News - 2025
ഭ്രൂണഹത്യ ക്ലിനിക്കിനു സമീപം മൗന പ്രാർത്ഥന നടത്തിയതിന് അറസ്റ്റ് ചെയ്ത യുവതിയോട് മാപ്പ് ചോദിച്ച് ബ്രിട്ടീഷ് പോലീസ്
പ്രവാചകശബ്ദം 23-09-2023 - Saturday
ലണ്ടന്‍: ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം നിന്ന് പ്രാർത്ഥിച്ചുവെന്ന കുറ്റം ആരോപിച്ച് നേരത്തെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത ഇസബൽ വോഗൻ സ്പ്രൂസ് എന്ന പ്രോലൈഫ് ആക്ടിവിസ്റ്റിനോട് പോലീസ് ക്ഷമാപണം നടത്തി. മാർച്ച് 6ന്, ബർമിംഗ്ഹാമിലെ സ്റ്റേഷൻ റോഡിലെ ഗർഭഛിദ്ര ക്ലിനിക്കിന് പുറത്തുള്ള "ബഫർ സോണിൽ" പ്രാർത്ഥിച്ചതിനാണ് വോൺ-സ്പ്രൂസ് അറസ്റ്റിലായത്. പിന്നീട് ജാമ്യത്തില്‍ വിട്ടെങ്കിലും വിചാരണ തുടരുകയായിരിന്നു. കേസ് അവസാനിപ്പിക്കാൻ ഇത്രയും സമയം എടുത്തതിന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് വോൺ-സ്പ്രൂസിനോട് ക്ഷമാപണം നടത്തി. കൂടുതൽ അന്വേഷണമില്ലെന്നും തുടർനടപടികൾ സ്വീകരിക്കില്ലെന്നും അവർ കഴിഞ്ഞ ദിവസം അറിയിച്ചു.
അതേസമയം അന്വേഷണം അവസാനിപ്പിച്ചതിനും പോലീസിന്റെ ക്ഷമാപണത്തിനും വോൺ-സ്പ്രൂസ് സന്തോഷം പ്രകടിപ്പിച്ചു. ഇത് 1984 അല്ല, 2023 ആണെന്നും മനസ്സിൽ കരുതിയ ചിന്തകൾക്കായി ഒരിക്കലും അറസ്റ്റ് ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്യരുതായിരുന്നുവെന്നും നിശബ്ദ പ്രാർത്ഥന ഒരിക്കലും കുറ്റകരമല്ലായെന്നും ഇസബൽ വോഗൻ ഇന്നലെ പറഞ്ഞു. മാർച്ച് ഫോർ ലൈഫ് യുകെയുടെ ഡയറക്ടറാണ് വോഗൻ-സ്പ്രൂസ്. 20 വർഷമായി അബോർഷൻ ക്ലിനിക്കുകൾക്ക് സമീപം പ്രാര്‍ത്ഥനയുമായി നിലകൊള്ളുന്ന വോഗൻ ശക്തമായ പ്രോലൈഫ് പ്രവര്‍ത്തനമാണ് നടത്തുന്നത്.
2022 ഒക്ടോബർ 13നാണ് ബഫർ സോണിൽ കുരിശു വരയ്ക്കുന്നതും, വിശുദ്ധ ഗ്രന്ഥം വായിക്കുന്നതും അടക്കമുള്ളവ വിലക്കുന്ന പ്രൊട്ടക്ഷൻ ഓർഡർ എന്ന പേരിൽ ബോർൺമൗത്ത് കൗൺസിലിന്റെ നിരോധനം നിലവിൽ വന്നത്. ഇത് ലംഘിച്ചാൽ 113 ഡോളർ വരെ പിഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ കേസ് കോടതിയുടെ പരിഗണനയ്ക്ക് അയക്കാനും സാധ്യത നിലനില്‍ക്കുന്നു. സമാനമായ നിരോധനം ഇംഗ്ലണ്ടിലും, വെയിൽസിലും ഉടനീളം കൊണ്ടുവരാൻ യുകെയിലെ പാർലമെന്റ് അംഗങ്ങൾ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.