News

സമാധാന നൊബേല്‍ പുരസ്കാര ജേതാവ് നര്‍ഗീസ് മൊഹമ്മദി ഇറാനി ക്രൈസ്തവരുടെ ദുരവസ്ഥ തുറന്നുക്കാട്ടിയ വ്യക്തി

പ്രവാചകശബ്ദം 07-10-2023 - Saturday

ടെഹ്റാന്‍: സമാധാനത്തിന് വേണ്ടിയുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനത്തിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നര്‍ഗീസ് മൊഹമ്മദി ആഗോള മാധ്യമങ്ങളിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറുന്നു. ഇറാനില്‍ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടിയും, സ്വാതന്ത്ര്യത്തിനും, മനുഷ്യാവകാശങ്ങള്‍ക്കും പോരാടിയതിന്റെ പേരില്‍ തടവിലാക്കപ്പെട്ട് ഇപ്പോഴും ജയിലില്‍ കഴിയുന്നതിനിടെയാണ് 2023-ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരത്തിന് ഇറാനി മനുഷ്യാവകാശ പ്രവര്‍ത്തകയായ നര്‍ഗീസ് മൊഹമ്മദിയെ ഇന്നലെ തെരഞ്ഞെടുത്തത്. ഇറാനിലെ ജയിലുകളില്‍ നടക്കുന്ന പീഡനത്തേക്കുറിച്ചും ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ നേരിടുന്ന ദുരവസ്ഥയും നര്‍ഗീസ് മൊഹമ്മദി നേരത്തെ തുറന്നുക്കാട്ടിയിട്ടുണ്ട്.

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മേരി മൊഹമ്മദി എന്ന സ്ത്രീ ഉള്‍പ്പെടെ 12 പേര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ നര്‍ഗീസ് നേരത്തെ പുസ്തകത്തിലൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരിന്നു. നര്‍ഗീസ് മൊഹമ്മദി എഴുതിയ ‘വൈറ്റ് ടോര്‍ച്ചര്‍ ഇന്‍സൈഡ് ഇറാന്‍ പ്രിസണ്‍സ്’ എന്ന പുസ്തകത്തിന്റെ ഭാഗമായിട്ടായിരുന്നു മേരി ഉള്‍പ്പെടെയുള്ള 12 പേരുടെ അഭിമുഖം. ഏകാന്ത തടവ്, നീണ്ട ചോദ്യം ചെയ്യല്‍, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തല്‍, വൈദ്യസഹായം നല്‍കാതിരിക്കല്‍ തുടങ്ങി ഭരണകൂടം പ്രയോഗിച്ചട വിവിധ തരത്തിലുള്ള പീഡനങ്ങളെ തുറന്നുകാട്ടുന്നതാണ് ഓരോ അഭിമുഖങ്ങളും.

നര്‍ഗീസിന് നോബേല്‍ പുരസ്കാരം ലഭിച്ച സാഹചര്യത്തില്‍ മേരി ഉള്‍പ്പെടെയുള്ള ഇറാനിലെ ക്രൈസ്തവ വനിതകളുടെ വെളിപ്പെടുത്തലുകളുടെ പ്രസക്തി ഏറുകയാണ്. ഇസ്ലാമില്‍ നിന്നും ക്രിസ്തു വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത മേരി മൊഹമ്മദി ഭവനകേന്ദ്രീകൃത പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്തതിന് 6 മാസം ജയിലില്‍ കഴിഞ്ഞതാണ്. 2021-ല്‍ ആദ്യം ടെഹ്‌റാനില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് മേരിക്ക് ശിക്ഷ വിധിച്ചുവെങ്കിലും പിന്നീടത് റദ്ദാക്കപ്പെട്ടു. തന്റെ മാതാപിതാക്കളേയും, ക്രിസ്തീയ വിശ്വാസത്തേയും ലക്ഷ്യമാക്കിക്കൊണ്ടുള്ള നിന്ദ അപമാനങ്ങള്‍ക്കാണ് താന്‍ ഇരയായതെന്നു മേരി, നര്‍ഗീസിനോട് വെളിപ്പെടുത്തിയിരിന്നു.

ക്രൈസ്തവ ദേവാലയത്തെ ചൂതാട്ട കേന്ദ്രമെന്ന്‍ വിശേഷിപ്പിച്ചതും, ബൈബിള്‍ വായിക്കുന്നതിനു പകരം ഖുറാന്‍ വായിക്കാന്‍ ആവശ്യപ്പെട്ടതും ഭീഷണിപ്പെടുത്തിയതും ഉദാഹരണമായി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഏകാന്ത തടവില്‍ അവര്‍ അനുഭവിച്ച കടുത്ത ശൂന്യത ഉള്‍പ്പെടെയുള്ള വിഷയങ്ങളും നര്‍ഗീസിന്റെ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇറാനിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമൂഹം നേരിടുന്ന പീഡനങ്ങളെ ലോകത്തിന് വെളിപ്പെടുത്തികൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച നര്‍ഗീസ് മൊഹമ്മദിയ്ക്കു ലഭിച്ച നൊബേല്‍ പുരസ്ക്കാരം ഏറ്റവും അര്‍ഹതപ്പെട്ട വ്യക്തിയ്ക്കാണെന്ന അഭിപ്രായം പൊതുവേയുണ്ട്. അതേസമയം കടുത്ത പീഡനങ്ങള്‍ക്കിടയിലും ഓരോ വര്‍ഷവും ഇറാനില്‍ രഹസ്യമായി ആയിരങ്ങളാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്.

More Archives >>

Page 1 of 890