളിൽ ആരംഭിച്ച സമ്മേളനത്തിൽ ഫ്രാൻസിലെ എല്ലാ രൂപതകളിൽ നിന്നുള്ള മെത്രാന്മാരും, മെഡിറ്ററേനിയൻ മെത്രാന്മാരും,യുവജനങ്ങളും, വിവിധ സംഘടനകളെയും, രാഷ്ട്രീയപാർട്ടികളെയും പ്രതിനിധീകരിച്ചുകൊണ്ടുള്ള ആളുകളും സന്നിഹിതരായിരുന്നു. സമ്മേളന നഗരിയിലേക്ക് എത്തിയ പാപ്പായെ ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണും പ്രഥമ വനിതയും കർദ്ദിനാൾ ജാൻ മാർക് അവേലിനും ചേർന്ന് സ്വീകരിച്ചു. പിന്നീട് തന്റെ അടുത്തേക്ക് വന്ന അഭയാർത്ഥികളായ ഏതാനും കുരുന്നുകളുമായി പാപ്പാ സൗഹൃദ സംഭാഷണം നടത്തി.
സമ്മേളനത്തിലേക്ക് പാപ്പയെയും, ഫ്രഞ്ച് പ്രസിഡന്റിനേയും മറ്റു അംഗങ്ങളെയും സ്വാഗതം ചെയ്തുകൊണ്ട് കർദ്ദിനാൾ ജാൻ മാർക് അവേലിൻ സംസാരിച്ചു. വേദിയിൽ പാപ്പയോടൊപ്പം മെത്രാന്മാരും സന്നിഹിതരായിരുന്നു. അഭയാർത്ഥികളെ സ്വീകരിക്കുന്നതിലും അവരെ പരിചരിക്കുന്നതിലും മാര്‍സേ നടത്തുന്ന പരിശ്രമങ്ങളെ കർദ്ദിനാൾ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. പാപ്പായുടെ സന്ദർശനത്തിനും അദ്ദേഹം നന്ദി പറഞ്ഞു. മാര്‍സേയിലെ വെലോഡ്റോം സ്റ്റേഡിയത്തിൽ പാപ്പ അര്‍പ്പിച്ച വിശുദ്ധ കുർബാനയില്‍ അറുപതിനായിരത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബലിയര്‍പ്പണത്തില്‍ പങ്കെടുത്തിരിന്നു.