News - 2024
അമേരിക്കയില്‍ ദേവാലയത്തിന് പുറത്ത് ഒരുക്കിയിരുന്ന പ്രോലൈഫ് പ്രദര്‍ശനവും ബാനറും വികൃതമാക്കി
പ്രവാചകശബ്ദം 07-10-2023 - Saturday
മിസ്സോറി: അമേരിക്കയിലെ മിസ്സോറിയിലെ സെന്റ് ലൂയീസ് ഏരിയയിലെ ഫെന്റോണിലെ സെന്റ് പോള്‍ കത്തോലിക്ക ഇടവക ദേവാലയത്തിന് പുറത്ത് ഒരുക്കിയിരുന്ന പ്രോലൈഫ് പ്രദര്‍ശനവും ബാനറും ചുവന്ന പെയിന്റടിച്ച് വികൃതമാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനക്കെത്തിയ ഇടവക വിശ്വാസികളാണ് ഇത് ആദ്യമായി കണ്ടത്. വെളുത്ത പെയിന്‍റ് അടിച്ച കുരിശുകളും തെരുവിന് അഭിമുഖമായി തൂക്കിയിരുന്ന “ഭ്രൂണഹത്യ അവസാനിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക” എന്നെഴുതിയ വെളുത്ത ബാനറുമാണ് ചുവന്ന പെയിന്റുപയോഗിച്ച് നശിപ്പിച്ചത്.
"പ്രോലൈഫ് ഒരു നുണയാണ്, ആളുകള്‍ മരിച്ചാലും നിങ്ങള്‍ കാര്യമാക്കില്ല" എന്ന് ബാനറില്‍ എഴുതി ചേര്‍ത്തിട്ടുമുണ്ട്. 'റെസ്പക്റ്റ് ലൈഫ്' മാസാചരണത്തോടനുബന്ധിച്ച് ഒക്ടോബര്‍ 1-ന് സെന്റ് പോള്‍ ദേവാലയത്തിലും അതിരൂപതയിലെ നിരവധി ദേവാലയങ്ങളിലും ഇത്തരത്തിലുള്ള പ്രോലൈഫ് പ്രദര്‍ശനങ്ങള്‍ ഒരുക്കുകയും, പ്രോലൈഫ് പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചുവെന്നും കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ലെന്നും സെന്റ് പോള്‍ ദേവാലയത്തിലെ വികാരിയായ ഫാ. ജോണ്‍ നിക്കോളായി കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
പ്രോലൈഫ് പ്രദര്‍ശനം അലംകോലമാക്കിയവരുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഭ്രൂണഹത്യയ്ക്കു വലിയ സാധ്യത തുറന്നിട്ടിരിന്ന ‘റോയ് വി. വേഡ്’ വിധി കഴിഞ്ഞ വര്‍ഷം അട്ടിമറിക്കപ്പെട്ടതിന് ശേഷം പരിമിതമായ ഒഴിവുകളോടെ സമ്പൂര്‍ണ്ണ ഭ്രൂണഹത്യ നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളിലൊന്നാണ് മിസ്സോറി. വിധി റദ്ദ് ചെയ്തതിന് ശേഷം അമേരിക്കയില്‍ കത്തോലിക്ക സഭയുടെ കെട്ടിടങ്ങള്‍ക്കും, പ്രോലൈഫ് കേന്ദ്രങ്ങള്‍ക്കുമെതിരെ നൂറിലധികം ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്.