News - 2025

അന്ധവിശ്വാസങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ആഫ്രിക്കന്‍ ആർച്ച് ബിഷപ്പ്

പ്രവാചകശബ്ദം 23-09-2023 - Saturday

ഹുവാബോ: അന്ധവിശ്വാസങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ആഫ്രിക്കൻ രാജ്യമായ അംഗോളയിലെ ഹുവാബോ അതിരൂപതയുടെ ആർച്ച് ബിഷപ്പ് സെഫറിനോ സേക്കാ. അബദ്ധപൂർണവും പൊള്ളയുമായ വാക്കുകളിലൂടെ കത്തോലിക്ക സഭയെയും, യേശുക്രിസ്തുവിൽ ഉള്ള വിശ്വാസത്തെയും ഉപേക്ഷിച്ചു പോകാന്‍ സെക്റ്റുകളുടെ നേതാക്കന്മാരും, അംഗങ്ങളും ശ്രമിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. അതിരൂപതയിലെ ഹോളി ക്രോസ് കാൻഹേ ഇടവക സന്ദർശിക്കുന്നതിനിടയിലാണ് അദ്ദേഹം വിശ്വാസി സമൂഹത്തിന് ഈ മുന്നറിയിപ്പ് നൽകിയത്. വിശ്വാസകാര്യങ്ങളിൽ വിവേകവും, ജാഗ്രതയും ഉള്ളവരായിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

അന്ധവിശ്വാസം തള്ളിക്കളയുക. നിഗൂഢവിദ്യകളും അന്ധവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരിലും വഞ്ചിതരാകരുത്; ദൈവത്തെ സ്‌നേഹിക്കാത്തവരോടും, ദൈവത്തെ അന്വേഷിക്കുന്നതിനു പകരം മറ്റെല്ലാ കാര്യങ്ങളിലും സമയം ചെലവഴിക്കുന്നവരോടും വിവേകത്തോടെ അകന്നിരിക്കുക. അവരെ ചെറുക്കുക, യേശുക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം എത്ര വലുതാണെന്ന് അവരെ കാണിക്കുക. അന്ധവിശ്വാസവും, മന്ത്രവാദവും അഭ്യസിക്കുന്നവരാലും കത്തോലിക്ക വിശ്വാസികൾ കബളിപ്പിക്കപ്പെടാൻ പാടില്ല. ഇങ്ങനെയുള്ളവർക്ക് ഒരു വെല്ലുവിളിയാകാനും, സഭയോടുള്ള സ്നേഹം പ്രകടിപ്പിക്കാനും, വിശ്വാസികൾ തങ്ങളുടെ ക്രിസ്തീയ ജീവിതത്തിലൂടെ ശ്രമിക്കണമെന്നും ആർച്ച് ബിഷപ്പ് സെഫറിനോ കൂട്ടിച്ചേർത്തു.

അവിടുത്തെ വിളവെടുപ്പിന്റെ സേവനത്തിൽ നിങ്ങളുടെ ജീവിതം ഉദാരമായി സമർപ്പിക്കാൻ ദക്ഷിണാഫ്രിക്കൻ രാജ്യത്തിലെ ക്രിസ്ത്യാനികളോട് ബിഷപ്പ് ആഹ്വാനം ചെയ്തു. ക്രിസ്തുവിനോടുള്ള നിങ്ങളുടെ സ്നേഹവും സഭയോടുള്ള സമർപ്പണവും കണ്ട് അന്ധവിശ്വാസങ്ങളില്‍ ഏര്‍പ്പെട്ടവര്‍ അത് വെടിഞ്ഞ് നിങ്ങളിൽ ഒരാളായി മാറാൻ സഭയോടുള്ള സ്നേഹം പ്രകടമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഇടമാണ് ആഫ്രിക്ക. ഒന്നാം പ്രമാണത്തിന് വിരുദ്ധമായി നിലനില്‍ക്കുന്ന വലിയ തിന്‍മകളുടെ പശ്ചാത്തലത്തില്‍ ആർച്ച് ബിഷപ്പ് സെഫറിനോയുടെ മുന്നറിയിപ്പിന് ശക്തമായ പ്രാധാന്യമാണുള്ളത്.

More Archives >>

Page 1 of 885